ന്യൂഡല്‍ഹി: കോവിഡ് രോഗ വ്യാപനം അനുദിനം വര്‍ധിക്കുന്ന രാജ്യ തലസ്ഥാനത്ത് ലോക്ക്ഡൗണ്‍ വീണ്ടും നടപ്പാക്കുമെന്ന വാര്‍ത്തകള്‍ തള്ളി ഡൽഹി സര്‍ക്കാര്‍. ലോക്ക്ഡൗണ്‍ ദീര്‍ഘിപ്പിക്കില്ലെന്ന് ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയ്ന്‍ അറിയിച്ചതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോർട്ട് ചെയ്യുന്നു.

ജൂണ്‍ 15 മുതല്‍ 30വരെ ലോക്ക്ഡൗണ്‍ നീട്ടുമെന്ന് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. റീലോക്ക് ഡല്‍ഹി ഹാഷ് ടാഗ് ട്രെന്‍ഡിംഗ് ആകുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു മന്ത്രിയുടെ വിശദീകരണം.

ഡൽഹിയിൽ ഇതോടകം 34,000 പേർക്ക് കോവിഡ് ബാധിക്കുകയും 1,085 പേർ മരിയ്ക്കുകയും ചെയ്തു. ജൂലൈ 31നകം തലസ്ഥാനത്ത് 5.5 ലക്ഷം കൊറോണ വൈറസ് കേസുകൾ ഉണ്ടാകുമെന്ന് സർക്കാർ കണക്കാക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്‌‌രിവാൾ പറഞ്ഞു.

Read More: ഐസിയുകളും വെന്റിലേറ്ററുകളും നിറയും, വരാനിരിക്കുന്നത് സങ്കീർണമായ ദിനങ്ങൾ; അഞ്ച് സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പ്

വ്യാഴാഴ്ച മാത്രം ഡൽഹിയിൽ 1,877 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഡല്‍ഹിയില്‍ ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന കണക്കാണിത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഡല്‍ഹിയില്‍ 65 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു.

അതേസമയം 2,098 പേര്‍ കോവിഡ് ബാധിച്ചു മരിച്ചെന്നാണ് വടക്കന്‍ ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജയ് പ്രകാശിന്റെ വെളിപ്പെടുത്തല്‍. മൂന്നു മുനിസിപ്പല്‍ കോര്‍പ്പറേഷനുകളുടെയും പരിധിയില്‍ സംസ്‌കരിച്ച മൃതദേഹങ്ങളുടെ കണക്കു നിരത്തിയാണ് ജെയ് പ്രകാശിന്റെ വെളിപ്പെടുത്തല്‍.

കോവിഡ് മഹാമാരിയെ തുടർന്ന് രാജ്യം നേരിടാനിരിക്കുന്നത് സങ്കീർണമായ ദിനങ്ങളാണെന്ന് കേന്ദ്രം അറിയിച്ചു. ഡൽഹി ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങൾക്ക് കേന്ദ്രം മുന്നറിയിപ്പ് നൽകി. രോഗബാധിതരുടെ എണ്ണം അതിവേഗം വർധിക്കുമെന്നും ചികിത്സയ്‌ക്കായി കൂടുതൽ സജ്ജീകരണങ്ങൾ ഒരുക്കണമെന്നും കേന്ദ്രം നിർദേശിച്ചു.

കൂടുതൽ ശ്രദ്ധയോടെ മുന്നോട്ടുനീങ്ങേണ്ട സാഹചര്യമാണെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം നൽകുന്ന മുന്നറിയിപ്പ്. മഹാരാഷ്‌ട്ര, തമിഴ്‌നാട്, ഡൽഹി, ഗുജറാത്ത്, ഉത്തർപ്രദേശ് സംസ്ഥാനങ്ങൾക്കാണ് കേന്ദ്രം മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. കോവിഡ് രോഗികളാൽ ഐസിയുകളും വെന്റിലേറ്ററുകളും നിറയുമെന്നും ആവശ്യമായ സജ്ജീകരണങ്ങൾ വേണമെന്നും കേന്ദ്രം അറിയിച്ചു.

അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനിടെ 10,956 പേർക്ക് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് ബാധിച്ച് കഴിഞ്ഞ 24 മണിക്കൂറിനിടെ 396 പേർ മരിച്ചു. രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 2,97,535 ആയി ഉയർന്നു. ഇപ്പോൾ ചികിത്സയിലുള്ള രോഗികളുടെ എണ്ണം 1,41,842 ആണ്. രോഗമുക്തി നേടിയവർ 1,47,194 ആയി. രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 8,498 ആയി ഉയർന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook