ന്യൂഡൽഹി: ജമ്മു കാശ്മീരിൽ പാക്കിസ്ഥാന്റെ എഫ് 16 വിമാനം വെടിവെച്ചിട്ടു എന്ന ഇന്ത്യൻ വാദം നേരത്തെ തന്നെ പാക്കിസ്ഥാൻ തള്ളിയിരുന്നു. ഇന്ത്യയുടെ തെറ്റായ വാദത്തിനെതിരെ വിമാന നിർമ്മാണ കമ്പനി നിയമനടപടിയിലേയ്ക്ക് കടക്കുകയാണെന്നും പാക്കിസ്ഥാൻ അവകാശപ്പെട്ടിരുന്നു. എന്നാൽ ഇത് പൂർണമായും നിഷേധിച്ചിരിക്കുകയാണ് വിമാന കമ്പനി.

സമൂഹമാധ്യമങ്ങളിലടക്കം പാക്കിസ്ഥാന്റെ വാദം വലിയ രീതിയിൽ ഷെയർ ചെയ്യപ്പെട്ടിരുന്നു. മുതിർന്ന ഉദ്യോഗസ്ഥരടക്കുമുള്ളവരാണ് ഇത് ട്വിറ്ററിലൂടെ പങ്കുവെച്ചത്. പാക്കിസ്ഥാൻ സെൻസർ ബോർഡ് ചെയർമാൻ ദന്യാൽ ഗിലാനിയും ഇത് ട്വീറ്റ് ചെയ്തതോടെയാണ് വിശദീകരണവുമായി കമ്പനി രംഗത്തെത്തിയത്.

ഗിലാനിയുടെ ട്വീറ്റിന് മറുപടിയായി അമേരിക്കൻ വിമാന നിർമ്മാണ കമ്പനിയായ ലോക്ക്ഹീഡ് മാർട്ടിന്റെ ഇന്ത്യൻ ഉപ വിഭാഗം കാര്യം നിഷേധിക്കുകയായിരുന്നു. “ലോക്ക്ഹീഡ് മാർട്ടിൻ അത്തരത്തിൽ ഒരു പ്രസ്താവനയും ഇറക്കിയിട്ടില്ല” എന്നായിരുന്നു കമ്പനി അധികൃതർ നൽകിയ മറുപടി.

ഇതിന് പിന്നാലെ പാക് സെൻസർ ബോർഡ് ചെയർമാൻ ട്വീറ്റ് പിൻവലിയ്ക്കുകയും സംഭവത്തിൽ ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. വെബ്സൈറ്റിൽ നിന്ന് ലഭിച്ച വിവരം പങ്കുവെയ്ക്കുക മാത്രമാണ് ചെയ്തതെന്ന് ഗിലാനിയുടെ വിശദീകരണം.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