ന്യൂഡൽഹി: കോവിഡ് പ്രതിരോധത്തിൽ രാജ്യം ഒറ്റക്കെട്ടായി മുന്നോട്ടു പോകുകയാണെന്ന് പരാമർശിച്ചായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്‌തത്. കോവിഡ് വ്യാപനത്തെ ചെറുക്കാൻ രാജ്യത്ത് നടപ്പിലാക്കിയ സമ്പൂർണ അടച്ചുപൂട്ടൽ ഇന്ന് അവസാനിക്കാനിരിക്കെയായിരുന്നു പ്രധാനമന്ത്രിയുടെ ഇന്നത്തെ അഭിസംബോധന. പ്രധാനമന്ത്രിയുടെ പ്രസംഗത്തിലെ പ്രസക്‌തഭാഗങ്ങൾ എന്തെല്ലാമെന്ന് അറിയാം:

ലോക്ക്ഡൗണ്‍ നീട്ടി

രാജ്യത്ത് ലോക്ക്ഡൗണ്‍ നീട്ടുന്നതായി പ്രധാനമന്ത്രി പ്രഖ്യാപിച്ചു. മേയ് മൂന്ന് വരെയാണ് ലോക്ക്ഡൗണ്‍ നീട്ടിയിരിക്കുന്നത്. മേയ് മൂന്ന് വരെ അടച്ചുപൂട്ടൽ തുടരും.

Read Also: ലോക്ക്ഡൗണ്‍: ഏപ്രിൽ 20 മുതൽ ചിലയിടങ്ങളിൽ ഇളവുകൾ

ഏപ്രിൽ 20 വരെ കർശന നിയന്ത്രണങ്ങൾ

മേയ് മൂന്ന് വരെ അടച്ചുപൂട്ടൽ തുടരുമെങ്കിലും ഏപ്രിൽ 20 വരെ കർശന നിയന്ത്രണങ്ങൾ ഉണ്ടായിരിക്കും. അതിനുശേഷം സ്ഥിതിഗതികൾ പരിശോധിക്കും. കോവിഡ് പ്രതിസന്ധിക്ക് അയവുവന്നിട്ടുള്ള സ്ഥലങ്ങളിൽ ഏപ്രിൽ 20 നു ശേഷം ചില ഇളവുകൾ നൽകും.

മാർഗരേഖ നാളെ

ലോക്ക്ഡൗണ്‍ നീട്ടിയതുമായി ബന്ധപ്പെട്ട സമ്പൂർണ മാർഗരേഖ നാളെ പുറത്തിറക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. പാവപ്പെട്ടവരുടെ സംരക്ഷണത്തിനു കൂടുതൽ പ്രാധാന്യം നൽകുന്നതായിരിക്കും മാർഗരേഖ.

ജാഗ്രത തുടരണം

നിയന്ത്രണങ്ങൾ ലഘൂകരിക്കാൻ ഇപ്പോൾ സാധിക്കില്ല. വെെറസ് വ്യാപനത്തെ ശക്തമായി പ്രതിരോധിക്കണം. കാര്യങ്ങൾ വളരെ ഗൗരവമായി വീക്ഷിക്കും. ഹോട്ട്‌സ്‌പോട്ടുകളിൽ പ്രത്യേക നിരീക്ഷണം ഉണ്ടായിരിക്കും.

വെെറസ് വ്യാപനം അതിവേഗം

വെെറസ് വ്യാപനം അതിവേഗം നടക്കുന്നു. സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷമാണ് ലോക്ക്ഡൗണ്‍ നീട്ടാൻ തീരുമാനിച്ചത്. വെെറസ് വ്യാപനത്തെ നമുക്ക് തടയാൻ സാധിക്കണം.

Read Also: Covid-19 Live Updates: രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം പതിനായിരം കടന്നു

മോദി മുന്നോട്ടുവച്ച ഏഴ് നിർദേശങ്ങൾ:

1. പ്രായമായവരുടെ കാര്യത്തിൽ പ്രത്യേകം ശ്രദ്ധപുലർത്തുക.

2. വീട്ടിൽ ഉണ്ടാക്കിയ മുഖാവരണം ഉപയോഗിക്കുക.

3. ആരോഗ്യസേതു ആപ് എല്ലാവരും ഉപയോഗിക്കുക. മറ്റുള്ളവരോട് ഉപയോഗിക്കാൻ പറയുക.

4. പാവപ്പെട്ടവരുടെ കാര്യത്തിൽ ശ്രദ്ധവേണം, അവരുടെ ഭക്ഷണമടക്കമുള്ള കാര്യങ്ങൾ പരിഗണിക്കണം.

5. ആരേയും ജോലിയിൽ നിന്നു പിരിച്ചുവിടരുത്.

6. ആരോഗ്യപ്രവർത്തകരെയും പൊലീസിനെയും ശുചീകരണ തൊഴിലാളികളെയും ബഹുമാനിക്കുക, അവരെ ആദരിക്കുക.

7. മേയ് മൂന്ന് വരെ ലോക്ക്ഡൗണ്‍ തുടരും. പൂർണമായി നിയന്ത്രണങ്ങളോട് സഹകരിക്കുക. നിങ്ങൾ ഇപ്പോൾ എവിടെയായിരിക്കുന്നോ അവിടെ തന്നെ തുടരുക.

സംസ്ഥാനങ്ങൾക്ക് അഭിനന്ദനം

സംസ്ഥാനങ്ങളെ പ്രധാനമന്ത്രി അഭിനന്ദിച്ചു. കോവിഡ് പ്രതിരോധത്തിൽ സംസ്ഥാന സർക്കാരുകൾ നടത്തുന്ന പ്രവർത്തനം ശ്ലാഘനീയമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.

തീവ്രബാധിത പ്രദേശങ്ങൾ കൂടുതൽ ശ്രദ്ധിക്കണം

തീവ്രബാധിത പ്രദേശങ്ങൾ കൂടുതൽ ശ്രദ്ധിക്കണം. കൂടുതൽ തീവ്രബാധിത പ്രദേശങ്ങൾ ഉണ്ടാകാൻ അനുവദിക്കരുത്.

Read Also: വിഷു 2020: ആയുരാരോഗ്യസൗഖ്യം നേര്‍ന്നു താരങ്ങളും

ഇന്ത്യ അതിവേഗം പ്രതികരിച്ചു

മറ്റ് രാജ്യങ്ങളിൽ നിന്നു വ്യത്യസ്‌തമായി ഇന്ത്യ കോവിഡ് പ്രതിരോധത്തിൽ മുന്നിട്ടുനിൽക്കുന്നതായി പ്രധാനമന്ത്രി പറഞ്ഞു. കാര്യങ്ങൾ ഗുരുതരമാകാൻ നമ്മൾ കാത്തുനിന്നില്ല. ആവശ്യമായ നടപടികൾ അതിവേഗം സ്വീകരിച്ചു. 500 കേസുകൾ ആയപ്പോഴേക്കും നമ്മൾ സമ്പൂർണ അടച്ചുപൂട്ടൽ പ്രഖ്യാപിക്കുകയായിരുന്നു. പ്രശ്‌നങ്ങൾ വഷളാകാൻ നമ്മൾ അനുവദിച്ചില്ല.

രാജ്യത്തെ ജനങ്ങൾക്ക് നന്ദി

ഇന്ത്യയിലെ ജനങ്ങളുടെ സഹകരണത്തിനു പ്രധാനമന്ത്രി നന്ദി രേഖപ്പെടുത്തി. കോവിഡിനെ പ്രതിരോധിക്കാൻ ഒരു പട്ടാളക്കാരനെ പോലെ നിങ്ങൾ പ്രയത്നിച്ചു. എല്ലാവരും ഒന്നിച്ചുനിന്നു. രാജ്യത്തെ എല്ലാ ജനങ്ങൾക്കും നന്ദി പറയുന്നു.

പോരാട്ടം തുടരും

കോവിഡിനെതിരായ പോരാട്ടം രാജ്യത്ത് തുടരും. വളരെ ശക്തമായി നമ്മൾ കോവിഡിനെതിരെ ഇപ്പോൾ പോരാടുന്നുണ്ട്. എല്ലാ വേദനകൾക്കിടയിലും ജനങ്ങൾ രാജ്യത്തിനായി പോരാടുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook