ന്യൂഡൽഹി: കോവിഡ്-19 വ്യാപനം രാജ്യത്തെ ദീർഘകാല ലോക്ക്ഡൗണിലേക്ക് നയിച്ചപ്പോൾ ഈ സാഹചര്യം രാജ്യത്ത് സൈബർ കുറ്റകൃത്യങ്ങൾ വർധിക്കുന്നതിനും കാരണമായി. കെ 7 കമ്പ്യൂട്ടിങ്ങിന്റെ സൈബർ ത്രെട്ട് റിപ്പോർട്ട് പ്രകാരം, ഈ കാലയളവിൽ ഏറ്റവും കൂടുതൽ സൈബർ ആക്രമണങ്ങൾ രേഖപ്പെടുത്തിയത് കേരളത്തിലാണ്. വിവിധ തരത്തിലുള്ള സൈബർ ആക്രമണങ്ങളാണ് ഈ കാലയളവിൽ നടന്നിട്ടുള്ളത്. ഇതിൽ മിക്കതും ഉപയോക്താക്കളുടെ വിശ്വാസം നേടിയെടുത്തുള്ള കബളിപ്പിക്കലാണ്.

2020 ഫെബ്രുവരി മുതൽ 2020 ഏപ്രിൽ പകുതി വരെ നടന്ന ആക്രമണങ്ങളുടെ ആവൃത്തിയിലെ പെട്ടെന്നുള്ള കുതിപ്പ് സൂചിപ്പിക്കുന്നത് ലോകമെമ്പാടുമുള്ള അഴിമതിക്കാർ വ്യക്തിഗതവും കോർപ്പറേറ്റ് തലത്തിലും കൊറോണ വൈറസ് പരിഭ്രാന്തി ഉപയോഗപ്പെടുത്തുന്നുണ്ടെന്നാണ്. ഉപയോക്താക്കളുടെ രഹസ്യാത്മക ഡാറ്റ, ബാങ്കിങ് വിശദാംശങ്ങൾ, ക്രിപ്‌റ്റോ കറൻസി അക്കൗണ്ടുകൾ എന്നിവയിലേക്ക് ആക്‌സസ് നേടുന്നതിന് കമ്പ്യൂട്ടറുകളെയും മൊബൈൽ ഉപകരണങ്ങളെയും ഉപയോഗപ്പെടുത്തുന്നു.

ഈ കാലയളവിൽ കണ്ട പ്രധാന ഭീഷണികളിൽ ഒന്ന് ഇന്റര്‍നെറ്റ്‌ വഴി ഒരു വ്യക്തിയുടെ സ്വകാര്യ, സാമ്പത്തിക വിവരങ്ങള്‍ തട്ടിയെടുക്കുന്നതാണ്. ഇതിന് പുറമേ കോവിഡ് 19 സംബന്ധിച്ച ആപ്ലിക്കേഷനുകൾ എന്ന് തെറ്റിദ്ധരിപ്പിച്ച് വ്യാജ ആപ്ലിക്കേഷനുകൾ മുഖേന ഉപയോക്താക്കളുടെ വിവരങ്ങൾ തട്ടിയെടുക്കലുമുണ്ട്.

Read Also: സ്‌പ്രിംക്‌ളർ: സ്വകാര്യ വിവരങ്ങളിൽ കമ്പനിക്ക് നേരിട്ടു പ്രവേശനമില്ലെന്ന് സർക്കാർ

ചെറിയ നഗരങ്ങളിൽ 10,000 ഉപയോക്താക്കൾക്ക് നേരെ 250 ലധികം ആക്രമണങ്ങൾ നടന്നു. കേരളത്തിൽ കോട്ടയം, കണ്ണൂർ, കൊല്ലം, കൊച്ചി തുടങ്ങിയ പ്രദേശങ്ങളിൽ യഥാക്രമം 462, 374, 236, 147 ആക്രമണങ്ങളാണ് ഉണ്ടായത്. സംസ്ഥാനത്ത് മൊത്തത്തിൽ രണ്ടായിരത്തോളം ആക്രമണങ്ങൾ നടന്നിട്ടുണ്ട്. രാജ്യത്ത് ഏറ്റവും കൂടുതൽ സൈബർ ആക്രമണങ്ങൾ നടന്നത് കേരളത്തിലാണ്. പഞ്ചാബിൽ 207ഉം തമിഴ്നാട്ടിൽ 184ഉം സൈബർ ആക്രമണങ്ങൾ ഉണ്ടായി.

സാങ്കേതിക വിദ്യയിൽ പരിചിത വിദ്യാസമ്പന്നരായ ഉപയോക്താക്കൾക്കു പോലും സൈബർ ആക്രമണങ്ങളിൽ സാമ്പത്തിക നഷ്ടം ഉള്ളതായി കണക്കുകൾ പറയുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook