ന്യൂഡല്‍ഹി: ഏറെ വിവാദങ്ങള്‍ക്ക് കാരണമായ പൗരത്വ ഭേദഗതി ബില്‍ ലോക്‌സഭ പാസായി. ഏഴ് മണിക്കൂര്‍ നീണ്ട ചര്‍ച്ചയ്ക്ക് ശേഷമാണ് ബില്‍ ലോക്‌സഭ പാസാക്കിയത്. പ്രതിപക്ഷ പാര്‍ട്ടികള്‍ ബില്ലിനെ ശക്തമായി എതിര്‍ത്തു. രാത്രി ഏറെ വൈകിയുള്ള ചര്‍ച്ചകള്‍ക്ക് ശേഷം രാത്രി 12.02 നാണ് വിവാദ ബില്‍ ലോക്‌സഭ പാസാക്കിയത്.
ബില്ലിനെ അനുകൂലിച്ച് 311 പേര്‍ വോട്ട് ചെയ്തു. എതിര്‍ത്ത് വോട്ട് ചെയ്തത് 80 പേര്‍ മാത്രം. പ്രതിപക്ഷത്തിന്റെ ഭേദഗതി നിര്‍ദേശങ്ങള്‍ വോട്ടിനിട്ട് തള്ളി. ലോക്‌സഭ പാസാക്കിയ ബില്‍ ബുധനാഴ്ച രാജ്യസഭയില്‍ എത്തും. രാജ്യസഭയിലും ബില്‍ പാസാക്കാന്‍ സാധിക്കുമെന്ന വിശ്വാസത്തിലാണ് ബിജെപി സര്‍ക്കാര്‍.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണ് ലോക്‌സഭയില്‍ ബില്‍ അവതരിപ്പിച്ചത്. പ്രതിപക്ഷ ആരോപണങ്ങള്‍ക്ക് ഷാ മറുപടി പറഞ്ഞു. മതത്തിന്റെ പേരില്‍ ജനങ്ങളെ വേര്‍തിരിക്കുന്നതല്ല ബില്‍ എന്നായിരുന്നു ഷാ ലോക്‌സഭയില്‍ പറഞ്ഞത്. പൗരത്വ ഭേദഗതി ബില്‍ പാസായതില്‍ സന്തോഷമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും പറഞ്ഞു. ഒന്നാം മോദി സർക്കാരിന്റെ കാലത്ത് ലോക്‌സഭയിൽ പാസായ ബില്ലിന് വൻ പ്രതിഷേധത്തെത്തുടർന്ന് രാജ്യസഭയിൽ പാസാക്കാൻ സാധിച്ചിരുന്നില്ല. തുടർന്നാണ് വീണ്ടും ബിൽ ലോക്‌സഭയിലെത്തിയത്.
Read Also: ലോക്‌സഭയിൽ നാടകീയ രംഗങ്ങൾ; പൗരത്വ ബില്‍ കീറിയെറിഞ്ഞ് ഒവൈസി
ബില്ലിനെതിരെ ശക്തമായ പ്രതിഷേധമാണ് പ്രതിപക്ഷ പാർട്ടികൾ ലോക്‌സഭയിൽ ഉയർത്തിയത്. സഭയിൽ നാടകീയ രംഗങ്ങൾ അരങ്ങേറി. എഐഎംഐഎം എംപി അസാദുദ്ദീൻ ഒവൈസി പൗരത്വ ഭേദഗതി ബില്‍ കീറിയെറിഞ്ഞ് പ്രതിഷേധിച്ചു. രാജ്യത്ത് രണ്ടാം വിഭജനം കൊണ്ടുവരുന്നതാണ് ബില്‍ എന്ന് ഒവൈസി ആരോപിച്ചു.
മതത്തിന്റെ പേരിലുള്ള ചേരിതിരിവാണ് ബില്‍ എന്നും ഒവൈസി ആരോപിച്ചു. ബില്‍ കീറിയെറിഞ്ഞുള്ള പ്രതിഷേധത്തെ സ്‌പീക്കർ അപലപിച്ചു. സഭാ രേഖകളില്‍ നിന്ന് ഇക്കാര്യം നീക്കി കളയുമെന്നും സ്‌പീക്കർ അറിയിച്ചു. “ഇന്ത്യയെ വീണ്ടും വിഭജിക്കുന്നതാണിത്. പുതിയൊരു വിഭജനത്തിനുള്ള വഴിയാണ് ഈ ബില്ലിലൂടെ കേന്ദ്രം ഉദ്ദേശിക്കുന്നത്.” ഒവൈസി പറഞ്ഞു.
വോട്ടെടുപ്പിലൂടെയാണ് ബിൽ അവതരിപ്പിക്കാൻ അനുമതി ലഭിച്ചത്. ബിൽ അവതരണത്തെ 293 അംഗങ്ങൾ അനുകൂലിച്ചു. ബിൽ അവതരണത്തെ എതിർത്തത് 82 അംഗങ്ങൾ മാത്രം. പൗരത്വ ബിൽ ഭേദഗതിയെ എതിർക്കുമെന്ന് പറഞ്ഞ ശിവസേന ബിൽ അവതരണത്തെ അനുകൂലിച്ച് വോട്ട് ചെയ്‌തതും പ്രതിപക്ഷത്തിനിടയിൽ കല്ലുകടിയായി.