ന്യൂഡൽഹി: കോവിഡ്-19ന്റെ വ്യാപനം തടയുന്നതിന്റെ ഭാഗമായി ഏർപ്പെടുത്തിയ ലോക്ക്ഡൗൺ തീവ്രബാധിത മേഖലകളിൽ ജൂൺ 30 വരെ നീട്ടി. അതേസമയം രാജ്യത്ത് ഘട്ടം ഘട്ടമായി ലോക്ക്ഡൗണിൽ ഇളവുകൾ നൽകുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിക്കുന്നു.

മൂന്ന് ഘട്ടങ്ങളിലായാണ് തീവ്രബാധിത പ്രദേശങ്ങളല്ലാത്ത സ്ഥലങ്ങളിൽ ലോക്ക്ഡൗൺ ഇളവുകൾ നിലവിൽ വരിക.

ഒന്നാം ഘട്ടം

  • ജൂൺ എട്ട് മുതൽ ആരാധനാലയങ്ങളും മത കേന്ദ്രങ്ങളും തുറക്കാം.
  • ഹോട്ടലുകൾ, റെസ്റ്ററന്റുകൾ, മറ്റ് ഹോസ്പിറ്റാലിറ്റി സ്ഥാപനങ്ങൾ എന്നിവയ്ക്കും ജൂൺ എട്ട് മുതൽ തുറന്ന് പ്രവർത്തിക്കാം
  • ഷോപ്പിങ് മാളുകൾക്കും ജൂൺ എട്ട് മുതൽ പ്രവർത്തനാനുമതി.

Read More: ലോക്ക്ഡൗൺ 5.0: അനുവദനീയമായവയും അല്ലാത്തവയും

രണ്ടാം ഘട്ടം

സംസ്ഥാനങ്ങളുമായി കൂടിയാലോചിച്ച ശേഷം സ്കൂൾ, കോളെജ് ഉൾപ്പടെയുള്ള വിദ്യഭ്യാസ സ്ഥാപനങ്ങളും പരിശീലന കേന്ദ്രങ്ങളും ജൂലൈ മുതൽ പ്രവർത്തനം ആരംഭിക്കാം.

മൂന്നാം ഘട്ടം

സാഹചര്യങ്ങൾ മനസിലാക്കിയ ശേഷം താഴെപറയുന്ന മറ്റ് കാര്യങ്ങളും പുഃനരാരംഭിക്കും

  • രാജ്യാന്തര വിമാന യാത്ര
  • മെട്രോ റെയിൽ
  • സിനിമ ഹാളുകൾ, ജിംനേഷ്യം, സ്വിമ്മിങ് പൂൾ, പാർക്കുകൾ, ബാറുകൾ, ഓഡിറ്റോറിയം.
  • സാമൂഹിക/രാഷ്ട്രീയ/കായിക/സാംസ്കാരിക/മത ഒത്തുചേരലുകൾ

അതേസമയം, യാത്രാ ട്രെയിനുകളുടേയും ശ്രമിക് സ്‌പെഷ്യല്‍ ട്രെയിനുകളുടേയും ആഭ്യന്തര വിമാന യാത്രയുടേയും വിദേശത്തുനിന്നും പ്രവാസികളെ തിരിച്ചിക്കുന്ന വിമാന സര്‍വീസുകളുടേയും മേലുള്ള നിയന്ത്രണം തുടരം. അന്തര്‍ ജില്ലാ, അന്തര്‍ സംസ്ഥാന യാത്രകള്‍ക്ക് നിയന്ത്രണങ്ങളില്ല. യാത്രയ്ക്ക് പ്രത്യേക അനുമതിയോ പാസുകളോ ആവശ്യമില്ല. എന്നാല്‍ പൊതുജനാരോഗ്യം കണക്കിലെടുത്ത് നിയന്ത്രണങ്ങള്‍ ആവശ്യമെങ്കില്‍ സംസ്ഥാനങ്ങള്‍ക്ക്/ കേന്ദ്രഭരണപ്രദേശങ്ങള്‍ക്ക് തീരുമാനിക്കാം.

ഇന്ത്യയില്‍ കുടുങ്ങിയിട്ടുള്ള വിദേശികളെ തിരികെ കൊണ്ടുപോകുന്നതിലും നിയന്ത്രണം തുടരും. ഇന്ത്യന്‍ നാവിക സേന നടത്തുന്ന ഒഴിപ്പിക്കലുകളുടേയും നിയന്ത്രണം തുടരും. അയല്‍ രാജ്യങ്ങളുമായുള്ള കരാര്‍ പ്രകാരം ചരക്കുകള്‍ കയറ്റുമതി ചെയ്യുന്നതിനെ സംസ്ഥാനങ്ങളോ കേന്ദ്ര ഭരണപ്രദേശമോ തടയാന്‍ പാടില്ല.

രാജ്യത്ത് രാത്രികാല കർഫ്യൂവിലും മാറ്റം. ഇപ്പോൾ രാത്രി ഏഴ് മുതൽ രാവിലെ ഏഴ് വരെ രാത്രികാല സഞ്ചാരത്തിന് വിലക്കുണ്ട്. ഇനിമുതൽ രാത്രി 9 മുതൽ രാവിലെ അഞ്ച് വരെ മാത്രമായിരിക്കും രാത്രികാല കർഫ്യൂ. ആവശ്യമെങ്കിൽ അധികൃതർക്ക് വേണ്ട പ്രദേശങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിക്കാമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർദേശിക്കുന്നു.

65 വയസ്സിന് മുകളിലുള്ളവരും മാരക രോഗങ്ങളുള്ളവരും ഗര്‍ഭിണികളും 10 വയസ്സിന് താഴെയുള്ള കുട്ടികളും വീട്ടില്‍ തന്നെ തുടരണം. ഇവര്‍ അവശ്യ, ആരോഗ്യ സാഹചരങ്ങളില്‍ മാത്രമേ പുറത്ത് സഞ്ചരിക്കാവൂ. ആരോഗ്യ സേതു ആപ്പ് എല്ലാ ജീവനക്കാരും ഡൗണ്‍ ലോഡ് ചെയ്ത് ഉപയോഗിക്കണം. വ്യക്തികളും ആരോഗ്യ സേതു ഡൗണ്‍ലോഡ് ചെയ്ത് അവരുടെ ആരോഗ്യ സ്ഥിതി പതിവായി അപ്‌ഡേറ്റ് ചെയ്യാന്‍ ജില്ലാ അധികാരികള്‍ ഉപദേശിക്കണം. ഇതിലൂടെ അവശ്യ സമയങ്ങൡ മെഡിക്കല്‍ സഹായം നല്‍കാന്‍ കഴിയും. സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ഈ നിര്‍ദ്ദേശങ്ങളില്‍ വെള്ളം ചേര്‍ക്കാന്‍ പാടില്ല.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook