പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനുമായി ചൈനീസ് പ്രസിഡന്റ് കൂടിക്കാഴ്ച നടത്തി ദിവസങ്ങൾക്ക് ശേഷം മസൂദ് അസറിന്റെ കാര്യത്തിൽ പ്രതികരണവുമായി ചൈന. ജെയ്ഷ് ഇ മുഹമ്മദ് തലവൻ മസൂദ് അസറിനെ ആഗോള ഭീകരരുടെ പട്ടികയിൽ ഉൾപ്പെടുത്തുന്ന കാര്യത്തിൽ ശരിയായ തീരുമാനം എടുക്കുമെന്ന് ചൈന അറിയിച്ചു. എന്നാൽ എന്നായിരിക്കുമെന്ന് ചൈന വ്യക്തമാക്കിയില്ല.

” പ്രശ്നത്തിൽ ശരിയായ തീരുമാനമെടുക്കാമെന്ന വിശ്വാസമുണ്ട്. അതിൽ കൂടുതൽ ഒന്നും പറയാൻ സാധിക്കില്ല,” ചൈനീസ് വിദേശകാര്യ വക്താവ് ഗെങ് ഷോങ് ബീജിങ്ങിൽ മാധ്യമങ്ങളോട് പറഞ്ഞു. മസൂദ് അസറിനെ ആഗോള ഭീകരരുടെ പട്ടികയിൽ ഉൾപ്പെടുത്താൻ ചൈന പിന്തുണയ്ക്കുമോയെന്ന മാധ്യമ പ്രവർത്തകരടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ മാസം മസൂദ് അസറിനെ യുഎൻ ആഗോള ഭീകരരുടെ പട്ടികയിൽ ഉൾപ്പെടുത്തുന്നതിന് ചൈന സാങ്കേതികമായ ഇടപ്പെടൽ നടത്തി തടഞ്ഞിരുന്നു. പുൽവാമ ഭീകരാക്രമാണത്തിന്റെ പശ്ചാത്തലത്തിലാണ് പാക്കിസ്ഥാൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഭീകര സംഘടനയായ ജെയ്ഷ് ഇ മുഹമ്മദ് തലവനെതിരെ നടപടിയ്ക്ക് ശുപാർശ വന്നത്. എന്നാൽ നാലാം തവണയും ചൈന ഇടപ്പെട്ടതോടെ ഇത് നടന്നില്ല.

എന്നാൽ ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് അമേരിക്ക, ബ്രിട്ടൻ, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങൾ ചൈനയ്ക്ക് മേൽ സമ്മർദ്ദം ചെലുത്തിയെന്നാണ് സൂചന.

Read More: മസൂദ് അസ്ഹറിനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുന്നത് പ്രശ്‌നങ്ങള്‍ വഷളാക്കുമെന്ന് ചൈന

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook