ന്യൂഡൽഹി: ലോക്‌സഭ തിരഞ്ഞെടുപ്പിൽ നേരിട്ട കനത്ത പരാജയം വിലയിരുത്താൻ സിപിഎം പോളിറ്റ് ബ്യൂറോ യോഗം ഇന്ന്. കേരളത്തിലും പശ്ചിമ ബംഗാളിലും ത്രിപുരയിലും നേരിട്ട തിരിച്ചടി പിബി യില്‍ ചര്‍ച്ചയാകും. കേരളത്തിൽ ഒരു സീറ്റിലൊതുങ്ങിയതും ബംഗാളിലും ത്രിപുരയിലും അക്കൗണ്ട് പോലും തുറക്കാൻ പറ്റാതെപോയ സാഹചര്യവും യോഗം ചർച്ചചെയ്യും.
പതിനേഴാം ലോക്‌സഭയിലേക്ക് മൂന്ന് സീറ്റുകളിൽ മാത്രമാണ് സിപിഎമ്മിന് ജയിക്കാൻ സാധിച്ചത്. കേരളത്തിൽ നിന്ന് ഒരു സീറ്റും തമിഴ്നാട്ടി നിന്നും രണ്ട് സീറ്റിലും ജയിക്കാൻ സിപിഎമ്മിന് സാധിച്ചു. കേരളത്തിൽ ഇടത് കോട്ടകൾ എന്ന് കരുതിയിരുന്ന പല മണ്ഡലങ്ങളും യുഡിഎഫ് സ്വന്തമാക്കിയപ്പോൾ പശ്ചിമ ബംഗാളിൽ പാര്‍ട്ടി വോട്ടുകൾ ഏതാണ്ട് പൂര്‍ണമായി തന്നെ ചോര്‍ന്നുപോയി.
പശ്ചിമ ബംഗാളില്‍ സീറ്റുകളൊന്നും ലഭിച്ചില്ലെന്ന് മാത്രമല്ല, സിറ്റിങ്ങ് സീറ്റുകളിലടക്കം പാര്‍ട്ടി കോണ്‍ഗ്രസ്സിനും പിന്നാലെ നാലാമതായിരുന്നു. ത്രിപുരയിലും കോണ്‍ഗ്രസ്സിനു പിന്നാലെ മൂന്നാമതാണ് സിപിഎം. ഇരു സംസ്ഥാനത്തും പത്ത് ശതമാനത്തില്‍ താഴെയാണ് പാര്‍ട്ടി നേടിയ വോട്ട് വിഹിതം. റായ്ഗഞ്ചില്‍ മത്സരിച്ച പിബി അംഗം മുഹമ്മദ് സലീം പരാജയപെട്ടതും നാലാമതായാണ്.
തിരഞ്ഞെടുപ്പില്‍ സ്വീകരിച്ച നയം പാർട്ടി പരിശോധിക്കും.കേരളത്തിലെ പരാജയകാരണം ശബരിമല ഉൾപ്പടെയുള്ള വിഷയങ്ങളാണോ എന്നതടക്കമുള്ള കാര്യങ്ങൾ ഇന്നത്തെ പോളിറ്റ് ബ്യൂറോ ചര്‍ച്ച ചെയ്യും. കേരളത്തില്‍ ശബരിമല വിധി സ്വാധീനിച്ചോ എന്ന് പിബി വിലയിരുത്തും. സംസ്ഥാന ഘടകങ്ങള്‍ സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടിന്മേലാകും പിബി യില്‍ ചര്‍ച്ച നടക്കുക. ജൂണ്‍ ആദ്യവാരത്തിൽ സിപിഎം കേന്ദ്ര കമ്മിറ്റി യോഗവും ചേരുന്നുണ്ട്.