അഗർത്തല: കോവിഡ്-19നുള്ള പ്രതിരോധ മരുന്ന് കണ്ടെത്തിയ ശേഷം മാത്രമേ സംസ്ഥാനത്തെ ലോക്ക്ഡൗൺ പൂർണമായി പിൻവലിക്കുകയുള്ളൂവെന്ന് തൃപുര മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബ്. അതുവരെ ഏതെങ്കിലും തരത്തിലുള്ള ലോക്ക്ഡൗൺ നടപടികൾ സംസ്ഥാനത്ത് തുടരുമെന്ന് തൃപുര മുഖ്യമന്ത്രി പറഞ്ഞു.

ബുധനാഴ്ച ചേർന്ന സർവകക്ഷി യോഗത്തിലാണ് തൃപുര മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്. ഭരണ കക്ഷി ബിജെപിയും പ്രതിപക്ഷ കക്ഷികളായ കോൺഗ്രസ്സും സിപിഎമ്മും അടക്കം സംസ്ഥാനത്തെ 18 പാർട്ടികളുടെ പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു. വാക്സിൻ കണ്ടെത്തുന്നതു വരെ ഭാഗിക ലോക്ക്ഡൗൺ തുടരാനുള്ള നിർദേശത്തിന് പ്രതിപക്ഷ കക്ഷികളും പിന്തുണയറിച്ചു.

Read More: ലോക്ക്ഡൗണ്‍: കുറ്റകൃത്യങ്ങളില്‍ വന്‍കുറവ്; അപകടങ്ങളും മരണങ്ങളും കുറഞ്ഞു

“മേയ് മൂന്നുവരെ ലോക്ക്ഡൗണുണ്ട്, ഒരേയൊരു വഴിയാണ് ലോക്ക്ഡൗൺ. ഘട്ടം ഘട്ടമായി ലോക്ക്ഡൗണിൽ നിന്ന് പുറത്ത് കടക്കുന്നതിലേക്ക് കുറേ ദൂരമുണ്ട്. അന്തർ സംസ്ഥാന ബസ്, ട്രെയിൻ, വിമാന സർവീസുകൾ പുനരാരംഭിക്കുന്നത് ഇപ്പോൾ പ്രായോഗികമല്ല. അതിനാൽ, ലോക്ക്ഡൗൺ തുടരണം. ലോക്ക്ഡൗൺ അവസാനിപ്പിക്കുന്നത് അത്ര എളുപ്പമല്ല. ജനങ്ങൾ ലോക്ക്ഡൗണിനെ നമ്മുടെ ജീവിതത്തിന്റെ ഭാഗമായി കാണണം.”- യോഗത്തിനു ശേഷം ബിപ്ലബ് ദേബ് പറഞ്ഞു. കൃത്യമായ പ്രതിരോധ മരുന്ന് കണ്ടെത്തുന്നത് വരെ ലോക്ക്ഡൗൺ തുടരും. ജനങ്ങൾ അതിനനുസരിച്ച് ജീവിക്കേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read More: കൊറോണ വെെറസിനെ പ്രതിരോധിക്കാൻ ഐസ്‌ക്രീം ഉപേക്ഷിക്കണോ?

കോവിഡ് രോഗബാധ കാര്യമായി ബാധിക്കാത്ത സംസ്ഥാനമാണ് തൃപുര. രണ്ടു പേർക്കാണ് സംസ്ഥാനത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. രണ്ടുപേർക്കും രോഗം ഭേദപ്പെടുകയും ചെയ്തു. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ അസമിലും മേഘാലയയിലും ആണ് കോവിഡ് കാര്യമായി ബാധിച്ചിട്ടുള്ളത്യ അസമിൽ 42 പേർക്ക് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 29 പേർക്ക് രോഗം ഭേദമായി. ഒരാൾ കോവിഡ് ബാധിച്ച് മരിക്കുകയും ചെയ്തിരുന്നു.

മേഘാലയയിൽ ഇതുവരെ 12 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ആർക്കും രോഗം ഭേദമായിട്ടില്ല. ഒരാൾ കോവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു. മണിപ്പൂരിൽ രണ്ടുപേർക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു. നാഗാലാൻഡ്, അരുണാചൽ പ്രദേശ്, മിസോറാം സംസ്ഥാനങ്ങളിൽ ഓരോരുത്തർക്കും രോഗം സ്ഥിരീകരിച്ചു.

Read More: Lockdown in Tripura will be fully lifted only after Covid-19 vaccination: CM Biplab Deb

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook