ലണ്ടൻ: കൊറോണ വൈറസിന്റെ വ്യാപനത്തെ മറികടക്കാൻ രാജ്യങ്ങൾക്ക് സമൂഹത്തെ ഒന്നാകെ അടച്ചുപൂട്ടാൻ സാധിക്കില്ലെന്ന് ലോകാരോഗ്യ സംഘടനയുടെ ഉന്നത അടിയന്തര വിദഗ്ധൻ. ഇതിന് ശേഷവുമുണ്ടാകുന്ന വൈറസ് വ്യാപനം ഒഴിവാക്കാൻ പൊതുജനാരോഗ്യ നടപടികൾ ആവശ്യമാണ്.

“നമ്മൾ ശരിക്കും ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് രോഗികളായവരെയും, വൈറസ് ബാധിച്ചവരെയും കണ്ടെത്തുകയും അവരെ ഐസൊലേറ്റ് ചെയ്യുകയും, പിന്നീട് അവരുമായി ബന്ധപ്പെട്ടവരെ കണ്ടെത്തുകയും അവരേയും ഐസൊലേറ്റ് ചെയ്യുകയും ചെയ്യുന്നതിലാണ്,” മൈക്ക് റയാൻ ബിബിസിയുടെ ആൻഡ്രൂ മാർ ഷോയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

Read More: കോവിഡ്-19: മരണം 14,641, രോഗം സ്ഥിരീകരിച്ചത് 337,042 പേർക്ക്

ഇപ്പോൾ ശക്തമായ പൊതുജനാരോഗ്യ നടപടികൾ കൈക്കൊള്ളുന്നില്ലെങ്കിൽ അടച്ചുപൂട്ടലുകളും ഗതാഗത നിയന്ത്രണങ്ങളുമെല്ലാം പിൻവലിക്കുന്ന സമയത്ത് അപകടകാരിയായ ഈ രോഗം വീണ്ടും തിരിച്ചുവരുമെന്നും അദ്ദേഹം പറഞ്ഞു.

യൂറോപ്പിന്റേയും അമേരിക്കയുടേയും ഭൂരിഭാഗവും ചൈനയെയും മറ്റ് ഏഷ്യൻ രാജ്യങ്ങളെയും പിന്തുടർന്ന് കൊറോണ വൈറസിനെതിരെ പോരാടുന്നതിന് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. മിക്ക ജീവനക്കാരോടും വീട്ടിലിരുന്ന് ജോലി ചെയ്യാൻ നിർദേശം നൽകി. സ്കൂളുകളും ബാറുകളും പബ്ബുകളും റസ്റ്റോറന്റുകളും അടച്ചിട്ടു.

ചൈന, സിംഗപ്പൂർ, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങൾ, സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുകയും സംശയം തോന്നുന്ന എല്ലാവരേയും പരിശോധിക്കുകയും കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്യുന്നതിലൂടെ യൂറോപ്പിന് ഒരു മാതൃക കാണിച്ചു കൊടുത്തുവെന്നും അദ്ദേഹം പറഞ്ഞു.

“വൈറസിന്റെ വ്യാപനത്തെ നിയന്ത്രിക്കാൻ നമുക്ക് സാധിച്ചാലും നമ്മൾ അതിനെ പിന്തുടരണം. അതിനെതിരായ പോരാട്ടം അവസാനിപ്പിക്കരുത്,” റയാൻ പറഞ്ഞു.

ലോകത്ത് നിലവിൽ ഏറ്റവും കൂടുതൽ വൈറസ് ബാധിച്ച രാജ്യം ഇറ്റലിയാണ്. ആളുകൾ സാമൂഹിക ഇടപെടലുകൾ ഒഴിവാക്കുന്നില്ലെങ്കിൽ ഇത് ബ്രിട്ടന്റെ ആരോഗ്യ വ്യവസ്ഥയെ തകിടം മറിക്കുമെന്ന് യുകെ പ്രധാനമന്ത്രി ബോറിസ് ജോൺസൺ മുന്നറിയിപ്പ് നൽകി.

നിരവധി വാക്സിനുകൾ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും എന്നാൽ ഒരെണ്ണം മാത്രമാണ് അമേരിക്കയിൽ പരീക്ഷണങ്ങൾ ആരംഭിച്ചതെന്നും റയാൻ പറഞ്ഞു. ബ്രിട്ടനിൽ ഒരു വാക്സിൻ ലഭ്യമാകുന്നതിന് എത്ര സമയമെടുക്കുമെന്ന ചോദ്യത്തിന് ആളുകൾ യാഥാർത്ഥ്യബോധം പുലർത്തേണ്ടതുണ്ടെന്ന് അദ്ദേഹം മറുപടി നൽകി.

Read in English

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook