ന്യൂഡൽഹി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് ലോക്ക്ഡൗണ്‍ ഇനിയും നീട്ടണമെന്ന് ആവശ്യപ്പെട്ട് വിവിധ സംസ്ഥാനങ്ങൾ. ലോക്ക്ഡൗണ്‍ നീട്ടരുതെന്നും ചില നിയന്ത്രണങ്ങൾ തുടരണമെന്നും മറ്റു ചില സംസ്ഥാനങ്ങളും ആവശ്യപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രിമാരുമായി നടത്തിയ വീഡിയോ കോൺഫറൻസിലാണ് സംസ്ഥാനങ്ങൾ തങ്ങളുടെ നിലപാട് അറിയിച്ചത്.
രാജ്യത്ത് പാസഞ്ചർ ട്രെയിൻ സർവീസ് പുനരാരംഭിക്കുന്നതിനെ അതിശക്തമായി എതിർത്ത സംസ്ഥാനങ്ങളാണ് തമിഴ്നാടും തെലങ്കാനയും. ട്രെയിൻ സർവീസ് സാധാരണ രീതിയിൽ ആയാൽ ഇതുവരെയുള്ള നിയന്ത്രണങ്ങൾ പാളിപ്പോകുമെന്നാണ് സംസ്ഥാനങ്ങളുടെ നിലപാട്. പാസഞ്ചർ ട്രെയിൻ സർവീസ് ഉടൻ പുനരാരംഭിക്കരുതെന്ന് തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖർ റാവു പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. പ്രധാന നഗരങ്ങളായ മുംബെെ, ചെന്നെെ, ഡൽഹി, ഹെെദരാബാദ് എന്നിവിടങ്ങളിൽ രോഗവ്യാപനം വർധിക്കാൻ സാധ്യതയുണ്ടെന്ന ആശങ്കയും അദ്ദേഹം രേഖപ്പെടുത്തി.
Read Also: ട്രെയിൻ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു; കേരളത്തിലേക്കുള്ള സർവീസുകൾ എപ്പോൾ?
ലോക്ക്ഡൗണ്‍ നീട്ടണമെന്നാണ് റാവുവിന്റെ ആവശ്യം. മേയ് 31 വരെ തമിഴ്നാട്ടിൽ പാസഞ്ചർ ട്രെയിൻ സർവീസുകളും വിമാന സർവീസും യാതൊരു കാരണവശാലും പുനരാരംഭിക്കരുതെന്ന് മുഖ്യമന്ത്രി പളനിസ്വാമി ആവശ്യപ്പെട്ടു. ചെന്നെെയിൽ ദിനംപ്രതി കോവിഡ് പോസിറ്റീവ് കേസുകൾ വർധിക്കുകയാണെന്നും അതിനാൽ സംസ്ഥാനത്ത് ട്രെയിൻ സർവീസ് അനുവദിക്കരുതെന്നും പളനിസ്വാമി ആവശ്യപ്പെട്ടു.
സാമ്പത്തിക ഭദ്രതയ്ക്കുവേണ്ടിയുള്ള കാര്യങ്ങൾ ചെയ്തുകൊണ്ട് ലോക്ക്ഡൗണ്‍ നീട്ടണമെന്നാണ് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടത്. ജീവൻ രക്ഷിക്കാനുള്ള എല്ലാ നടപടികളും കേന്ദ്രം ചെയ്യണമെന്നും പഞ്ചാബ് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
അതേസമയം, രോഗവ്യാപനമുള്ള മേഖലകളിൽ നിയന്ത്രണം തുടർന്ന് മറ്റു സ്ഥലങ്ങളിലെല്ലാം സാധാരണ നിലയിൽ പ്രവർത്തനങ്ങൾ നടത്താൻ അനുമതി വേണമെന്നാണ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ആവശ്യപ്പെട്ടത്. കോവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇത് അഞ്ചാം തവണയാണ് പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി വീഡിയോ കോൺഫറൻസ് നടത്തുന്നത്.
കേരള മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടത്
സംസ്ഥാനങ്ങള്‍ വ്യത്യസ്ത നിലയിലുള്ള വെല്ലുവിളികളാണ് നേരിടുന്നതെന്നും അതിനാല്‍ ലോക്ക്ഡൗണുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദേശങ്ങളില്‍ ന്യായമായ മാറ്റം വരുത്താനുള്ള സ്വാതന്ത്ര്യം സംസ്ഥാനങ്ങള്‍ക്ക് നല്‍കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള വീഡിയോ കോണ്‍ഫറന്‍സില്‍ ആവശ്യപ്പെട്ടു. ഓരോ സംസ്ഥാനത്തെയും സ്ഥിതിഗതികള്‍ വിലയിരുത്തി നിയന്ത്രണങ്ങള്‍ക്ക് വിധേയമായ പൊതുഗതാഗതം അനുവദിക്കാനുള്ള സ്വാതന്ത്ര്യം സംസ്ഥാനങ്ങള്‍ക്ക് നല്‍കണമെന്ന് അദ്ദേഹം പറഞ്ഞു.
