ന്യൂഡല്‍ഹി/ജയ്പൂര്‍: കോവിഡ്-19 രണ്ടാം തരംഗം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച് ഡല്‍ഹിയും രാജസ്ഥാനും. വൈറസ് വ്യാപനം തടയുന്നതിനായി ഇന്നു രാത്രി മുതല്‍ ഒരാഴ്ചത്തേക്കാണു ഡല്‍ഹിയില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളും ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജാലും പങ്കെടുത്ത യോഗത്തിലാണു തീരുമാനം.
ഇന്നു രാത്രി 10ന് ആരംഭിക്കുന്ന ലോക്ക് ഡൗണ്‍ ഏപ്രില്‍ 26 പുലര്‍ച്ചെ അഞ്ചുവരെ പ്രാബല്യത്തിലുണ്ടാവും. വാരാന്ത്യ കര്‍ഫ്യൂവിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കപ്പെട്ട പ്രൊഫഷണലുകളെയും വ്യക്തികളെയും ലോക്ക് ഡൗണിലും ഒഴിവാക്കും.
സമീപകാല വാരാന്ത്യ കര്‍ഫ്യൂവില്‍ നടപ്പാക്കിയ നിയന്ത്രണങ്ങള്‍ കൂടാതെ സ്വകാര്യ ഓഫീസുകള്‍, ഷോപ്പുകള്‍, ഷോപ്പിങ് സെന്ററുകള്‍, മാളുകള്‍, സിനിമാ തിയറ്ററുകള്‍, റെസ്റ്റോറന്റുകള്‍, ബാറുകള്‍, ഓഡിറ്റോറിയങ്ങള്‍, ജിമ്മുകള്‍ സ്‌കൂളുകള്‍, കോളജുകള്‍, കോച്ചിങ് ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ എന്നിവ അടച്ചിടും. സാമൂഹ്യ, രാഷ്ട്രീയ, വിനോദ, അക്കാദമിക്, സാംസ്‌കാരിക, മത, ഉത്സവവുമായി ബന്ധപ്പെട്ട ഒത്തുചേരലുകള്‍ക്ക് സമ്പൂര്‍ണ വിലക്കുണ്ടാകും. ടിക്കറ്റുള്ള വിമാന, ട്രെയിന്‍, ബസ് യാത്രക്കാരുടെ യാത്ര അനുവദിക്കും.
Also Read: മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന് കോവിഡ്
ഡല്‍ഹിയിലെ കോവിഡ് സ്ഥിതി ദയനീയമാണെന്ന് കേജ്രിവാള്‍ പറഞ്ഞു. ”ഒരു ഹ്രസ്വകാലത്തേക്ക് ലോക്ക് ഡൗണ്‍ പ്രാബല്യത്തില്‍ വരും. അതു നീട്ടേണ്ടി വരില്ലെന്നു ഞാന്‍ പ്രതീക്ഷിക്കുന്നു. കോവിഡിന് അന്ത്യം കാണാന്‍കഴിയാത്ത ലോക്ക് ഡൗണ്‍ പോലുള്ള നടപടികളെ ഞാന്‍ എല്ലായ്‌പ്പോഴും എതിര്‍ത്തു. ഇത് അണുബാധയുടെ വ്യാപനത്തെ മന്ദഗതിയിലാക്കും. ആറു ദിവസത്തേക്കു കേന്ദ്ര സഹകരണത്തോടെ നഗരത്തിലെ ചികിത്സാ അടിസ്ഥാനസൗകര്യം ഞങ്ങള്‍ മെച്ചപ്പെടുത്തും,” കേജ്രിവാള്‍ പറഞ്ഞു.
ഡല്‍ഹിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 23,500 പേർക്കാണു രോഗം സ്ഥിരീകരിച്ചത്. പ്രതിദിന രോഗികളുടെ എണ്ണം ഞായറാഴ്ച 25,462 എന്ന റെക്കോർഡിലെത്തിയിരുന്നു. ടെസ്റ്റ് പോസിറ്റിവിറ്റി കൂടുന്ന സാഹചര്യത്തിൽ ആശുപത്രി കിടക്കകളുടെ ലഭ്യതക്കുറവ് അനുഭവപ്പെടുകയാണ്. ഐസിയു കിടക്കകളൊന്നും ഒഴിവില്ല.
Also Read: പതിനെട്ടു കഴിഞ്ഞവര്‍ക്കെല്ലാം മെയ് 1 മുതല്‍ വാക്സിന്‍
അതേസമയം, കഴിഞ്ഞ ലോക്ക്ഡൗണ്‍ കാലത്തേതിനുസമാനമായി ഡല്‍ഹിയില്‍നിന്നു കുടിയേറ്റ തൊഴിലാളികള്‍ തങ്ങളുടെ സ്വദേശത്തേക്കു പലായനം ചെയ്യുന്നത് ആരംഭിച്ചു. അന്തര്‍സംസ്ഥാന ബസ് ടെര്‍മിനലുകള്‍ കുടിയേറ്റ തൊഴിലാളികളെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്. തൊഴിലാളികളോട് സ്വദേശത്തേക്കു മടങ്ങാതെ ഡല്‍ഹിയില്‍ തുടരാന്‍ കേജ്‌രിവാള്‍ അഭ്യര്‍ഥിച്ചു. മുംബൈ ലോകമാന്യ തിലക് ടെർമിനസും അന്യസംസ്ഥാന തൊഴിലാളികെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്.

രാജസ്ഥാനില്‍ ഇന്നു മുതല്‍ 15 ദിവസത്തേക്കാണു ലോക്ക്ഡൗണ്‍. മേയ് മൂന്നു വരെയാണു ഓഫീസുകളും മാര്‍ക്കറ്റുകളും അടയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടു. പഴം-പച്ചക്കറി വില്‍പ്പന വൈകിട്ട് ഏഴു വരെ അനുവദിക്കും. സംസ്ഥാനത്തു പ്രവേശിക്കാന്‍ യാത്രയ്ക്കു 72 മണിക്കൂര്‍ മുന്‍പെടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ് ഫലം ആവശ്യമാണ്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയും വിമാനത്താവളങ്ങള്‍, ബസ് സ്റ്റാന്‍ഡുകള്‍, റെയില്‍വേ സ്‌റ്റേഷനുകള്‍, മെട്രോസ്‌റ്റേഷനുകള്‍ എന്നിവയിലേക്കുമുള്ള യാത്ര അനുവദിക്കും.