ന്യൂഡൽഹി: കോവിഡ് 19 ഭീഷണിയെത്തുടർന്ന് നിർത്തിവച്ച അന്താരാഷ്ട്ര വിമാന സർവീസുകൾ ഓഗസ്റ്റ് മാസത്തിനു മുൻപ് ഭാഗികമായി പുനരാരംഭിക്കാൻ ശ്രമിക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിങ്ങ് പുരി. ഓഗസ്റ്റിനു മുൻപായി നല്ലൊരു ശതമാനം ഓഗസ്റ്റ് മാസത്തിനു മുൻപ് പുനരാരംഭിക്കാനാണ് ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
“(അന്താരാഷ്ട്ര വിമാന സർവീസുകൾ പുനരാരംഭിക്കുന്നതിന്റെ) കൃത്യമായ തീയതി പറയാൻ എനിക്ക് പറ്റില്ല. പക്ഷേ ചിലർ പറഞ്ഞത് അത് ഓഗസ്റ്റ് സെപ്റ്റംബർ മാസത്തോടെ ചെയ്യാമെന്നാണ്. സാഹചര്യങ്ങൾ നോക്കി അത് ഇനിയും നേരത്തേയാക്കാൻ എന്തുകൊണ്ട് പറ്റില്ലെന്നാണ് ഞാൻ അവർക്ക് മറുപടി നൽകിയത്.”-ഹർദീപ് സിങ്ങ് പുരി പറഞ്ഞു.
ജൂൺ ജൂലൈ മാസങ്ങളിലായി ഘട്ടം ഘട്ടമായി വിമാന സർവീസുകൾ പുനരാരംഭിക്കാനാവും വ്യോമയാന മന്ത്രാലയം ശ്രമിക്കുക. മേയ് 25 മുതൽ രാജ്യത്തെ ആഭ്യന്തര വിമാന സർവീസുകൾ പുനരാരംഭിക്കുന്നുണ്ട്. വിവിധ ഘട്ടങ്ങളായാണ് ആഭ്യന്തര വിമാന സർവീസുകൾ പുനരാരംഭിക്കുന്നത്. സമാന മാർഗം രാജ്യാന്തര വിമാന സർവീസുകൾ പുനരാരംഭിക്കുന്ന കാര്യത്തിലും വ്യോമയാന മന്ത്രാലയം സ്വീകരിക്കും.
Read More: അടുത്ത മൂന്നു മാസത്തേക്ക് വിമാന ടിക്കറ്റ് നിരക്കുകൾ ഇങ്ങനെയാണ്
ആഭ്യന്തര വിമാന സർവീസ് ആരംഭിക്കുന്നതിൽ ചില സംസ്ഥാന സർക്കാരുകൾ എതിർപ്പറിയിച്ചിരുന്നു. എന്നാൾ സംസ്ഥാനങ്ങളുടെ എതിർപ്പ് തള്ളിയ കേന്ദ്ര സർക്കാർ ആഭ്യന്തര വിമാന സർവീസ് തുടങ്ങാനുള്ള തീരുമാനവുമായി മുന്നോട്ടു പോവുകയായിരുന്നു. തമിഴ്നാട്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളാണ് വിമാന സർവീസ് ആരംഭിക്കുന്നത് രോഗവ്യാപനം വർധിപ്പിക്കുമെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടത്.
ഇക്കാര്യം പ്രതിപക്ഷവും സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. സംസ്ഥാനങ്ങളുടെ ആവശ്യങ്ങള്‍ പരിഗണിക്കണമെന്നതടക്കം 11 ഇന നിര്‍ദേശങ്ങളായിരുന്നു പ്രതിപക്ഷം സര്‍ക്കാരിന് മുന്നില്‍ വച്ചത്.
കോവിഡ് ബാധിതരുടെ എണ്ണം കുത്തനെ കൂടുന്ന സാഹചര്യത്തിൽ, മേയ് 31 വരെ വിമാന സർവീസുകൾ ആരംഭിക്കരുതെന്നായിരുന്നു കേന്ദ്രസർക്കാരിനോട് തമിഴ്നാടിന്റെ ആവശ്യം. തിങ്കളാഴ്ച മുതലാണ് ആഭ്യന്തര സർവീസുകൾ ആരംഭിക്കാൻ കേന്ദ്രം നിശ്ചയിച്ചിരിക്കുന്നത്. രാജ്യത്ത് ഏറ്റവും കൂടുതൽ രോഗബാധിതരുള്ള നഗരമായ മുംബൈയിലേക്കുള്ള സർവീസുകൾ ഒഴിവാക്കണമെന്നായിരുന്നു മഹാരാഷ്ട്ര സർക്കാരിന്റെ ആവശ്യം.
Read More: പ്രവാസികളുടെ ക്വാറന്റൈൻ: ഹോട്ടലുകളുടെ നിരക്കും സൗകര്യങ്ങളും ഇങ്ങനെ, പൂര്‍ണ്ണ പട്ടിക കാണാം
ലോക്ക്ഡൗണിനെ തുടർന്ന് മാർച്ച് 25 നാണ് രാജ്യത്തെ എല്ലാ ആഭ്യന്തര വിമാന സർവീസുകളും നിർത്തിവച്ചത്. എന്നാൽ കാർഗോ ഫ്ലൈറ്റുകൾ, മെഡിക്കൽ ഇവാക്വേഷൻ ഫ്ലൈറ്റുകൾ, ഏവിയേഷൻ റെഗുലേറ്റർ ഡിജിസിഎ അംഗീകരിച്ച പ്രത്യേക ഫ്ലൈറ്റുകൾ എന്നിവ പ്രവർത്തിപ്പിക്കാൻ അനുവദിച്ചിരുന്നു. ഏറെ കൂടിയാലോചനകള്‍ക്ക് ശേഷമാണ് രാജ്യത്ത് ആഭ്യന്തര വിമാന സർവീസ് തുടങ്ങാൻ തീരുമാനിച്ചത്.
നിലവിലെ സാഹചര്യത്തിൽ കണ്ടെയ്മെന്റ് സോണുകളിൽ നിന്നുള്ളവർക്ക് വിമാനങ്ങളിൽ യാത്ര അനുവദിക്കില്ല. യാത്രയ്ക്കൊരുങ്ങുന്നവരെല്ലാം അവർ കണ്ടെയ്മെന്റ് സോണിൽ നിന്നല്ല വരുന്നതെന്നും കോവിഡ്- 19 രോഗലക്ഷണങ്ങളില്ലായെന്നും സത്യവാങ്മൂലം നൽകണം.