ന്യൂഡൽഹി: രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയതിനെതിരെയുള്ള പ്രതിപക്ഷ എംപിമാരുടെ പ്രതിഷേധത്തെ തുടർന്ന് പാര്‍ലമെന്‍റിന്‍റെ ഇരു സഭകളും തടസപ്പെട്ടു. സഭ ചേർന്ന് സെക്കൻഡുകൾക്കുള്ളിൽ തന്നെ പിരിയുകയായിരുന്നു. പ്രതിപക്ഷ എംപിമാര്‍ കറുത്ത വസത്രങ്ങളും കറുത്ത മാസ്കും ധരിച്ചാണ് പാര്‍ലമെന്‍റിലെത്തിയത്.
സഭ സമ്മേളിച്ചയുടൻ കോൺഗ്രസ് എംപിമാരായ ടി.എൻ.പ്രതാപൻ, ഹൈബി ഈഡൻ, എസ്. ജ്യോതി മണി, രമ്യ ഹരിദാസ് എന്നിവർ സഭയുടെ മുന്നിലേക്കെത്തി രാഹുലിനെ അയോഗ്യനാക്കിയ ലോക്സഭ സെക്രട്ടറിയേറ്റിന്‍റെ ഉത്തരവ് കീറി സ്പീക്കറുടെ ഡയസിന് മുന്നിലേക്ക് വലിച്ചെറിഞ്ഞു. എംപിമാരിൽ ചിലർ സ്പീക്കർക്ക് നേരെ കറുത്ത തുണി വീശി. ഇതോടെ സ്പീക്കര്‍ ഓം ബിർല സഭ നാലുമണിവരെ നിർത്തിവച്ചതായി അറിയിച്ചു.
എന്നാൽ കോൺഗ്രസ് എംപിമാർ പ്രതിഷേധം തുടരുകയും സ്പീക്കറുടെ ഡയസിനു മുന്നിലേക്ക് കടലാസ് കീറി എറിയുകയും ചെയ്തു. പ്രതിപക്ഷ ബാനറുകളിൽ ഒരെണ്ണം സ്പീക്കർ പോയശേഷം അദ്ദേഹത്തിന്റെ കസേരയിലേക്ക് എറിഞ്ഞു.
കോൺഗ്രസ് എംപിമാർക്കൊപ്പം, ദ്രാവിഡ മുന്നേട്ര കഴകം (ഡിഎംകെ), നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻസിപി), ഇടതുപക്ഷ പാര്‍ട്ടികള്‍ ഭാരത് രാഷ്ട്ര സമിതി (ബിആർഎസ്) എന്നിവയിലെ എംപിമാരും കറുത്ത വസ്ത്രം ധരിച്ചാണ് എത്തിയത്. തൃണമൂൽ കോൺഗ്രസ് എംപിമാർ കറുത്ത ബാൻഡ് ഉപയോഗിച്ച് വായ് മൂടിക്കെട്ടി.
സഭ നിർത്തിവച്ചതിനുശേഷം പ്രതിപക്ഷ അംഗങ്ങൾ പാർലമെന്റിനു മുന്നിലെ മഹാത്മ ഗാന്ധിയുടെ പ്രതിമയ്ക്കു മുന്നിൽ പ്രതിഷേധിച്ചു. സോണിയ ഗാന്ധിയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും പ്രതിഷേധത്തിൽ പങ്കെടുത്തു. അതിനുശേഷം അംഗങ്ങൾ വിജയ് ചൗക്കിലേക്ക് മുദ്രാവാക്യം വിളികളുമായി മാർച്ച് നടത്തി.