ന്യൂഡല്‍ഹി: ചിരാഗ് പസ്വാന്റെ നേതൃത്വത്തിലുള്ള ലോക് ജനശക്തി പാര്‍ട്ടിയില്‍ പൊട്ടിത്തെറി. അന്തരിച്ച നേതാവ് രാം വിലാസ് പസ്വാന്റെ മകനായ ചിരാഗിനെ മറ്റ് അഞ്ച് ലോക്‌സഭാ എംപിമാര്‍ പാര്‍ലമെന്റ് പാര്‍ട്ടി നേതാവ് സ്ഥാനത്തുനിന്ന് നീക്കി. പകരം, ചിരാഗിന്റെ ബന്ധു പശുപതി കുമാര്‍ പരസിനെ നേതാവായി തിരഞ്ഞെടുത്തു.
വിമത എംപിമാര്‍, ബിഹാര്‍ മുഖ്യമന്ത്രി നിതിഷ് കുമാറില്‍ വിശ്വാസം പ്രകടിപ്പിച്ചുവെന്നതാണ് ശ്രദ്ധേയമായ മറ്റൊരു കാര്യം. ഇക്കഴിഞ്ഞ ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎയുടെ പ്രചാരണത്തെ ആശയക്കുഴപ്പത്തിലാക്കുന്നതില്‍ പങ്കുവഹിച്ചയാളാണ് ചിരാഗ്. മുഖ്യമന്ത്രി നിതിഷ് കുമാറിനും ജെഡിയുവിനുമെതിരെ നിയമസഭാ തിരഞ്ഞെടുപ്പില്‍ വന്‍ പ്രചാരണമാണു ചിരാഗ് അഴിച്ചുവിട്ടത്.
കേന്ദ്ര, ബിഹാർ സര്‍ക്കാരുകളുടെ ഭാഗമാകാന്‍ ആഗ്രഹിക്കുന്നതിന്റെ വ്യക്തമായ സൂചനയാണ് എല്‍ജെപിയിലെ നീക്കം. പ്രധാനമന്ത്രി നന്ദ്രേ മോദി കേന്ദ്രമന്ത്രിസഭാ പുനസംഘടനയ്ക്ക് ഒരുങ്ങുന്നുവെന്ന ഊഹാപോഹം വ്യാപകമായി നിലനില്‍ക്കുന്നുണ്ട്.
ചിരാഗ് പസ്വാനും ഹാജിപുരില്‍ വിജയിച്ച പശുപതി കുമാര്‍ പരസും ഉള്‍പ്പെടെ ആറ് എംപിമാരാണ് എല്‍ജെപിക്കു ലോക്‌സഭയിലുള്ളത്. പശുപതി കുമാര്‍ പരസും മറ്റ് നാല് എംപിമാരായ ചൗധരി മെഹബൂബ് അലി കൈസര്‍ (ഖഗാരിയ) വീണാ ദേവി (വൈശാലി) പ്രിന്‍സ് രാജ് (സമസ്തിപൂര്‍), ചന്ദന്‍ സിങ് (നവാഡ) ഇന്നലെ വൈകിട്ട് കത്തുമായി സ്പീക്കര്‍ സ്പീക്കര്‍ ഓം ബിര്‍ളയെ സന്ദര്‍ശിച്ചിരുന്നു. പശുപതി കുമാര്‍ പരസിന്റെ കീഴില്‍ പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നതായി എംപിമാര്‍ സ്പീക്കറെ അറിയിച്ചിട്ടുണ്ട്. ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎയുടെ ഭാഗമായി എല്‍ജെപി പ്രവര്‍ത്തിക്കുമെന്ന് എംപിമാര്‍ വ്യക്തമാക്കിയതായും വിവരം ലഭിച്ചു. കൂടിക്കാഴ്ച സ്പീക്കറുടെ ഓഫീസ് വൃത്തങ്ങള്‍ സ്ഥിരീകരിച്ചു.
