ന്യൂഡല്‍ഹി: ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രകടന പത്രികയ്‌ക്കെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പത്രിക ധാര്‍ഷ്ട്യം നിറഞ്ഞതാണെന്നും ദീര്‍ഘദൃഷ്ടിയില്ലാത്തതാണെന്നും രാഹുല്‍ കുറ്റപ്പെടുത്തി. അടച്ചിട്ട മുറിയിലിരുന്ന് ഉണ്ടാക്കിയതാണ് പത്രികയെന്നും രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.
എന്നാല്‍ കോണ്‍ഗ്രസിന്റെ പ്രകടന പത്രിക ചര്‍ച്ചകളിലൂടെ ഉണ്ടാക്കിയതാണെന്ന് രാഹുല്‍ പറഞ്ഞു. ഇന്ത്യയിലെ ലക്ഷക്കണക്കിന് ജനങ്ങളുടെ ശബ്ദമാണതെന്നും ശക്തമായ പ്രകടനപത്രികയാണ് തങ്ങളുടേതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
Read More: ബിജെപി പ്രകടന പത്രികയിൽ ശബരിമല; വിശ്വാസത്തിന് ഭരണഘടന സംരക്ഷണം ഉറപ്പാക്കും
ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന് രണ്ട് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കുമ്പോഴാണ് ‘സങ്കല്‍പ്പിത് ഭാരത്, സശക്ത് ഭാരത്’ എന്ന പേരില്‍ 75 വാഗ്ദാനങ്ങളുമായി 45 പേജുള്ള പ്രകടന പത്രിക ബിജെപി പുറത്തിറക്കിയത്. ഇന്ത്യയുടെ 75ാം സ്വാതന്ത്ര്യ ദിനമെത്തുമ്പോഴേക്കും എല്ലാ വാഗ്ദാനങ്ങളും പാലിക്കുമെന്നാണ് ബിജെപിയുടെ ഉറപ്പ്.
‘സങ്കല്‍പ് പത്ര’ എന്ന പേരിലാണ് ബിജെപി പ്രകടന പത്രിക പുറത്തിറക്കിയിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ അടക്കമുള്ള പ്രമുഖ നേതാക്കള്‍ പ്രകടന പത്രിക പുറത്തിറക്കുന്ന ചടങ്ങില്‍ പങ്കെടുത്തു. 2014ലെ തിരഞ്ഞെടുപ്പില്‍ നടത്തിയ 550 വാഗ്ദാനങ്ങളില്‍ 520ഉം നടപ്പാക്കിയെന്നാണ് ബിജെപിയുടെ അവകാശവാദം.
Read More: ജനങ്ങളുടെ ‘മൻ കി ബാത്താ’ണ് പ്രകടന പത്രികയെന്ന് ബിജെപി; ഊതി വീർപ്പിച്ച നുണകളെന്ന് കോൺഗ്രസ്
അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണം, കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കല്‍ ഏകീകൃത സിവില്‍ കോഡ് എന്നിവയും പ്രകടന പത്രികയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
ആറുകോടി ജനങ്ങളുടെ അഭിപ്രായം അറിഞ്ഞാണ് പ്രകടന പത്രിക തയ്യാറാക്കിയതെന്ന് അമിത് ഷാ പറഞ്ഞു. ആശയവിനിമയത്തിനായി സമൂഹമാധ്യമങ്ങള്‍ ഉപയോഗിച്ചുവെന്നും അമിഷ് ഷാ അവകാശപ്പെട്ടു.