ന്യൂഡൽഹി: രാജ്യത്ത് സാക്ഷരതയിൽ വീണ്ടും കേരളം ഒന്നാമത്. 96.2 ശതമാനമാണ് കേരളത്തിലെ സാക്ഷരതാ നിരക്ക്. ഏഴ് വയസിനു മുകളിൽ പ്രായമുള്ളവരിലെ ഏറ്റവും ഉയർന്ന സാക്ഷരതാ നിരക്കാണ് കേരളത്തിലേത്.

സാക്ഷരതാ നിരക്ക് ഏറ്റവും കുറവ് ആന്ധ്രാപ്രദേശിലാണ്. ആന്ധ്രാപ്രദേശിലെ സാക്ഷരതാ നിരക്ക് 66.4 ശതമാനം മാത്രമാണ്. ‘ഹൗസ്‌ഹോൾഡ് സോഷ്യൽ കൺസംഷൻ: എഡ്യൂക്കേഷൻ ഇൻ ഇന്ത്യ’യുടെ 75-ാം ഘട്ട നാഷണൽ സാംപിൾ സർവേയിലെ വിവരങ്ങൾ പ്രകാരമാണിത്. 2017 ജൂലൈ മുതൽ 2018 ജൂൺ വരെയാണ് സർവെ നടന്നത്.

Read Also: സാമൂഹ്യപെൻഷൻ വർധിപ്പിച്ച് ഉത്തരവിറങ്ങി; സർക്കാരിന്റെ നൂറ് ദിന കർമ പരിപാടിയിൽ ആദ്യത്തേത്ത്

സർവേ പ്രകാരം ഡൽഹിയാണ് രണ്ടാം സ്ഥാനത്ത്. 88.7 ശതമാനമാണ് ഡൽഹിയിലെ സാക്ഷരതാ നിരക്ക്. മൂന്നാം സ്ഥാനത്ത് ഉത്തരാഖണ്ഡ് (87.6 ശതമാനം) നാലാം സ്ഥാനത്ത് ഹിമാചൽ പ്രദേശ് (85.9 ശതമാനം) എന്നിങ്ങനെയാണ്.

രാജസ്ഥാനിൽ (69.7 ശതമാനം) ബിഹാർ (70.9 ശതമാനം), തെലങ്കാന (72.8 ശതമാനം), ഉത്തർപ്രദേശ് (73 ശതമാനം), മധ്യപ്രദേശ് 73.7 ശതമാനം) എന്നിങ്ങനെയാണ് സാക്ഷരതാ നിരക്ക്. റിപ്പോർട്ട് പ്രകാരം രാജ്യത്തെ ആകെ സാക്ഷരതാ നിരക്ക് 77.7 ശതമാനമാണ്.

ഗ്രാമീണ മേഖലയിൽ 73.5 ശതമാനവും നഗരങ്ങളിൽ 87.7 ശതമാനവുമാണ് സാക്ഷരതാ നിരക്ക്.രാജ്യത്തെ പുരുഷൻമാരുടെ സാക്ഷരതാ നിരക്ക് 84.7 ശതമാനമാണ്. എന്നാൽ, സ്ത്രീകളുടേത് വെറും 70.3 ശതമാനവും. എന്നാൽ, കേരളത്തിൽ സാക്ഷരതയിലെ സ്ത്രീ- പുരുഷ അന്തരം വളരെ കുറവാണ്.

Read Also: സംസ്ഥാനത്ത് ശക്തമായ മഴ തുടരും; നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്

കേരളത്തിൽ 97.4 ശതമാനം പുരുഷൻമാരും 95.2 ശതമാനം സ്ത്രീകളും സാക്ഷരരാണ്. ഗ്രാമങ്ങളിൽ സ്ത്രീ സാക്ഷരതാ നിരക്ക് 80 ശതമാനത്തിനു മുകളിലുള്ള ഏക സംസ്ഥാനം കേരളമാണ്.

ഡൽഹിയിലെ പുരുഷ സാക്ഷരതാ നിരക്ക് 93.7 ശതമാനവും സ്ത്രീ സാക്ഷരതാ നിരക്ക് 82.4 ശതമാനവും ആണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook