scorecardresearch

ലോക്ക്ഡൗൺ 5.0 മാർഗനിർദേശങ്ങൾ: എന്തൊക്കെ തുറക്കാം, എന്തൊക്കെ അടഞ്ഞുകിടക്കും?

ലോക്ക്ഡൗൺ അഞ്ചാം ഘട്ടത്തെക്കുറിച്ചുളള മാർഗനിർദേശങ്ങൾ കേന്ദ്രസർക്കാർ പുറത്തിറക്കിയിട്ടില്ലെങ്കിലും പ്രതീക്ഷിക്കാവുന്ന ഇളവുകൾ എന്തൊക്കെയെന്ന് നോക്കാം

ലോക്ക്ഡൗൺ അഞ്ചാം ഘട്ടത്തെക്കുറിച്ചുളള മാർഗനിർദേശങ്ങൾ കേന്ദ്രസർക്കാർ പുറത്തിറക്കിയിട്ടില്ലെങ്കിലും പ്രതീക്ഷിക്കാവുന്ന ഇളവുകൾ എന്തൊക്കെയെന്ന് നോക്കാം

author-image
WebDesk
New Update
corona virus, ie malayalam

ന്യൂഡൽഹി: ലോക്ക്ഡൗൺ നാലാം ഘട്ടം കഴിയാറാകുമ്പോൾ അഞ്ചാം ഘട്ട പ്രഖ്യാപനമുണ്ടാവുമോയെന്ന് അറിയാൻ കാതോർത്തിരിക്കുകയാണ് രാജ്യം. കൊറോണ വൈറസിനെ തുടർന്ന് മാർച്ച് 24 നാണ് ആദ്യ ഘട്ട ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്. കടുത്ത നിയന്ത്രണങ്ങളാണ് ആദ്യഘട്ട ലോക്ക്ഡൗണിൽ ഏർപ്പെടുത്തിയത്. പിന്നീടിങ്ങോട്ട് ലോക്ക്ഡൗൺ നീട്ടിയെങ്കിലും കണ്ടെയ്ൻമെന്റ് സോണുകളിൽ ഒഴികെ ഇളവുകൾ നൽകി.

Advertisment

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വ്യാഴാഴ്ച സംസ്ഥാന മുഖ്യമന്ത്രിമാരുമായി സംസാരിച്ചു. മേയ് 1 നു ശേഷം ലോക്ക്ഡൗൺ നീട്ടുന്നതിനെക്കുറിച്ചുളള അഭിപ്രായങ്ങൾ മുഖ്യമന്ത്രിമാരിൽനിന്നും തേടി. അമിത് ഷായുമായി ഫോണിൽ സംസാരിച്ചുവെന്നും ലോക്ക്ഡൗൺ 15 ദിവസം കൂടി നീട്ടിയേക്കുമെന്നും ഗോവ മുഖ്യമന്ത്രി ഡോ.പ്രമോദ് സാവന്ത് പറഞ്ഞതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Read Also: ‘എന്റെ ഹൃദയത്തിലെ ബന്ധു’; വീരേന്ദ്രകുമാറിനെ ഓർത്ത് മമ്മൂട്ടി

ലോക്ക്ഡൗൺ അഞ്ചാം ഘട്ടത്തെക്കുറിച്ചുളള മാർഗനിർദേശങ്ങൾ കേന്ദ്രസർക്കാർ പുറത്തിറക്കിയിട്ടില്ലെങ്കിലും പ്രതീക്ഷിക്കാവുന്ന ഇളവുകൾ എന്തൊക്കെയെന്ന് നോക്കാം.

വിമാന സർവീസ്

ലോക്ക്ഡൗൺ അഞ്ചാം ഘട്ടത്തിൽ കൂടുതൽ വിമാന സർവീസുകൾ തുടങ്ങിയേക്കും. നിലവിൽ രാജ്യത്തെ ഏതു വിമാനത്താവളത്തിലേക്കും സർവീസ് നടത്താൻ വിമാന കമ്പനികൾക്ക് സർക്കാർ അനുവാദം നൽകിയിട്ടുണ്ട്. ഓഗസ്റ്റിനു മുൻപ് രാജ്യാന്തര വിമാന സർവീസ് തുടങ്ങുമെന്നാണ് വ്യോമയാന മന്ത്രി ഹർദീപ് സിങ് പൂരി അറിയിച്ചത്.

ട്രെയിൻ സർവീസ്

Advertisment

ഇതര സംസ്ഥാന തൊഴിലാളികൾക്ക് സ്വന്തം നാടുകളിലേക്ക് മടങ്ങുന്നതിനായി റെയിൽവേ ശ്രമിക് സ്‌പെഷ്യൽ ട്രെയിനുകൾ ഓടിക്കുന്നുണ്ട്. മേയ് 28 വരെ 3,736 ട്രെയിനുകളിലായി 50 ലക്ഷത്തോളം തൊഴിലാളികളെ സ്വന്തം നാടുകളിലെത്തിച്ചു. ജൂൺ 1 മുതൽ 100 ഓളം മെയിൽ/എക്‌സ്‌പ്രസ് ട്രെയിനുകൾ ഓടിക്കാനാണ് റെയിൽവേ പദ്ധതിയിടുന്നത്. ഇതിനുളള ബുക്കിങ് തുടങ്ങിക്കഴിഞ്ഞു. ഇതിനുശേഷം എസി ക്ലാസ് ട്രെയിനുകളുടെ സർവീസും തുടങ്ങിയേക്കും.

അന്തർ സംസ്ഥാന ബസ് സർവീസ്, മെട്രോ സർവീസ്

ഒഡീഷ, ആന്ധ്രപ്രദേശ് പോലുളള സംസ്ഥാനങ്ങൾ അന്തർ സംസ്ഥാന ബസ് സർവീസ് ഇതിനോടകം തുടങ്ങിയിട്ടുണ്ട്. ജൂൺ 1 നുശേഷം മറ്റു സംസ്ഥാനങ്ങളും ഇത് തുടങ്ങാനാണ് സാധ്യത. കുറച്ച് യാത്രക്കാരെ കയറ്റി, സാമൂഹിക അകലം പാലിച്ച്, സ്റ്റോപ്പുകളുടെ എണ്ണം കുറച്ച് മെട്രോ സർവീസും തുടങ്ങിയേക്കും.

കടകൾ, മാർക്കറ്റുകൾ, മാളുകൾ

ലോക്ക്ഡൗൺ നാലാം ഘട്ടത്തിൽ തന്നെ അവശ്യ വസ്തുക്കൾ വിൽക്കുന്ന കടകൾ അല്ലാത്തവയ്ക്കും നിയന്ത്രണങ്ങളോടെ പ്രവർത്തിക്കാൻ സർക്കാർ അനുമതി നൽകിയിരുന്നു. അഞ്ചാം ഘട്ടത്തിൽ മാർക്കറ്റുകൾ ഉൾപ്പെടെ കൂടുതൽ കടകൾ തുറക്കാൻ അനുവദിച്ചേക്കും. അതേസമയം, ഷോപ്പിങ് മാളുകൾ തുറക്കുന്നത് സംബന്ധിച്ച് ഇപ്പോഴും അവ്യക്തത തുടരുകയാണ്.

ജിമ്മുകൾ, തിയേറ്ററുകൾ, ആരാധനാലയങ്ങൾ, സലൂണുകൾ

നിലവിൽ ജിമ്മുകൾ, തിയേറ്ററുകൾ, ആരാധനാലയങ്ങൾ, സലൂണുകൾ എന്നിവയെല്ലാം അടഞ്ഞു കിടക്കുകയാണ്. അതേസമയം, ചില സംസ്ഥാനങ്ങളിൽ മാർഗ നിർദേശങ്ങൾ പാലിച്ച് സലൂണുകളും ബ്യൂട്ടി പാർലറുകളും തുറക്കാൻ അനുവാദം കൊടുത്തിട്ടുണ്ട്. അഞ്ചാം ഘട്ടത്തിലും കണ്ടെയ്ൻമെന്റ് സോണുകളിൽ ഇവയ്ക്ക് തുറക്കാൻ അനുവാദം നൽകിയേക്കില്ല.

സ്കൂളുകൾ

സ്കൂളുകൾ തുറക്കുന്നത് സംബന്ധിച്ച് കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം ചർച്ചകൾ നടത്തുന്നുണ്ട്. 9, 10, 11, 12 ക്ലാസുകളിലെ കുട്ടികൾക്ക് ആദ്യം പഠനം തുടങ്ങാനാണ് ആലോചന. കുട്ടികൾ മാസ്ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക, ക്ലാസ് മുറികൾ സാനിറ്റൈസേഷൻ ചെയ്യുക തുടങ്ങിയ നിർദേശങ്ങൾ നിർബന്ധമായും പാലിക്കണം.

Corona Virus Lockdown Covid 19

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: