ലക്‌നൗ: ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങൾ ലംഘിച്ച് ക്രിക്കറ്റ് മത്സരം നടത്തിയതിനു ബിജെപി നേതാവ് അടക്കം 20 പേർക്കെതിരെ പൊലീസ് കേസെടുത്തു. ഉത്തര്‍പ്രദേശ് ബാരബങ്കി ജില്ലയിലെ പാന്‍പുര്‍ ഗ്രാമത്തില്‍ വ്യാഴാഴ്‌ചയാണ് ക്രിക്കറ്റ് മത്സരം നടന്നത്. ബിജെപി പ്രാദേശിക നേതാവ് സുധിർ സിങ്ങിനെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. സുധിർ സിങ്ങിനു പുറമേ 19 പേർക്കെതിരെയും യുപി പൊലീസ് കേസെടുത്തിട്ടുണ്ട്.

Read Also: സ്‌പ്രിൻക്ലർ: ബിജെപിയിൽ ഭിന്നത, രമേശിനെ തള്ളി സുരേന്ദ്രൻ

ഗ്രാമത്തിലെ മൈതാനത്ത് ആളുകള്‍ ഒത്തുകൂടി ക്രിക്കറ്റ് മത്സരം നടക്കുന്നതായി രാവിലെയാണ് പൊലീസ് കണ്‍ട്രോള്‍ റൂമില്‍ വിവരം ലഭിക്കുന്നത്. ഇതേ തുടർന്ന് അന്വേഷണം നടത്തിയപ്പോഴാണ് ക്രിക്കറ്റ് സംഘത്തെ പൊലീസ് കണ്ടെത്തിയതും അവർക്കെതിരെ കേസെടുത്തതും. പകർച്ചവ്യാധി നിയമപ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്.  ബിജെപി നേതാവായ സുധീര്‍ സിങ് അടക്കമുള്ളവരുടെ നേതൃത്വത്തിലാണ് മത്സരം സംഘടിപ്പിച്ചതെന്ന് പൊലീസ് സൂപ്രണ്ട് അരവിന്ദ് ചതുര്‍വേദി പറഞ്ഞു.

Read Also: ഇന്ത്യൻ താരങ്ങൾ കളിച്ചിരുന്നത് വ്യക്തിഗത നേട്ടങ്ങൾക്കു വേണ്ടി, ഞങ്ങൾ ടീമിനുവേണ്ടി: ഇൻസമാം

അതേസമയം, ബാരബങ്കി ജില്ലയിലെ കോവിഡ് ബാധിതൻ ഇപ്പോൾ രോഗമുക്തി നേടിയിട്ടുണ്ട്. ഇയാൾ ആശുപത്രി വിട്ടു. യുപിയിലെ 11 കോവിഡ് മുക്ത ജില്ലകളിൽ ഒരെണ്ണമാണ് ഇപ്പോൾ ബാരബങ്കിയും. എന്നാൽ, ജാഗ്രത തുടരണമെന്നും ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങൾ ജനങ്ങൾ പാലിക്കണമെന്നും ജില്ലാ ഭരണകൂടം ആവർത്തിക്കുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook