ന്യൂഡൽഹി: രാജ്യത്ത് കോവിഡ്-19 രോഗ പ്രതിരോധത്തിന്റെ ഭാഗമായി നടപ്പിലാക്കിയ ലോക്ക്ഡൗണ്‍ കാലയളവ് നീട്ടിയതു കാരണം ട്രെയിൻ സർവീസുകൾ ഉടൻ പുനഃരാരംഭിക്കില്ലെന്ന് വ്യക്‌തമാക്കി ഇന്ത്യൻ റെയിൽവെ. മേയ് മൂന്ന് വരെ പാസഞ്ചർ ട്രെയിൻ സർവീസുകൾ ഉണ്ടാകില്ലെന്ന് റെയിൽവെ വ്യക്‌തമാക്കി. ലോക്ക്ഡൗണ്‍ 19 ദിവസത്തേക്ക് കൂടി നീട്ടിയിരിക്കുകയാണ്.

മേയ് മൂന്നിനാണ് ലോക്ക്ഡൗണ്‍ അവസാനിക്കുക. രാജ്യത്ത് കടുത്ത നിയന്ത്രണങ്ങൾ തുടരേണ്ട സാഹചര്യമുള്ളതിനാലാണ് ട്രെയിൻ സർവീസുകൾ പുനഃരാരംഭിക്കാത്തത്.

അതേസമയം, ചരക്കുനീക്ക സർവീസുകൾ പതിവുപോലെ നടത്തും. ഏപ്രില്‍ 15 മുതല്‍ സര്‍വീസ് ആരംഭിക്കാം എന്ന പ്രതീക്ഷയില്‍ ഓണ്‍ലൈന്‍ ടിക്കറ്റുകള്‍ വിറ്റിരുന്നു.
എന്നാല്‍ പുതിയ സാഹചര്യത്തില്‍ മുൻകൂട്ടിയുള്ള ടിക്കറ്റ് ബുക്കിങ് റെയിൽവെ റദ്ദാക്കി. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ അഡ്വാൻസ് ബുക്കിങ് നിര്‍ത്തിവച്ചു.

Read Also: അടച്ചുപൂട്ടൽ 19 ദിവസം കൂടി; പ്രധാനമന്ത്രി പറഞ്ഞതിലെ പ്രസക്‌ത ഭാഗങ്ങൾ വായിക്കാം

രാജ്യത്ത് വിമാന സർവീസുകളും ഇക്കാലയളവിൽ ഉണ്ടാകില്ലെന്ന് സിവിൽ ഏവിയേഷൻ മന്ത്രാലയം അറിയിച്ചു. മേയ് മൂന്ന് വരെയുള്ള ആഭ്യന്തര-രാജ്യാന്തര സർവീസുകൾ റദ്ദാക്കിയതായി മന്ത്രാലയം വ്യക്തമാക്കി.

സമ്പൂർണ അടച്ചുപൂട്ടൽ നീട്ടി 

കോവിഡ്-19 വൈറസ് വ്യാപനത്തെ ചെറുക്കാൻ രാജ്യത്ത് നടപ്പിലാക്കിയ 21 ദിവസത്തെ ലോക്ക്ഡൗണ്‍ നീട്ടി. മേയ് മൂന്ന് വരെയാണ് ലോക്ക്ഡൗണ്‍ നീട്ടിയത്. ഇന്നു രാവിലെ പത്തിനു പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്‌ത് സംസാരിക്കുമ്പോൾ ആണ് ലോക്ക്ഡൗണ്‍ നീട്ടിയതായി പ്രഖ്യാപിച്ചത്.

ഏപ്രിൽ 20 വരെ രാജ്യത്ത് കർശന നിയന്ത്രണങ്ങൾ തുടരുമെന്നും അതിനുശേഷം സ്ഥിതിഗതികൾ വിലയിരുത്തി ഇളവുകൾ കൊണ്ടുവരാമെന്നും പ്രധാനമന്ത്രി പറഞ്ഞു. 19 ദിവസത്തേക്ക് കൂടിയാണ് ലോക്ക്ഡൗണ്‍ ഇപ്പോൾ നീട്ടിയിരിക്കുന്നത്. സാമൂഹിക അകലം പാലിക്കൽ മാത്രമാണ് കോവിഡിനെ നേരിടാനുള്ള പ്രതിവിധിയെന്ന് പ്രധാനമന്ത്രി പറഞ്ഞു.

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്നു

അതേസമയം, രാജ്യത്ത് കോവിഡ്-19 ബാധിച്ചവരുടെ എണ്ണം 10,000 കടന്നു. കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ കണക്കനുസരിച്ച് രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 10,363 ആയി. 339 പേർ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചു. രാജ്യത്ത് ഇപ്പോൾ ചികിത്സയിലുള്ള 8,988 പേരാണ്. 1035 പേർക്ക് രോഗം ഭേദപ്പെട്ടു. രാജ്യത്ത് അതീവ ജാഗ്രത തുടരുകയാണ്.

Read Also: അടച്ചുപൂട്ടൽ 19 ദിവസം കൂടി; പ്രധാനമന്ത്രി പറഞ്ഞതിലെ പ്രസക്‌ത ഭാഗങ്ങൾ വായിക്കാം

ലോകത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 20 ലക്ഷത്തിലേക്ക് അടുക്കുകയാണ്. ലോകത്ത് കൊറോണ ബാധിരായവരുടെ എണ്ണം 19.18ലക്ഷം ആണ്. മരണ സംഖ്യ 1,19,483 ആയി. നിലവില്‍ അമേരിക്കയിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ സ്ഥിരീകരിച്ചത്. അമേരിക്കയിൽ മാത്രം ആറ് ലക്ഷം പേർക്ക് രോഗം സ്ഥിരീകരിച്ചു. കോവിഡ് ബാധിച്ച് 23,000 പേർക്ക് അമേരിക്കയിൽ ജീവൻ നഷ്ടപ്പെട്ടു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook