/indian-express-malayalam/media/media_files/uploads/2022/11/Shraddha-Walkar.jpg)
ന്യൂഡൽഹി: കാമുകിയെ കൊലപ്പെടുത്തി ശരീര ഭാഗങ്ങൾ മുറിച്ച് കഷണങ്ങളാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ചിരുന്ന സമയത്തുതന്നെ അഫ്താബ് പൂനവാല മറ്റൊരു പെൺകുട്ടിയെ ഡേറ്റിങ്ങിനായി ഫ്ലാറ്റിലേക്ക് കൊണ്ടുവന്നതായി പൊലീസ് വൃത്തങ്ങൾ ദി ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. ബംബോ എന്ന ഡേറ്റിങ് ആപ്പ് വഴി സൈക്കോളജിസ്റ്റ് ആയ മറ്റൊരു പെൺകുട്ടിയുമായി പൂനവാല ബന്ധം സ്ഥാപിച്ചതായും വൃത്തങ്ങൾ പറഞ്ഞു. ഇതേ ആപ്പ് വഴിയാണ് 2019 ൽ കൊല്ലപ്പെട്ട ശ്രദ്ധ വാൽക്കറെ പൂനവാല പരിചയപ്പെടുന്നത്.
ജൂൺ-ജൂലെ മാസങ്ങളിൽ ആ സ്ത്രീ രണ്ടു തവണ ഫ്ലാറ്റിൽ വന്നു. ഈ സമയത്ത് വാൽക്കറുടെ ശരീരഭാഗങ്ങൾ ഫ്രിഡ്ജിലും അടുക്കളയിലും ഒളിപ്പിച്ചതായും വൃത്തങ്ങൾ വ്യക്തമാക്കി. മേയ് 18 ന് വാൽക്കറെ കൊലപ്പെടുത്തിയശേഷം പൂനവാല അവളുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ലോഗിൻ ചെയ്യുകയും അവൾ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്ന പ്രതീതി ഉണ്ടാക്കാൻ സുഹൃത്തുക്കൾക്ക് സന്ദേശം അയക്കുകയും ചെയ്തതായി അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
/indian-express-malayalam/media/media_files/uploads/2022/11/Aaftab-Poonawala.jpg)
വാൽക്കറുടെ മുംബൈ വിലാസത്തിലേക്ക് കമ്പനികൾ ബന്ധപ്പെടാതിരിക്കാനായി അവളുടെ ക്രെഡിറ്റ് കാർഡ് ബില്ലുകൾ അടയ്ക്കുകയും ചെയ്തതായി ഉദ്യോഗസ്ഥർ പറഞ്ഞു. കൊലപാതകം മറച്ചുവയ്ക്കാൻ വിവിധ മാർഗങ്ങളിലൂടെ ശ്രമിച്ചുവെന്നും ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.
2019 ലാണ് പൂനവാലയും വാൽക്കറും തമ്മിലുള്ള ബന്ധം തുടങ്ങുന്നത്. ഇവരുടെ ബന്ധത്തിൽ വീട്ടുകാർക്ക് താൽപര്യമുണ്ടായിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു. പൽഗാറിലുള്ള തങ്ങളുടെ കുടുംബാംഗങ്ങൾക്കൊപ്പമാണ് ഇരുവരും താമസിച്ചിരുന്നത്. പിന്നീട് ഉന്നത വിദ്യാഭ്യാസത്തിനും ജോലിക്കുമായി മുംബൈയിലേക്ക് ഇരുവരും മാറുകയും ഒരുമിച്ച് ജീവിക്കാൻ തുടങ്ങുകയും ചെയ്തതായി വൃത്തങ്ങൾ പറഞ്ഞു.
2019 ൽ വാൽക്കർ ഒരു സ്പോർട് റീട്ടെയിൽ കമ്പനിയിൽ ജോലിയിൽ പ്രവേശിച്ചു. ഈ സമയം പൂനവാല ഫൈവ് സ്റ്റാർ ഹോട്ടലിൽ ഷെഫിന്റെ ട്രെയിനിങ് പൂർത്തിയാക്കി. ഫുഡ് ഫോട്ടോഗ്രാഫി, വ്ലോഗിങ്, റസ്റ്ററന്റുകളുടെ ഡിജിറ്റൽ മാർക്കറ്റിങ് എന്നിവയിലും ഏർപ്പെട്ടു. പൂനവാലയ്ക്ക് ഇൻസ്റ്റഗ്രാമിൽ 28,000 ലധികം ഫോളേവേഴ്സുണ്ട്.
പിന്നീട് പൂനവാല ഈ ജോലി ഉപേക്ഷിക്കുകയും വിവിധ കോൾ സെന്ററുകളിൽ ജോലി ചെയ്യുന്നതിന് മുമ്പ് വാൽക്കർ ജോലി ചെയ്യുന്ന കമ്പനിയിൽ ചേർന്നു. ഇരുവരുടെയും സാധാരണ കുടുംബമാണ്. അതിനാൽ തന്നെ ഇരുവരും ഒന്നിച്ചു ജീവിക്കുന്നത് അവർക്ക് അംഗീകരിക്കാനായില്ലെന്ന് ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.
