ന്യൂഡല്‍ഹി: കേരളത്തില്‍ ആര്‍.എസ്.എസ് കൊലപ്പെടുത്തിയ സി.പി.എം പ്രവര്‍ത്തകരുടെ പട്ടികയുമായി ഇടത് എം.പിമാര്‍ കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയെ സന്ദര്‍ശിച്ചു. തിരുവനന്തപുരത്ത് കൊല്ലപ്പെട്ട ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ രാജേഷിന്റെ വീട് കഴിഞ്ഞ ദിവസം ജെയ്റ്റ്‌ലി സന്ദര്‍ശിച്ചതിനു പിന്നാലെയാണ് ഇടത് എം.പിമാരുടെ സന്ദര്‍ശനം.

കേരളത്തിൽ ആർഎസ്എസ് പ്രവർത്തകർ കൊലപ്പെടുത്തിയ സിപിഎം പ്രവർത്തകരുടെ പട്ടിക ജയ്റ്റ്‍ലിക്കു കൈമാറിയ എംപിമാർ, അക്രമസംഭവങ്ങളേക്കുറിച്ചു സമഗ്ര അന്വേഷണം വേണമെന്നും അദ്ദേഹത്തോട് ആവശ്യപ്പെട്ടു. കേരളത്തിൽ സിപിഎമ്മിന്റെ നേതൃത്വത്തിൽ അക്രമങ്ങൾ വർധിക്കുന്നുവെന്നാണു ബിജെപി ആരോപിക്കുന്നത്. കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട ആർഎസ്എസ് പ്രവർത്തകൻ രാജേഷിന്റെ വീട് ജയ്റ്റ്ലി സന്ദർശിക്കുകയും ചെയ്തിരുന്നു. സിപിഎം ആക്രമണത്തിൽ പരുക്കേറ്റ ആർഎസ്എസ് പ്രവർത്തകരെയും ജയ്റ്റ്‍ലി സന്ദർശിച്ചിരുന്നു. കേരളത്തിൽ സിപിഎം ഏകപക്ഷീയമായി അക്രമം നടത്തുന്നുവെന്നും സംഘടനാ പ്രവർത്തനം അനുവദിക്കുന്നില്ലെന്നുമാണു ബിജെപിയുടെ ആരോപണം.

എന്നാൽ, കേന്ദ്രസർക്കാർ ഇടപെടൽ രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതാണ് എന്നാണ് സിപിഎമ്മിന്റെ മറുപടി. ജയ്റ്റ്ലി കേരളത്തിൽ സന്ദർശനം നടത്തിയ ദിവസം തന്നെ, രാജ്ഭവനു മുന്നിൽ ആർഎസ്എസ് പ്രവർത്തകർ കൊലപ്പെടുത്തിയ 21 സിപിഎം രക്തസാക്ഷികളുടെ കുടുംബത്തെ പങ്കെടുപ്പിച്ചു ധർണ നടത്തിയിരുന്നു. കൊല്ലപ്പെട്ട സിപിഎം പ്രവർത്തകരുടെ കുടുംബങ്ങളുടെ കണ്ണീരും മന്ത്രി കാണണമെന്നായിരുന്നു ആവശ്യം. ഇതിനു പിന്നാലെയാണ്, കേന്ദ്രമന്ത്രിയെ നേരിട്ടു സന്ദർശിച്ച് കേരളത്തിലെ ഇടത് എംപിമാർ കൊല്ലപ്പെട്ട സിപിഎം പ്രവർത്തകരുടെ പട്ടിക കൈമാറിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook