തൃശൂർ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ പദ്ധതി വിഹിതം ചെലവിടുന്ന രീതിയില്‍ മാറ്റം വരുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പദ്ധതി പണം ചെലവഴിക്കുന്നത് സാമ്പത്തിക വര്‍ഷത്തിന്റെ അവസാന മൂന്നു മാസങ്ങളിലാണ്. ഈ നില തുടരാനാകില്ലെന്ന് ജനകീയാസൂത്രണത്തിന്റെ രണ്ടാം ഘട്ടത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം നിര്‍വഹിക്കവേ അദ്ദേഹം പറഞ്ഞു.
അവസാന മൂന്നു മാസങ്ങളില്‍ 30 ശതമാനം തുക മാത്രമേ അവശേഷിക്കാവൂ. ഇത് മാര്‍ച്ചില്‍ 15 ശതമാനത്തില്‍ അധികം ആകാനും പാടില്ല. പണം ക്രമാനുഗതമായി ചെലവഴിക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. സര്‍ക്കാര്‍ ഈ തരത്തിലേക്ക് മാറുമ്പോള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും മാറണം.
മാര്‍ച്ച് 31-ന് മുമ്പ് അടുത്ത സാമ്പത്തിക വര്‍ഷത്തെ പദ്ധതി രൂപീകരണം പൂര്‍ത്തിയാക്കി ഏപ്രില്‍ ഒന്നിന് പദ്ധതി നിര്‍വഹണം ആരംഭിക്കണം. രണ്ട് ലക്ഷം കോടി രൂപയാണ് 13-ാം പഞ്ചവത്സര പദ്ധതിയുടെ അടങ്കല്‍ തുക. ഇതില്‍ 60,000 കോടി രൂപ ചെലവഴിക്കുന്നത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴിയാണ്. നവ കേരളം സാധ്യമാക്കുന്നതിന് ഈ പ്രാദേശിക പദ്ധതികളും വിജയകരമായി നടപ്പിലാക്കണം.
ജനതയെ വിധിക്കും കമ്പോളത്തിനും വിട്ടു കൊടുക്കാന്‍ കേരളം തയാറാകാത്തതു കൊണ്ടാണ് സംസ്ഥാനം പഞ്ചവല്‍സര ആസൂത്രണ പദ്ധതികള്‍ ഉപേക്ഷിക്കാത്തത്. കേന്ദ്ര സര്‍ക്കാര്‍ ആസൂത്രണം ഉപേക്ഷിച്ചു. ജനകീയാസൂത്രണത്തിന് 13-ാമത് പഞ്ചവല്‍സര പദ്ധതി വിജയിപ്പിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിക്കാന്‍ കഴിയുമെന്നും പിണറായി പറഞ്ഞു.
നോട്ടു പ്രതിസന്ധി താമസിയാതെ അവസാനിക്കുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവച്ചു. സഹകരണ പ്രസ്ഥാനത്തെ പ്രതിസന്ധിയിലാക്കിയ നോട്ടു നിരോധനം ഉയര്‍ത്തുന്ന വെല്ലുവിളികള്‍ നേരിടാനുള്ള ശ്രമങ്ങള്‍ സജീവമായി മുന്നേറുന്നു. കേരളം ഏറ്റവും വലിയ വരള്‍ച്ചയെ നേരിടുകയാണ്. ഈ വരള്‍ച്ചയെ നേരിടുന്നതിന് മുന്‍കൂര്‍ പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.