/indian-express-malayalam/media/media_files/uploads/2022/11/shraddha.jpg)
നിസാര പ്രശ്‌നങ്ങൾക്കുപോലും ഇരുവരും വഴക്കിടാൻ തുടങ്ങിയെന്നും ബന്ധം വളരെ മോശമായി മാറിയെന്നും പൂനവാല ചോദ്യം ചെയ്യലിൽ വ്യക്തമാക്കിയതായി ഉദ്യോഗസ്ഥൻ പറഞ്ഞു. ''പരസ്പരം കള്ളം പറയുകയാണെന്നും വഞ്ചിക്കുകയാണെന്നും ഇരുവർക്കും തോന്നി. അവർ പരസ്പരം വിളിച്ച് കൃത്യമായ ജിപിഎസ് ലൊക്കേഷനുകളും അവരുടെ ചുറ്റുപാടുകളുടെ ഫോട്ടോകളും ആവശ്യപ്പെട്ടു. പിന്നീട് വഴക്കുകൾ പലപ്പോഴും അക്രമാസക്തമായി,'' ഉദ്യോഗസ്ഥൻ പറഞ്ഞു.
ഈ വഴക്കുകളിൽ നിന്ന് ഒരു ബ്രേക്ക് എടുക്കാൻ ഇരുവരും ആഗ്രഹിച്ചതായും ഏപ്രിലിൽ ഹിമാചൽ പ്രദേശിലും ഉത്തരാഖണ്ഡിലും യാത്ര പോകാൻ തീരുമാനിച്ചിരുന്നതായും പൊലീസ് വൃത്തങ്ങൾ പറഞ്ഞു. യാത്ര കഴിഞ്ഞ് മടങ്ങി എത്തിയശേഷം ഇരുവരും ഡൽഹിയിലേക്ക് മാറാൻ തീരുമാനിക്കുകയും മേയ് 15 ന് മെഹ്‌റോളിയിലെ ഛത്തർപൂർ പഹാഡി ഏരിയയിൽ ഒരു ഒറ്റമുറി ഫ്ലാറ്റ് വാടകയ്ക്ക് എടുക്കുകയും ചെയ്തു. മൂന്നു ദിവസത്തിനുശേഷം ഇരുവരും തമ്മിൽ വഴക്കിടുകയും വാൽക്കറുടെ കൊലപാതകത്തിൽ കലാശിക്കുകയും ചെയ്തു.
/indian-express-malayalam/media/media_files/uploads/2022/11/flat.jpeg)
''വഴക്കിനിടയിൽ വാൽക്കർ നിലവിളിക്കുകയോ ഉച്ചത്തിൽ കരയുകയോ ചെയ്തതായി ഞങ്ങൾ സംശയിക്കുന്നു. ഈ സമയം പൂനവാല അവളുടെ കഴുത്ത് ഞെരിച്ചും ബലം പ്രയോഗിച്ചും നിശബ്ദമാക്കാൻ ശ്രമിച്ചു. ഇതിനിടെയാകാം പെൺകുട്ടി മരിച്ചത്,'' അഡീഷണൽ ഡിസിപി (സൗത്ത്) അങ്കിത് ചൗഹാൻ പറഞ്ഞു.
വാൽക്കറുടെ ശരീരഭാഗങ്ങൾ നീക്കം ചെയ്യാൻ തുടങ്ങിയതോടെ പൂനവാല ഗുഡ്ഗാവിലെ മറ്റൊരു കോൾ സെന്ററിൽ ജോലിക്ക് പ്രവേശിക്കുകയും ജീവിതം മുന്നോട്ടുകൊണ്ടുപോയതായും അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. മാത്രമല്ല, ഡേറ്റിങ് ആപ്പ് വീണ്ടും ഇൻസ്റ്റാൾ ചെയ്യുകയും ചെയ്തു.
കാമുകിയെ കൊലപ്പെടുത്തി ശരീരം 35 കഷണങ്ങളായി മുറിച്ച് നഗരത്തിന്റെ പല ഭാഗങ്ങളിലായി ഉപേക്ഷിച്ച സംഭവത്തിലാണ് മുംബൈ സ്വദേശിയായ അഫ്താബ് പൂനവാലയെ (28) പൊലീസ് അറസ്റ്റ് ചെയ്തത്. ശ്രദ്ധ വാൽക്കർ (29) ആണ് കൊല്ലപ്പെട്ടത്. ആറു മാസം മുൻപായിരുന്നു കൊലപാതകം. 3 ആഴ്ച റഫ്രിജറേറ്ററിൽ സൂക്ഷിച്ച ശരീരഭാഗങ്ങൾ 18 ദിവസം കൊണ്ടാണു നഗരത്തിൽ പല ഭാഗങ്ങളിലായി ഉപേക്ഷിച്ചത്. മകളെ കാണാനില്ലെന്നു കാട്ടി ശ്രദ്ധയുടെ പിതാവ് വികാശ് മദൻ വാൽക്കർ നൽകിയ പരാതിയിലാണു കൊലപാതക വിവരം പുറത്തുവന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.