/indian-express-malayalam/media/media_files/uploads/2022/09/Liz-Truss-1.jpg)
ലണ്ടന്‍: ബ്രിട്ടനില്‍ പുതിയ പ്രധാനമന്ത്രിയായും ഭരണകക്ഷിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ നേതാവുമായി ലിസ് ട്രസ് തിരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യന്‍ വംശജന്‍ ഋഷി സുനകിനെ പിന്തള്ളിയാണു വിദേശകാര്യമന്ത്രിയായ ലിസ് ട്രസിന്റെ വിജയം.
ബ്രിട്ടന്റെ ചരിത്രത്തിലെ മൂന്നാമത്തെ മാത്രം വനിതാ പ്രധാനമന്ത്രിയായ ലിസിനു 2025 വരെ പ്രധാനമന്ത്രിപദത്തില്‍ തുടരാം. ബ്രിട്ടന്‍ ജീവിതച്ചെലവ് പ്രതിസന്ധിയും വ്യാവസായികമേഖലയില്‍ അശാന്തിയും മാന്ദ്യവും അഭിമുഖീകരിക്കുന്ന സമയത്താണു ബോറിസ് ജോണ്‍സന്റെ പിന്‍ഗാമിയായി നാല്‍പ്പത്തിയേഴുകാരിയായ ലിസ് അധികാരമേല്‍ക്കുന്നത്.
വിവിധ വിവാദങ്ങളുടെയും സ്വന്തം പാര്‍ട്ടിയില്‍നിന്നുള്ള വിമത നീക്കളുടെയും സാഹചര്യത്തില്‍ പ്രധാനമന്ത്രിപദത്തില്‍നിന്നു രാജിവയ്ക്കാന്‍ ബോറിസ് ജോണ്‍സണ്‍ ജൂലൈ അവസാന വാരം നിര്‍ബന്ധിതനാവുകയായിരുന്നു. തുടര്‍ന്നാണു പിന്‍ഗാമിയെ കണ്ടെത്താന്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അംഗങ്ങള്‍ക്കിടയില്‍ ആഴ്ചകള്‍ നീണ്ട വോട്ടെടുപ്പ് നടന്നത്. 2015ലെ തിരഞ്ഞെടുപ്പ് മുതല്‍ അധികാരത്തിലെത്തുന്ന നാലാമത്തെ കണ്‍സര്‍വേറ്റീവ് പ്രധാനമന്ത്രിയാകും ലിസ് ട്രസ്.
കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ രജിസ്റ്റര്‍ ചെയ്ത 1.8 ലക്ഷം അംഗങ്ങള്‍ക്കിടയിലൊണ് വോട്ടെടുപ്പ് നടന്നത്. ലിസ് ട്രസിന് 81,326 വോട്ടും ഋഷി സുനകിന് 60,399 വോട്ടുമാണ് ലഭിച്ചത്. പാര്‍ട്ടി സഭാസമിതി അധ്യക്ഷന്‍ ഗ്രഹാം ബ്രാഡിയാണ് വിജയിയെ പ്രഖ്യാപിച്ചത്.
ഓഗസ്റ്റ് ആദ്യം തുടങ്ങി വെള്ളിയാഴ്ച പൂര്‍ത്തിയായ വോട്ടെടുപ്പിന്റെ ആദ്യ ഘട്ടത്തില്‍ എം പിമാരുടെ പിന്തുണ ഋഷി സുനകിനായിരുന്നു. എന്നാല്‍ പിന്നീട് ഇടിവ് സംഭവിച്ചു.
ബോറിസ് ജോണ്‍സണ്‍ ധനമന്ത്രിയായിരുന്നയാളാണു ഋഷി സുനക്ക്. മന്ത്രിസഭയിലെ രണ്ടാമനായി അറിയപ്പെട്ടിരുന്ന ഋഷി സുനകും പാക്കിസ്താന്‍ വംശജനായ ആരോഗ്യമന്ത്രി സാജിദ് ജാവിദും അപ്രതീക്ഷിതമായി രാജി വച്ചതാണു ബോറിസ് ജോണ്‍സനു തിരിച്ചടിയായത്.
ബോറിസിന്റെ നേതൃത്വത്തില്‍ അവിശ്വാസം രേഖപ്പെടുത്തിയും ലൈംഗികാരോപണവിധേയനായ ക്രിസ് പിഞ്ചറിനെ ഡെപ്യൂട്ടി ചീഫ് വിപ്പായി നിയമിച്ചതില്‍ പ്രതിഷേധിച്ചുമായിരുന്നു ഇരുവരെയും രാജി. ഇതിനുപിന്നാലെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതൃത്വം രണ്ടു ചേരിയായി തിരിഞ്ഞതോടെ ബോറിസ് ജോണ്‍സണ്‍ രാജിവയ്ക്കാന്‍ നിര്‍ബന്ധിതനാവുകയായിരുന്നു.
രാജി പ്രഖ്യാപിച്ചിരുന്നെങ്കിലും പുതിയ പ്രധാനമന്ത്രി അധികാരത്തില്‍ വരുന്നതു വരെ ബോറിസ് ജോണ്‍സണ്‍ അധികാരത്തില്‍ തുടരുകയായിരുന്നു. എലിസബത്ത് രാജ്ഞിക്ക് ഔദ്യോഗികമായി രാജി സമര്‍പ്പിക്കുന്നതിനായി അദ്ദേഹം നാളെ സ്‌കോട്ട്‌ലന്‍ഡിലേക്ക് പോകും.
പ്രധാനമന്ത്രിയാകുന്നതിനുള്ള അവകാശമുന്നയിക്കാന്‍ ലിസ് ട്രസും രാജ്ഞിയെ സന്ദര്‍ശിക്കും. തുടര്‍ന്ന്, ലിസിനോട് സര്‍ക്കാര്‍ രൂപീകരിക്കാന്‍ നിര്‍ദേശിക്കും.
ജീവിതച്ചെലവ് പ്രതിസന്ധി നേരിടാന്‍ ഉടന്‍ നടപടിയെടുക്കുമെന്ന് ട്രസ് മവോട്ടെടുപ്പ് സമയത്ത് വാഗ്ദാനം ചെയ്തിരുന്നു. വര്‍ധിച്ചുവരുന്ന ഊര്‍ജ ബില്ലുകള്‍ക്കു പരിഹാരം കാണാനും ഭാവിയില്‍ ഇന്ധന ലഭ്യത ഉറപ്പാക്കാനും ഒരാഴ്ചയ്ക്കുള്ളില്‍ പദ്ധതി ആവിഷ്‌കരിക്കുമെന്ന് അവര്‍ പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.