സംസ്ഥാനം കേന്ദ്രത്തിന് മുന്നില്‍ വച്ച മറ്റു ആവശ്യങ്ങള്‍ ഇവയാണ്: റെഡ്സോണ്‍ ഒഴികെയുള്ള പട്ടണങ്ങളില്‍ നിയന്ത്രണങ്ങള്‍ക്ക് വിധേയമായി മെട്രോ റെയില്‍ സര്‍വ്വീസ് അനുവദിക്കണം. ഓരോ ജില്ലയിലേയും സ്ഥിതി സംസ്ഥാന സര്‍ക്കാര്‍ വിലയിരുത്തിയ ശേഷം മൂന്നു ചക്ര വാഹനങ്ങള്‍ അനുവദിക്കാവുന്നതാണ്. എന്നാല്‍ ഇങ്ങനെ ചെയ്യുമ്പോള്‍ യാത്രക്കാരുടെ എണ്ണം നിയന്ത്രിക്കാം.
ഓരോ പ്രദേശത്തെയും സ്ഥിതി വിലയിരുത്തിയശേഷം വ്യവസായ വാണിജ്യ സംരംഭങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് ഇളവുകള്‍ നല്കാന് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കഴിയണം. വിദേശ രാജ്യങ്ങളില്‍നിന്ന് പ്രത്യേക വിമാനങ്ങളില്‍ പ്രവാസികളെ കൊണ്ടുവരുമ്പോള്‍ വിമാനത്തില്‍ അവരെ കയറ്റുന്നതിന് മുമ്പ് ആന്റി ബോഡി ടെസ്റ്റ് നടത്തണം. ഇതു ചെയ്തില്ലെങ്കില്‍ ധാരാളം യാത്രക്കാര്‍ക്ക് രോഗബാധയുണ്ടാകാന്‍ സാധ്യതയുണ്ട്. പ്രത്യേക വിമാനങ്ങളില്‍ കേരളത്തില്‍ വന്ന അഞ്ചുപേര്‍ക്ക് ഇതിനകം കോവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട്. ഇളവുകള്‍ വരുമ്പോള്‍ കൂടുതല്‍ യാത്രക്കാര്‍ ഉണ്ടാകും. അതിനാല്‍ യാത്രക്കാരെ കൊണ്ടുപോകുന്നതിന് വ്യക്തമായ മാര്‍ഗനിര്‍ദേശം ഉണ്ടാകണം.
രാജ്യത്തെ വിവിധ സംസ്ഥാനങ്ങള്‍ക്കിടയില്‍ റോഡ് വഴിയുള്ള യാത്രക്ക് എത്തിച്ചേരേണ്ട ജില്ലയിലെ പെര്‍മിറ്റ് ആദ്യം ലഭിച്ചിരിക്കണം. ഇതിന്റെ അടിസ്ഥാനത്തില്‍ എവിടെയാണോ ആള് ഉള്ളത് ആ ജില്ലയില്‍നിന്ന് സ്വന്തം നാട്ടിലേക്ക് തിരിച്ചുപോകാനുള്ള പെര്‍മിറ്റ് നല്‍കണം. ആ രീതിയാണ് ഇപ്പോള്‍ പിന്തുടരുന്നത്. വഴിമധ്യേ തങ്ങുന്നില്ലെങ്കില്‍ കടന്നുപോകുന്ന സംസ്ഥാനങ്ങളുടെ പ്രത്യേക പാസ് വേണമെന്ന നിബന്ധന പാടില്ല. ഇക്കാര്യത്തില്‍ നിലനില്‍ക്കുന്ന അവ്യക്തത ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. കൂടുതൽ വിശദമായി വായിക്കാൻ ഇവിടെ ക്ലിക് ചെയ്യുക
കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് മമത
കോവിഡ്-19 മഹാമാരിയെ നേരിടുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രീയം കളിക്കുന്നതായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി കുറ്റപ്പെടുത്തി. യാത്രാ ട്രെയിന്‍ സേവനം പുനരാരംഭിക്കുന്നതിനെതിരെയും മമത രംഗത്തെത്തി. “ഞങ്ങള്‍ കേന്ദ്രവുമായി സഹകരിക്കുകയാണ്. എന്നാല്‍ എന്തിനാണ് നിങ്ങള്‍ രാഷ്ട്രീയം കളിക്കുന്നത്. ഇത് രാഷ്ട്രീയത്തിനുള്ള സമയമല്ല. ഞങ്ങള്‍ ഞങ്ങളുടെ പരമാവധി ശ്രമിക്കുന്നതു. പക്ഷേ, എന്തിനാണ് കേന്ദ്രം പശ്ചിമ ബംഗാളിനെ ആക്രമിക്കുന്നത്,” മമത യോഗത്തില്‍ പറഞ്ഞു. ലോക്ഡൗണ്‍ അവസാനിപ്പിക്കും മുമ്പും മറ്റു സേവനങ്ങള്‍ പുനരാരംഭിക്കുന്നതിനുമുമ്പും കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങളുമായി ചര്‍ച്ച നടത്തണമെന്ന് മമത ആവശ്യപ്പെട്ടു.