റായ്‌പൂർ: പന്ത്രണ്ടു വയസ്സുളള ജമാലു മാഡ്കം ആദ്യമായി വീട്ടിൽനിന്നും മാറിനിന്നത് തെലങ്കാനയിലെ മുളക് തോട്ടത്തിൽ ജോലിക്കായി പോയപ്പോഴാണ്. ചില ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ഒപ്പം രണ്ടു മാസം മുൻപാണ് ജമാലു ജോലിക്കായി പോയത്. പക്ഷേ, കഴിഞ്ഞ ഞായറാഴ്ച വീട്ടിലേക്ക് എത്തിയത് അവളുടെ ശവശരീരമായിരുന്നു.

മൂന്നു ദിവസത്തോളം തുടർച്ചയായി നടന്നതിനെ തുടർന്നുണ്ടായ ഇലക്ട്രോലൈറ്റിന്റെ അസന്തുലിതാവസ്ഥയും ക്ഷീണവും കാരണം ഏപ്രിൽ 18 നാണ് ആദിവാസി പെൺകുട്ടി മരിച്ചതെന്ന് അധികൃതർ അറിയിച്ചു. 13 പേർക്കൊപ്പം 100 കിലോമീറ്ററോളമാണ് പെൺകുട്ടി നടന്നത്. ഛത്തീസ്ഗഡിലെ ബിജാപൂർ ജില്ലയിലെ അഡെഡിലുളള തന്റെ വീട്ടിൽനിന്നും 11 കിലോമീറ്റർ അകലെ വച്ചാണ് പെൺകുട്ടി മരിച്ചത്.

ആൻഡൊറാം (32), സുകമതി മാഡ്കം (30) ദമ്പതികളുടെ ഒരേയൊരു മകളാണ് ജമാലു. വന ഉൽപ്പന്നങ്ങൾ വിറ്റുകിട്ടുന്ന തുച്ഛമായ വരുമാനത്തിലാണ് ഇവർ ജീവിക്കുന്നത്. വീട്ടിൽനിന്നും ആദ്യമായിട്ടാണ് ജമാലു ജോലിക്കായി മാറിനിന്നത്. ഗ്രാമത്തിലെ ചില സ്ത്രീകൾക്കൊപ്പമാണ് അവൾ തെലങ്കാനയിലേക്ക് പോയതെന്ന് പിതാവ് ആൻഡൊറാം പറഞ്ഞു.

ജമാലുവിന്റെ കുടുംബത്തിന് മുഖ്യമന്ത്രി ഭൂപേഷ് ബാഗൽ ഒരു ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. ഛത്തീസ്ഗഡിലെ ആദിവാസി സമൂഹത്തിൽപ്പെട്ട നിരവധി പേർ തെലങ്കാനയിലെ വിവിധ മുളകു തോട്ടങ്ങളിൽ ജോലി ചെയ്യുന്നുണ്ട്.

ഏപ്രിൽ 16 ന് ഒരു സംഘത്തിനൊപ്പം അവൾ ജോലി ചെയ്യുന്ന തെലങ്കാനയിലെ പെരൂരു ഗ്രാമത്തിൽനിന്നും പുറപ്പെട്ടതായാണ് തനിക്ക് വിവരം ലഭിച്ചതെന്ന് ആൻഡൊറാം പറഞ്ഞു. ലോക്ക്ഡൗൺ നീട്ടുമെന്നും തങ്ങൾക്ക് ജോലി ചെയ്യാൻ കഴിയില്ലെന്നുമുളള വാർത്ത കേട്ടതിനെ തുടർന്നാണ് അവർ ഗ്രാമത്തിലേക്ക് മടങ്ങാൻ തീരുമാനിച്ചതെന്ന് അദ്ദേഹം പറഞ്ഞു. 13 പേരടങ്ങിയ സംഘത്തിൽ ജമാലുവും മൂന്നു കുഞ്ഞുങ്ങളും എട്ടു സ്ത്രീകളുമാണ് ഉണ്ടായിരുന്നത്.

