Lok Sabha Election 2019 ചെന്നൈ: റോബര്‍ട്ട് വാദ്ര മാത്രമല്ല പ്രധാനമന്ത്രി നരേന്ദ്ര മോദിയും അന്വേഷണത്തിന് വിധേയമാകണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. നിയമം എല്ലാവര്‍ക്കും ഒരുപോലെ ബാധകമാണെന്നും എല്ലാവര്‍ക്കുമെതിരെ അന്വേഷണം നടക്കണമെന്നും രാഹുല്‍ പറഞ്ഞു. ചെന്നൈയിലെ സ്റ്റെല്ല മാരിസ് കോളേജിലെ വിദ്യാര്‍ത്ഥികളോട് സംവദിക്കുമ്പോഴായിരുന്നു രാഹുല്‍ ഇക്കാര്യം പറഞ്ഞത്.
Read More: വോട്ടു കൂട്ടാൻ മോഹൻലാലിന്റെയും സിനിമാലോകത്തിന്റെയും സഹായം തേടി മോദി
റോബര്‍ട്ട് വാദ്രയുമായി ബന്ധപ്പെട്ട വിദ്യാര്‍ത്ഥിയുടെ ചോദ്യത്തിന് രാഹുല്‍ മറുപടി നല്‍കിയത് ഇങ്ങനെ: “എല്ലാ വ്യക്തികള്‍ക്കുമെതിരെ അന്വേഷണം നടത്താന്‍ സര്‍ക്കാരിന് അവകാശമുണ്ട്. നിയമം എല്ലാവര്‍ക്കും ഒരുപോലെ ബാധകമാണ്. അതില്‍ പക്ഷപാതമില്ല. റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട് ദസോള്‍ട്ട് ഏവിയേഷനോട് പ്രധാനമന്ത്രി സമാനന്തര ചര്‍ച്ചകള്‍ നടത്തിയതായി രേഖകളിലുണ്ട്. എല്ലാവര്‍ക്കുമെതിരെ അന്വേഷണം നടക്കട്ടെ. അത് വാദ്രയായാലും പ്രധാനമന്ത്രിയായാലും.”
പ്രധാനമന്ത്രിയെ നിശിതമായി വിമര്‍ശിച്ചുകൊണ്ടായിരുന്നു രാഹുല്‍ വിദ്യാര്‍ത്ഥികളുമായുള്ള സംവാദത്തില്‍ സംസാരിച്ചത്. “നിങ്ങള്‍ ചിന്തിക്കുന്ന കാര്യങ്ങളെ കുറിച്ചോ വിദ്യാഭ്യാസത്തെ കുറിച്ചോ പ്രധാനമന്ത്രിയോട് ചോദിക്കാന്‍ നിങ്ങളില്‍ എത്രപേര്‍ക്ക് അവസരം ലഭിച്ചിട്ടുണ്ട്. മൂവായിരം സ്ത്രീകള്‍ക്ക് മുന്‍പില്‍ നില്‍ക്കാനോ അവരുടെ ചോദ്യങ്ങളെ നേരിടാനോ എന്തുകൊണ്ട് മോദിക്ക് ധൈര്യമില്ലെന്നും രാഹുല്‍ സംവാദത്തിനിടെ ചോദിച്ചു.”
‘രാഹുല്‍ സര്‍’ എന്ന് വിളിച്ച് തന്നെ അഭിസംബോധന ചെയ്ത വിദ്യാര്‍ത്ഥിനിയെയും സംവാദത്തിനിടെ രാഹുല്‍ തിരുത്തി. ‘നിങ്ങള്‍ക്ക് എന്നെ രാഹുല്‍ എന്ന് വിളിച്ചു കൂടെ’ എന്നായിരുന്നു രാഹുലിന്റെ മറുചോദ്യം.
ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി തമിഴ്‌നാട്ടിലെത്തിയ രാഹുല്‍ വൈകീട്ട് കന്യാകുമാരിയില്‍ പൊതുയോഗത്തിലും പങ്കെടുക്കും.