മുംബെെ: കോവിഡ് പ്രതിരോധത്തിനായി രാജ്യമൊട്ടാകെ സമ്പൂർണ അടച്ചുപൂട്ടലിലൂടെ കടന്നുപോകുകയാണ്. മേയ് മൂന്ന് വരെയാണ് അടച്ചുപൂട്ടൽ തുടരുക. കർശന നിയന്ത്രണങ്ങളാണ് രാജ്യത്ത് ഇതുമായി ബന്ധപ്പെട്ട് നടപ്പിലാക്കിയിരിക്കുന്നത്. പൊതുനിരത്തുകളിൽ ഇറങ്ങുന്നതിനു പോലും നിയന്ത്രണമുണ്ട്. അത്യാവശ്യ യാത്രകൾ മാത്രമാണ് പൊലീസ് അനുവദിക്കുക. അതിനിടയിലാണ് ടിക്‌ടോക് ചെയ്യാൻ വേണ്ടി രണ്ട് യുവാക്കൾ റോഡിലിറങ്ങിയത്. ടിക്‌ടോക് ഹിറ്റായി എന്നുമാത്രമല്ല ഇവരെ പൊലീസ് പൊക്കുകയും ചെയ്തു.
മുംബെെയിലാണ് ടിക്‌ടോക് ചെയ്‌ത രണ്ട് യുവാക്കളെ പൊലീസ് പൊക്കിയത്. ഇവരുടെ ടിക്‌ടോക് വീഡിയോ കണ്ട ശേഷമാണ് അറസ്റ്റ്. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങൾ ലംഘിച്ചതിന്റെ പേരിൽ ഇവർക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്‌തു. ഡോഗ്രി പൊലീസാണ് ഇവർക്കെതിരെ കേസെടുത്തത്. മൊഹമ്മദ് ഹസൻ (24), ആസിഫ് റാഷിദ് (19) എന്നിവരാണ് അറസ്റ്റിലായത്. വീട്ടിൽ നിന്നു റോഡിലിറങ്ങി വീഡിയോ റെക്കോർഡ് ചെയ്‌തതിനാണ് അറസ്റ്റ്.
Two young men in Dongri step out to make a Tiktok video @IndianExpress pic.twitter.com/XFPJmUDzb5
— Sagar Rajput (@sagarajput24) April 19, 2020
ആരോ അയച്ചുകൊടുത്ത വീഡിയോയാണ് പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടത്. ടിക്‌ടോകിൽ നിരവധി ഫോളോവേഴ്‌സ് ഉള്ളവരാണ് ഇവർ രണ്ടു പേരുമെന്ന് പൊലീസ് പറയുന്നു. ടിക്‌ടോക് ഐഡിയിൽ നിന്നു ലഭിച്ച വിവരങ്ങൾ ഉപയോഗിച്ചാണ് പൊലീസ് ഇവർ രണ്ടു പേരെയും പിടികൂടിയത്. കടുത്ത നിയന്ത്രണങ്ങൾക്കിടെ ഇത്തരം കാര്യങ്ങൾക്കായി ആളുകൾ പുറത്തിറങ്ങുന്നത് അനുവദിക്കില്ലെന്നാണ് പൊലീസ് പറയുന്നത്.
കേരളത്തിൽ ഇത്തരത്തിൽ ചില യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു. ഏതാനും പേർ ചേർന്ന് ചിക്കൻ ചുട്ടതിന്റെ വീഡിയോ കണ്ടാണ് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്. ഇതിന്റെ വീഡിയോയും അന്ന് സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. കൂട്ടുകാരെല്ലാം ഒന്നിച്ച് ചിക്കൻ ചുട്ടു, ലോക്ക്‌ഡൗണ്‍ നിയന്ത്രണങ്ങൾ നിലനിൽക്കെയാണ് ഇത്. ചിക്കൻ ചുട്ടു എന്ന് മാത്രമല്ല അതെല്ലാം വീഡിയോ ആക്കി സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവയ്‌ക്കുകയും ചെയ്തു. ഇത് ശ്രദ്ധയിൽപ്പെട്ടപ്പോൾ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങൾ ലഘിച്ചതിന്റെ പേരിൽ ഇവരെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.