Also Read: പ്രഫുല്‍ ഖോഡ പട്ടേലിന്റെ സന്ദര്‍ശനം: കരിദിനം ആചരിച്ച് ലക്ഷദ്വീപ്
പരസിനെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി ‘ഏകകണ്ഠമായി’ തിരഞ്ഞെടുത്തതായി അഞ്ച് എംപിമാര്‍ ഒപ്പിട്ട, എല്‍ജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിന്റെ മിനുട്‌സ് എന്ന് വിശേഷിപ്പിക്കുന്ന കുറിപ്പില്‍ പറയുന്നു. അലി കൈസറിനെ ഡെപ്യൂട്ടി നേതാവായി തിരഞ്ഞെടുത്തതായും കുറിപ്പിലുണ്ട്. കേന്ദ്രത്തിലും സംസ്ഥാനത്തും എന്‍ഡിഎയുടെ ഭാഗമാകുകയെന്നത് രാംവിലാസ് പസ്വാന്റെ എപ്പോഴത്തെയും ആഗ്രഹമായിരുന്നുവെന്ന് പരസ് മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രസ്താവനയില്‍ പറഞ്ഞു.
അതേസമയം, പുതിയ സംഭവവികാസങ്ങളില്‍ തങ്ങള്‍ക്കൊരു പങ്കുമില്ലെന്ന് ബിജെപി വൃത്തങ്ങള്‍ അവകാശപ്പെട്ടു. എന്നാല്‍ പാര്‍ട്ടിയിലെ മാറ്റങ്ങള്‍ ജെഡിയുവിനും എന്‍ഡിഎയ്ക്കും നല്ലതാണെന്നു മുതിര്‍ന്ന പാര്‍ട്ടി നേതാവ് പറഞ്ഞു. മാറ്റങ്ങള്‍ സംഭവിച്ച എല്‍ജെപി, എന്‍ഡിഎയുടെ സജീവ ഭാഗമാകുന്നതിന് ജെഡിയുവില്‍നിന്ന് എതിര്‍പ്പുകളുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നില്ല.
ഈ വര്‍ഷം ജനുവരിയില്‍, എന്‍ഡിഎയുടെ വിര്‍ച്വല്‍ യോഗത്തില്‍ പങ്കെടുക്കാന്‍ ചിരാഗ് പസ്വാന് ബിജെപി ക്ഷണമയച്ചിരുന്നു. ഇതില്‍ ജെഡിയു എതിര്‍പ്പ് ഉന്നയിച്ചതോടെ യോഗത്തില്‍ പങ്കെടുക്കരുതെന്ന് ചിരാഗിനോട് ബിജെപിക്ക് ആവശ്യപ്പെടേണ്ടി വന്നു. തുടര്‍ന്ന്, ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷത വഹിച്ച യോഗത്തില്‍നിന്ന് ചിരാഗ് വിട്ടുനിന്നു. എല്‍ജെപിയെ എന്‍ഡിഎയുടെയോ കേന്ദ്ര സര്‍ക്കാരിന്റെയോ ഭാഗമാക്കാന്‍ ബിജെപിയെ അനുവദിക്കില്ലെന്ന് ജെഡി (യു) നേതാക്കള്‍ നേരത്തെ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞിരുന്നു.
കഴിഞ്ഞ വര്‍ഷം നടന്ന ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍, നിതീഷ് കുമാറുമായുള്ള ഏറ്റുമുട്ടലിനെത്തുടര്‍ന്ന് എന്‍ഡിഎയില്‍നിന്ന് എല്‍ജെപി പുറത്തുവന്ന് ഒറ്റയ്ക്കു മത്സരിക്കുകയായിരുന്നു. ജെഡിയു മത്സരിച്ച എല്ലാ സീറ്റുകളിലും എല്‍ജെപി സ്ഥാനാര്‍ത്ഥികളെ ഉള്‍പ്പെടുത്തി. ഈ നീക്കത്തിലൂടെ എല്‍ജെപിക്ക് ഒരു സീറ്റ് മാത്രമേ നേടാനായുള്ളൂവെങ്കിലും ജെഡിയുവിനു വന്‍ നഷ്ടം സംഭവിച്ചു. ജെഡിയു സീറ്റുകളുടെ എണ്ണം 71 ല്‍നിന്ന് 43 ആയി കുറഞ്ഞു.