ഏപ്രിൽ 18 ന് രാവിലെ 8 മണിയോടെ ഛത്തീസ്ഗഡിലെ ബിജാപൂർ ജില്ലയുടെ അതിർത്തിയിൽ സംഘം എത്തിയപ്പോഴാണ് ജമാലു മരിച്ചതെന്നാണ് വൃത്തങ്ങളിൽനിന്നും ലഭിക്കുന്ന വിവരം. പെൺകുട്ടി മരിച്ച വിവരം കുടുംബത്തെ അറിയിക്കാൻ സംഘത്തിന് കഴിഞ്ഞില്ല. കാരണം സംഘത്തിൽ ഒരാളുടെ പക്കൽ മാത്രമാണ് ഫോണുണ്ടായിരുന്നത്. അതിന്റെ ബാറ്ററി തീർന്നുപോവുകയും ചെയ്തിരുന്നു.

Read Also: Covid-19 Live Updates: ഇന്ത്യയിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 600 ലേക്ക്, രോഗബാധിതർ 18,000 കടന്നു

ഒടുവിൽ ബിജാപൂർ ജില്ലയിലെ ബണ്ടാർപൽ ഗ്രാമത്തിലെത്തിയപ്പോഴാണ് വിവരം മാതാപിതാക്കളെ അറിയിക്കാനായത്. ഗ്രാമവാസിയായ ഒരാളുടെ ഫോൺ മുഖേനയാണ് വിവരം ധരിപ്പിച്ചത്. ഈ സമയം ബണ്ടാർപൽ ഗ്രാമവാസികൾ വിവരം പൊലീസിനെ അറിയിക്കുകയും ചെയ്തു.

വിവരം അറിഞ്ഞ ഉടൻ തന്നെ ബിജാപൂർ ജില്ലയിലെ മെഡിക്കൽ ഓഫീസർ ഡോ.ബി.ആർ.പൂജാരി സ്ഥലത്തെത്തി. തെലങ്കാനയിൽ കേസുകളുള്ളതിനാൽ ഞങ്ങൾ ഉടനെ ഞങ്ങളുടെ ടീമുകളെ അയച്ചു, പക്ഷേ ഞങ്ങൾക്ക് അവരെ കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് അദ്ദേഹം പറഞ്ഞു. അവസാനം ബിജാപൂരിലെ മെഡിക്കൽ സംഘം ഭണ്ഡാർപാൽ ഗ്രാമത്തിന്റെ പ്രാന്തപ്രദേശത്തുനിന്നും അവരെ പിടികൂടി. ജമാലുവിന്റെ മൃതദേഹം മോർഗിലേക്ക് (ശവശരീരങ്ങള്‍ സൂക്ഷിക്കുന്ന മുറി) കൊണ്ടുപോവുകയും സംഘത്തിലെ ബാക്കിയുളളവരെ ക്വാറന്റൈൻ കേന്ദ്രത്തിലേക്ക് മാറ്റുകയും ചെയ്തു.

ഞായറാഴ്ച വൈകീട്ടോടെ ആൻഡൊറാമും സുകമതിയും മകളുടെ മൃതദേഹം ഏറ്റു വാങ്ങാനെത്തി. മൂന്നു ദിവസത്തോളം തുടർച്ചയായി നടന്നതിനെ തുടർന്നുണ്ടായ ഇലക്ട്രോലൈറ്റിന്റെ അസന്തുലിതാവസ്ഥയും ക്ഷീണവും കാരണമാണ് പെൺകുട്ടി മരിച്ചതെന്നു സംശയിക്കുന്നതായി ഡോ.പൂജാരി പറഞ്ഞു. വനത്തിനുളളിലൂടെ അവർ നടന്നു. ഒരു സ്ഥലത്തുവച്ച് പെൺകുട്ടി വീണതായും ഡോക്ടർ പറഞ്ഞു.

ജമാലു മരിച്ചതിന്റെ പിറ്റേദിവസം അവളുടെ കോവിഡ് പരിശോധന ഫലം പുറത്തുവന്നു. ഫലം നെഗറ്റീവായിരുന്നു.

ഛത്തീസ്ഗഡിൽ നിലവിൽ 36 പോസിറ്റീവ് കേസുകളാണുളളത്. ഇതിൽ 11 പേർ ആശുപത്രിയിലാണ്. സംസ്ഥാനത്തിനു പുറത്തുനിന്നെത്തുന്ന എല്ലാവരെയും ക്വാറന്റൈൻ ചെയ്യുന്നുണ്ട്. തെലങ്കാനയിൽ 872 പോസിറ്റീവ് കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുളളത്.

Read in English: 12-year-old walks 100 km, dies just short of Bijapur home

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook