അഹമ്മദാബാദ്: ഗുജറാത്തിൽ രണ്ടാം ഘട്ട തിരഞ്ഞെടുപ്പ് അടുത്തിരിക്കെ വൻ ഭൂരിപക്ഷത്തിൽ ജയിച്ച് കയറുമെന്ന ആത്മവിശ്വാസത്തിൽ രാഹുൽ ഗാന്ധി. “അധ്യക്ഷൻ എന്ന നിലയിൽ കോൺഗ്രസിനെ ശക്തിപ്പെടുത്തുകയാണ് എന്റെ ലക്ഷ്യം, അത് നിങ്ങൾക്ക് ഗുജറാത്തിൽ കാണാം”, രാഹുൽ ഗാന്ധി പറഞ്ഞു.

“മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിനെതിരായ നരേന്ദ്ര മോദിയുടെ പ്രസ്താവന, ഒരു തരത്തിലും അംഗീകരിക്കാൻ സാധിക്കുന്നതല്ല. മോദിക്കെതിരെ പരാമർശം നടത്തിയ മണിശങ്കർ അയ്യരെ കോൺഗ്രസിൽ നിന്ന് സസ്പെന്റ് ചെയ്ത് ഞങ്ങൾ മാന്യത കാട്ടി. എന്നാൽ മോദിയെന്താണ് ചെയ്തത്?”, രാഹുൽ ഗാന്ധി ചോദിച്ചു.

“ഞാൻ ഉത്തരാഖണ്ഡിലെ കേദാർനാഥ് ക്ഷേത്രത്തിൽ പോയപ്പോൾ ബിജെപി എന്തുകൊണ്ടാണ് വിവാദം ഉണ്ടാക്കാതിരുന്നത്. ഗുജറാത്തിൽ മാത്രം എനിക്ക് അമ്പലത്തിൽ പോകാൻ പാടില്ലെന്നുണ്ടോ?”, രാഹുൽ ഗാന്ധി വിവാദ ആരോപണങ്ങളെ കുറിച്ച് തിരിച്ചടിച്ചു.

“ഗുജറാത്തിലെ 90 ശതമാനം സ്കൂളുകളും സ്വകാര്യവത്കരിച്ചു. വികസനത്തിന്റെ ഗുണഫലം എല്ലാവർക്കും ലഭിക്കുന്നില്ല. കർഷകരെ കുറിച്ച് ഇവിടുത്തെ സർക്കാർ മിണ്ടുന്നില്ല. അഴിമതിയെ കുറിച്ച് യാതൊന്നും പറയുന്നില്ല.”

“ഗുജറാത്തിലെ തൊഴിൽ സമ്പ്രദായത്തിന് അവസാനം കുറിക്കും. ഏകപക്ഷീയമായി ഒരു തീരുമാനവും നടപ്പിലാക്കില്ല. കാർഷിക വിളകൾക്ക് താങ്ങുവില പ്രഖ്യാപിക്കും”, രാഹുൽ ഗാന്ധി വ്യക്തമാക്കി. ബിജെപി തങ്ങളുടെ ഭാഗം വിശദീകരിച്ച് തോൽക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