നോയിഡ: ഉത്തര്‍പ്രദേശില്‍ 10 രൂപയുടെ പേരില്‍ മദ്യശാലാ ജീവനക്കാരനെ വെടിവച്ച് കൊന്നു. നോയിഡയിലെ ഏച്ഛാര്‍ ഗ്രാമത്തില്‍ ബുധനാഴ്ച രാത്രിയാണ് സംഭവം. ബിയറിന് 10 രൂപ അധികം വാങ്ങിച്ചെന്ന് പറഞ്ഞ് മൂന്ന് പേരാണ് കുല്‍ദീപ് നാഗര്‍ എന്ന 25കാരനുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടത്. അക്രമികള്‍ മൂന്ന് പേരും ഒളിവിലാണ്.
വെളളിയാഴ്ച രാത്രി 9.10ഓടെയാണ് സംഭവം. മദ്യം വാങ്ങാനെത്തിയ സംഘം ബിയറിന്റെ പേരിലാണ് തർക്കിച്ചത്. ബോട്ടിലിന്റെ മുകളിലുളള വിലയിലും കൂടുതലായി 10 രൂപ വാങ്ങിയെന്ന് പറഞ്ഞായിരുന്നു തര്‍ക്കം. ഇതിനിടയിലാണ് പ്രതികളില്‍ ഒരാളായ സുരേന്ദ്ര തോക്കെടുത്ത് കുല്‍ദീപിന് നേരെ നാല് വട്ടം വെടിവച്ചത്.
രണ്ട് ഉണ്ടകള്‍ കുല്‍ദീപിന്റെ ദേഹത്ത് കൊണ്ടു. ഉടന്‍ തന്നെ അക്രമികള്‍ സ്ഥലം വിടുകയും ചെയ്തു. അക്രമികള്‍ മദ്യപിച്ചായിരുന്നു എത്തിയതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. കുല്‍ദീപിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.