ബെംഗളൂരു: ലോക്ക്ഡൗണ്‍ മൂലം സംസ്ഥാനത്ത് കുടുങ്ങിയ ഇതര സംസ്ഥാന തൊഴിലാളികൾക്കു നാട്ടിലേക്കു തിരിച്ചുപോകാനുള്ള ട്രെയിൻ സർവീസ് കർണാടക നിർത്തിവച്ചു. മറ്റു സംസ്ഥാനങ്ങളിലേക്ക് പോകാനുള്ള ട്രെയിൻ സർവീസുകളാണ് യെഡിയൂരപ്പ സർക്കാർ താൽക്കാലികമായി റദ്ദാക്കിയത്. ഇതര സംസ്ഥാന തൊഴിലാളികളോട് കർണാടകയിൽ തന്നെ തുടരാൻ സർക്കാർ ആവശ്യപ്പെടുകയും ചെയ്തു. സാമ്പത്തിക ബുദ്ധിമുട്ട് കാരണമാണ് ഇങ്ങനെയൊരു തീരുമാനമെന്നാണ് റിപ്പോർട്ടുകൾ.
സർക്കാർ ആവശ്യപ്പെട്ടതനുസരിച്ച് നേരത്തെ ഷെഡ്യൂൾ ചെയ്ത ട്രെയിൻ സർവീസുകൾ റദ്ദാക്കണമെന്ന് ദക്ഷിണ റെയിൽവേയോട് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടു. ദക്ഷിണ റെയിൽവേയ്ക്ക് കർണാടക സർക്കാർ കത്തെഴുതിയിട്ടുണ്ട്. ഇതര സംസ്ഥാന തൊഴിലാളികൾക്കായി ട്രെയിൻ വേണമെന്ന് ആവശ്യപ്പെട്ട സർക്കാർ ഇപ്പോൾ നിലപാട് മാറ്റിയിരിക്കുകയാണ്.
Read Also:Explained: എന്തുകൊണ്ട് കേരളത്തിന്റെ അയൽ സംസ്ഥാനമായ തമിഴ്നാട് ഉത്കണ്ഠയുടെ പുതിയ കാരണമാകുന്നു?
നാളെ മുതൽ ട്രെയിൻ സർവീസുകൾ ആവശ്യമില്ലാത്തതിനാൽ അഭ്യർഥന പിൻവലിക്കുകയാണെന്ന് ഇതര സംസ്ഥാന തൊഴിലാളികളുടെ ചുമതല വഹിക്കുന്ന നോഡൽ ഓഫിസർ എൻ. മഞ്ജുനാഥ് പ്രസാദ് ദക്ഷിണ റെയിൽവേയ്ക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ലോക്ക്ഡൗണ്‍ കഴിഞ്ഞ ശേഷമേ ഇതര സംസ്ഥാന തൊഴിലാളികളെ അവരവരുടെ നാട്ടിലേക്ക് തിരിച്ചയക്കൂ എന്നാണ് കർണാടക സർക്കാർ നിലപാട്.
ഇതര സംസ്ഥാന തൊഴിലാളികൾക്കായി ഞായറാഴ്ച മുതൽ എട്ടു ട്രെയിനുകൾ സർവീസ് നടത്തിയിരുന്നു. 9,583 തൊഴിലാളികളെ മടക്കി അയച്ചു. ഇനിയും മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള ലക്ഷക്കണക്കിനു തൊഴിലാളികൾ കർണാടകയിൽ കുടുങ്ങി കിടക്കുകയാണ്. ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിൽ ചിലർ തെറ്റിദ്ധാരണകൾ പരത്തുന്നുണ്ടെന്നും അതിനാലാണ് കൂട്ടത്തോടെ നാട്ടിലേക്ക് മടങ്ങാൻ അവർ ആഗ്രഹിക്കുന്നതെന്നുമാണ് സംസ്ഥാന സർക്കാർ പറയുന്നത്.