ന്യൂഡൽഹി: ജമ്മു കാശ്മീരിലെ ഇന്ത്യാ-പാക് അതിർത്തിയിൽ വെടിനിർത്തൽ കരാർ ലംഘിച്ച് പാക് സൈന്യം രൂക്ഷമായ ആക്രമണം തുടങ്ങി. പുൽവാമ ഭീകരാക്രമണത്തിന് ഇന്ത്യ തിരിച്ചടി നൽകിയതിന് പിന്നാലെയാണ് പാക് സൈന്യം ആക്രമണം നടത്തിയത്.
ജമ്മു കാശ്മീരിലെ നൗഷേര, അഖ്നൂർ മേഖലകളിലാണ് പാക് സൈന്യം വെടിയുതിര്‍ത്തത്. അതീവജാഗ്രതയോടെയാണ് ഇന്ത്യൻ സൈന്യം ഈ ആക്രമണങ്ങളെ നിരീക്ഷിക്കുന്നത്. കരസേനയ്ക്ക് പുറമെ, പാക് അതിര്‍ത്തിയില്‍ വ്യോമസേനയുടെ വിദഗ്ദ്ധ സംഘം എന്തിനും തയാറായി നിലയുറപ്പിച്ചിട്ടുണ്ട്.
ബലാകോട്ടിൽ ഇന്ത്യ മിന്നലാക്രമണം നടത്തിയതിൽ ശക്തമായ പ്രതിഷേധത്തിലാണ് പാക്കിസ്ഥാൻ. അതേസമയം പാക്കിസ്ഥാനെതിരായല്ല ആക്രമണം എന്നും ഭീകരർക്ക് എതിരായിരുന്നുവെന്നുമാണ് ഇന്ത്യൻ സൈന്യത്തിന്റെ വിശദീകരണം.
ഇന്ത്യ പാക്കിസ്ഥാന്റെ സ്വതന്ത്ര പരമാധികാരത്തെ അപമാനിച്ചുവെന്നും, ഈ ആക്രമണത്തിന് തിരിച്ചടി നൽകുമെന്നുമാണ് പാക്കിസ്ഥാന്റെ ഭാഗത്ത് നിന്നുളള വാദം. ഉചിതമായ സമയത്ത് തിരിച്ചടിക്കുമെന്നും പാക്കിസ്ഥാൻ പറഞ്ഞിരുന്നു.
നിലവിൽ അതിർത്തിയിലെ സ്ഥിതിഗതികൾ സംബന്ധിച്ച് ചർച്ച ചെയ്യാൻ പാക് പാർലമെന്റിന്റെ സംയുക്ത സമ്മേളനം ബുധനാഴ്ച ആരംഭിക്കും. തെരഞ്ഞെടുപ്പ് ലക്ഷ്യം വച്ചാണ് ഇന്ത്യയുടെ നടപടിയെന്നാണ് പാക്കിസ്ഥാൻ ആരോപിക്കുന്നത്.