ലണ്ടൻ: ബ്രിട്ടീഷ് നിയമത്തിന് കീഴിൽ താൻ സുരക്ഷിതനാണെന്നും ഇന്ത്യയിലേക്കില്ലെന്നും രാജ്യം വിട്ട് ഒളിച്ചോടിയ വിവാദ വ്യവസായി വിജയ് മല്യ. രണ്ട് പ്രമുഖ രാഷ്ട്രീയ പാർട്ടികൾക്കിടയിൽ പെട്ട ഫുട്ബോളായി മാറിയിരിക്കയാണ് ഞാൻ. അവരുടെ തിരഞ്ഞെടുപ്പ് പ്രസംഗങ്ങളിൽ നിന്നത് വ്യക്തമാണ്. എന്തെങ്കിലും തെളിവുകളുണ്ടങ്കിൽ അവർ അതുമായി മുന്നോട്ട് വരട്ടെ, എന്നാൽ അത്തരത്തിലുളള തെളിവുകൾ ഉണ്ടോ എന്നെനിക്ക് സംശയമുണ്ടെന്നും യുകെയിൽ നടന്ന ഫോർമുല വൺ കാറിന്റെ പ്രകാശന ചടങ്ങിൽ മല്യ പറഞ്ഞു.

ഇന്ത്യൻ സർക്കാരിലെ ഏതെങ്കിലും വ്യക്തിയുടെ ദയ എനിക്കാവശ്യമില്ല. എന്നെ കൈമാറണമെന്ന് പറയാൻ ഇന്ത്യയ്ക്ക് അധികാരമില്ലെന്നും മല്യ കൂട്ടി ചേർത്തു. ഒരു പബ്ളിക്ക് ലിമിറ്റഡ് കമ്പനിയായ കിങ് ഫിഷറിന്റെ പേരിലുണ്ടായ നഷ്‌ടത്തിന് താൻ മാത്രമാണ് ഉത്തരവാദിയെന്ന് വരുത്തി തീർത്ത് തന്നിൽ നിന്ന് കടം തിരിച്ചു പിടിക്കാനാണ് ബാങ്കുകൾ ശ്രമിക്കുന്നത്. വെറും സിവിൽ കേസായിരുന്ന ഇതിനെ ക്രിമിനൽ കേസാക്കിയത് കേന്ദ്രസർക്കാരാണെന്നും മല്യ പറഞ്ഞു.

വിവിധ ബാങ്കുകളിൽ നിന്നായി ഒൻപതിനായിരം കോടി രൂപയുടെ വായ്‌പയെടുത്ത് വിദേശത്തേക്ക് കടന്ന വ്യവസായിയാണ് വിജയ് മല്യ. മല്യയെ കൈമാറണമെന്നാവശ്യപ്പെട്ട് ബ്രിട്ടീഷ് സർക്കാരുമായി ഇന്ത്യ ചർച്ച നടത്തുന്നതിനിടെയാണ് പുതിയ പ്രസ്താവനയുമായി മല്യ രംഗത്തെത്തിയിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