കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ഏഴ് ദിവസമായി ജൂനിയര്‍ ഡോക്ടര്‍മാര്‍ നടത്തിവരുന്ന സമരം പിന്‍വലിച്ചു. മുഖ്യമന്ത്രി മമത ബാനര്‍ജിയുമായി ഡോക്ടര്‍മാരുടെ പ്രതിനിധികള്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സമരം പിന്‍വലിക്കാന്‍ തീരുമാനമായത്. ചര്‍ച്ച തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. സെക്രട്ടറിയേറ്റ് മന്ദിരത്തില്‍ നടന്ന ചര്‍ച്ചയ്ക്ക് ശേഷം എന്‍ആര്‍എസ് ആശുപത്രിയില്‍ മടങ്ങിയെത്തിയാണ് ഡോക്ടര്‍മാര്‍ സമരം പിന്‍വലിക്കുന്ന കാര്യം മാധ്യമങ്ങളെ അറിയിച്ചത്. ഡോക്ടര്‍മാര്‍ക്കും ആശുപത്രി ജീവനക്കാര്‍ക്കും ജോലി സ്ഥലത്ത് സുരക്ഷ ഉറപ്പാക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ധന്‍ അറിയിച്ചു. സംസ്ഥാനങ്ങളോട് ഇക്കാര്യം ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിച്ചതോടെ സമരം പിൻവലിക്കുമെന്ന് ഡോക്ടർമാരുടെ പ്രതിനിധികൾ മുഖ്യമന്ത്രിക്ക് ഉറപ്പു നൽകുകയായിരുന്നു. കൊൽക്കത്തയിൽ രോഗി മരിച്ചതിനെ തുടർന്ന് ബന്ധുക്കളുടെ ആക്രമണത്തിന് ഡോക്ടർ ഇരയായ എൻആർഎസ് മെഡിക്കൽ കോളേജിൽ മടങ്ങി എത്തിയശേഷം ഔദ്യോഗിക പ്രഖ്യാപനം നടത്താൻ 31 പ്രതിനിധികളും തീരുമാനിക്കുകയായിരുന്നു.

പശ്ചിമ ബംഗാളിൽ ആക്രമണത്തിന് ഇരയായ ഡോക്ടർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് അഖിലേന്ത്യാതലത്തിൽ നടക്കുന്ന പണിമുടക്കിൽ രോഗികൾ ഏറെ വലഞ്ഞു. ഡോക്ടർമാർ ഒപി ബഹിഷ്കരിച്ചതോടെ രോഗികൾ ഏറെ ദുരിതത്തിലായി. സർക്കാർ ആശുപത്രികളിലെ ഡോക്ടർമാർ ചില മണിക്കൂറുകൾ മാത്രമാണ് ഒപി ബഹിഷ്കരിച്ചത്. എന്നാൽ സ്വകാര്യ ആശുപത്രികളിൽ ദിവസം മുഴുവനാണ് ഒപി ബഹിഷ്കരണം. ഇത് രോഗികളെ ഏറെ വലയ്ച്ചു.

Read More: ഇന്ന് രാജ്യവ്യാപകമായി ഡോക്ടര്‍മാര്‍ പണിമുടക്കുന്നു; സംസ്ഥാനത്തും ആശുപത്രികള്‍ നിശ്ചലമാകും

പശ്ചിമബംഗാളില്‍ സമരം ചെയ്യുന്ന ജൂനിയര്‍ ഡോക്ടര്‍മാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഡോക്ടര്‍മാര്‍ രാജ്യവ്യാപകമായി ഇന്നു പണിമുടക്കുകയായിരുന്നു. സംസ്ഥാനത്തെ ഡോക്ടര്‍മാരും ഇന്ന് പണിമുടക്കി. സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ രണ്ട് മണിക്കൂര്‍ ഒപി ബഹിഷ്കരിച്ചു. സ്വകാര്യ ആശുപത്രികളില്‍ അടിയന്തര സേവനങ്ങള്‍ മാത്രമാണ് ഇന്ന് പ്രവര്‍ത്തിച്ചത്. രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെയായിരുന്നു സമരം. അത്യാഹിത, തീവ്രപരിചരണ, ശസ്ത്രക്രിയാ വിഭാഗങ്ങളെയും ലേബര്‍ റൂമിനെയും ഒഴിവാക്കിയിരുന്നു.

ഡോക്ടര്‍മാരുടെ പ്രശ്‌നങ്ങള്‍ മനസിലാക്കാനും പരിഹരിക്കാനും താന്‍ ശ്രമിക്കുമെന്ന് മമത ചര്‍ച്ചയ്ക്ക് ശേഷം പ്രതികരിച്ചു. ഡോക്ടര്‍മാര്‍ നല്‍കിയ നിര്‍ദേശങ്ങള്‍ സ്വീകരിക്കുന്നതായി മമത പറഞ്ഞു. നിരവധി പേര്‍ ഡോക്ടര്‍മാരുടെ സമരം മൂലം കഷ്ടപ്പെടുന്നുണ്ട്. അവരുടെ കാര്യങ്ങളില്‍ പ്രത്യേക ശ്രദ്ധ വേണമെന്ന് ഡോക്ടര്‍മാരോട് താന്‍ അഭ്യര്‍ഥിക്കുകയാണെന്ന് മമത പറഞ്ഞു. നിങ്ങളുടെ പിന്തുണയില്ലാതെ എനിക്ക് എല്ലാ കാര്യങ്ങളും ചെയ്യാന്‍ സാധിക്കില്ല. ഇത്തരം പ്രശ്‌നങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ താന്‍ ശ്രമിക്കാം. കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും മമത കൂട്ടിച്ചേര്‍ത്തു.