ബീജിങ്: ചൈനീസ് മനുഷ്യാവകാശ പ്രവര്‍ത്തകനും നൊബേല്‍ സമ്മാന ജേതാവുമായ ലിയു സിയോബോ അന്തരിച്ചു. 61 വയസായിരുന്നു. ലിവര്‍ കാന്‍സർ പിടിപ്പെട്ട അദ്ദേഹം കുറേ നാളുകളായി ചികിത്സയിലായിരുന്നു. വടക്ക് കിഴക്കൻ ചൈനയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. ജൂണിൽ കാന്‍സർ രോഗം കണ്ടെത്തിയതിനെ തുടർന്ന് തടങ്കലിലായിരുന്ന ലിയുവിന് മെഡിക്കൽ പരോൾ ഭരണകൂടം അനുവദിച്ചിരുന്നു. അന്ന് മുതൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

ലിയുവിനെ 2008 ലാണു ചൈന അറസ്റ്റ് ചെയ്തത്. ജനാധിപത്യം, ബഹുകക്ഷി തിരഞ്ഞെടുപ്പ്, സ്വതന്ത്ര നീതിന്യായ വ്യവസ്‌ഥ, നഗര-ഗ്രാമ സമത്വം, അഭിപ്രായസ്വാതന്ത്ര്യം, സംഘടനാ സ്വാതന്ത്ര്യം, മതസ്വാതന്ത്ര്യം, പൊതുവിദ്യാഭ്യാസം, സാമൂഹിക സുരക്ഷ തുടങ്ങി 19 ആവശ്യങ്ങളടങ്ങുന്ന അവകാശപത്രിക തയാറാക്കാൻ നേതൃത്വം നൽകിയതിന്റെ പേരിലാണു 2008ൽ ലിയുവിനെ അറസ്‌റ്റ് ചെയ്‌തത്. ഏറെക്കാലം ഏകാന്ത തടവിൽ പാർപ്പിച്ചശേഷമാണ് അറസ്‌റ്റ് ഔദ്യോഗികമായി വെളിപ്പെടുത്തിയത്. രാജ്യത്തിനെതിരായ വിധ്വംസക പ്രവർത്തനമായിരുന്നു ചുമത്തിയ കുറ്റം.

തുടർന്നു 2009 ഡിസംബറിൽ 11 വർഷത്തെ തടവിനു വിധിച്ചു. സർവകലാശാലാ മുൻ പ്രഫസറായ ലിയു, 1989ലെ ടിയനൻമെൻ സമരത്തിൽ അറസ്‌റ്റിലായിരുന്നു. 2010 ലെ നൊബേൽ സമാധാന പുരസ്കാരം ലഭിച്ചെങ്കിലും ഏറ്റുവാങ്ങാൻ അനുവദിച്ചില്ല. സിയാവോബോയ്‌ക്കു സമ്മാനം നൽകിയതിനെ ചൈന രൂക്ഷമായി വിമർശിച്ചിക്കുകയും ചെയ്തു. തുടർന്ന്, ഒഴിഞ്ഞ കസേരയിലാണു നൊബേൽ സമിതി മെഡലും പ്രശസ്തിപത്രവും സമർപ്പിച്ചത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