ന്യൂഡൽഹി: അവശ്യസാധനങ്ങളുടെ ലഭ്യത ഉറപ്പുവരുത്താനുള്ള ഇളവുകളുമായി കേന്ദ്ര സര്‍ക്കാര്‍. ആഹാര സാധനങ്ങള്‍, പഴം, പച്ചക്കറി, പാല്‍, പാലുല്‍പന്നങ്ങള്‍, പൗള്‍ട്രി, മീന്‍, മാംസം തുടങ്ങിയവ വില്‍ക്കുന്ന കടകള്‍ക്ക് തുറക്കാം. എങ്കിലും ആളുകള്‍ ഈ കടകളില്‍ പോയി സാധനം വാങ്ങുന്നത് ഒഴിവാക്കുന്നതിനായി ജില്ലാ അധികൃതര്‍ ഹോം ഡെലിവറി സംവിധാനം പ്രോത്സാഹിപ്പിക്കണമെന്ന് ഇന്ന് കേന്ദ്രം പുറത്തിറക്കിയ പുതിയ മാനദണ്ഡത്തില്‍ പറയുന്നു.

ലോക്ക്ഡൗണ്‍ കാലയളവില്‍ ഓണ്‍ലൈന്‍ വ്യാപാര കമ്പനികള്‍ക്ക് പ്രവര്‍ത്തിക്കാനും കേന്ദ്രം ഇളവ് നല്‍കി. ഈ കമ്പനികളുടെ വാഹനങ്ങള്‍ക്ക് അവശ്യമായ അനുമതിയോടെ നിരത്തിലിറങ്ങാം. കര്‍ശനമായ സോഷ്യല്‍ ഡിസ്റ്റന്‍സിങ് പാലിച്ചു കൊണ്ട് വേണം ഇവ പ്രവര്‍ത്തിക്കാന്‍. പ്രവര്‍ത്തന സമയത്തിലും നിയന്ത്രണങ്ങളില്ല.

Read Also: ലോക്ക്ഡൗൺ മാർഗ നിർദേശം: അനുവദിച്ചതും അനുവാദമില്ലാത്തതും എന്തൊക്കെ?

അപ്രതീക്ഷിതമായി രണ്ടാഴ്ച മുമ്പ് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് അവശ്യസാധനങ്ങള്‍ ജനങ്ങള്‍ക്ക് വാങ്ങാന്‍ കഴിയാത്ത സാഹചര്യം ഉണ്ടായിരുന്നു. ഉത്തരേന്ത്യയിലെ ഗ്രാമങ്ങളില്‍ പട്ടിണി വ്യാപിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

കേരളത്തില്‍ നേരത്തെ ആഹാരം വിതരണം ചെയ്യുന്ന ഓണ്‍ലൈന്‍ കമ്പനികള്‍ക്ക് ഇളവുകള്‍ അനുവദിച്ചിരുന്നു. രാത്രി എട്ടുമണിവരെ പ്രവര്‍ത്തിക്കാനുള്ള അനുമതി നല്‍കിയിരുന്നു.

Read Also: ചികിത്സയ്ക്കായി അന്തര്‍-സംസ്ഥാന യാത്രയ്ക്ക് കേന്ദ്രാനുമതി

ഇ-കൊമേഴ്‌സ് കമ്പനികളാകട്ടെ, ലോക്ക്ഡൗണ്‍ പ്രഖ്യാപനത്തിന് മുമ്പ് ഉപഭോക്താക്കള്‍ ഓര്‍ഡര്‍ ചെയ്ത സാധനങ്ങള്‍ വിതരണം ചെയ്യാൻ കഴിയാതെ ബുദ്ധിമുട്ടിലായിരുന്നു. കൂടാതെ, ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചശേഷം സാധനങ്ങള്‍ ലഭ്യമല്ലെന്ന അറിയിപ്പാണ് അവര്‍ വെബ്‌സൈറ്റുകളില്‍ നല്‍കിയിരുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook