ജയ്പൂര്‍: ആഫ്രിക്കക്കു പുറത്ത് സിംഹങ്ങളെക്കാണുന്ന സ്വാഭാവിക വനപ്രദേശമാണ്‌ ഗുജറാത്തിലെ ഗിർ വനം. 1975-ൽ ഏഷ്യൻ സിംഹങ്ങളെ സംരക്ഷിക്കുന്നതിനു വേണ്ടിയാണ് ഈ ഉദ്യാനം രൂപീകൃതമായത്. ഏഷ്യയിലെ സിംഹങ്ങളുടെ അഭയകേന്ദ്രമായ ഗിര്‍ വനത്തില്‍ കാട്ടിലെ രാജാവിന് താമസിക്കാന്‍ ഇടമില്ല.

സമീപവനങ്ങളിലേക്ക് പാലായനം ചെയ്യുന്ന സിംഹങ്ങള്‍ എത്തുന്നത് മരണക്കെണിയിലേക്കും. 92 എന്ന ശരാശരി കണക്കിലാണ് വര്‍ഷത്തില്‍ സിംഹങ്ങള്‍ കുറയുന്നതെന്ന് ഗുജറാത്ത് വനമന്ത്രി ഗണപത് വാസവ നിയമസഭയില്‍ അറിയിച്ചു. കഴിഞ്ഞ രണ്ട് വര്‍ഷമായി 184 സിംഹങ്ങളാണ് വനത്തില്‍ മരിച്ചതെന്ന് മന്ത്രി നിയമസഭയില്‍ അറിയിച്ചു. 2016ല്‍ 104 സിംഹങ്ങളും 2017ല്‍ 80 സിംഹങ്ങളുമാണ് ഇവിടെ ചത്തൊടുങ്ങിയത്.

സിംഹങ്ങളുടെ മരണത്തില്‍ മൂന്നിലൊന്ന് മരണവും അസ്വഭാവിക മരണമാണ്. എണ്ണത്തിലെ വര്‍ധനമൂലം സമീപ വനമേഖലകളിലേക്ക് കുടിയേറുന്ന സിംഹങ്ങളുടെ സൈ്വരവിഹാരത്തിന് അഞ്ചു സംസ്ഥാനപാതകളും റെയില്‍പ്പാളങ്ങളും തടസ്സം സൃഷ്ടിക്കുന്നു. തുറമുഖങ്ങളും സിമന്റ് നിര്‍മാണശാലകളും ചുണ്ണാമ്പുകല്ലുഖനികളും സംരക്ഷിതവനമേഖലയുടെ അതിര്‍ത്തിപ്രദേശങ്ങളിലായി സ്ഥിതിചെയ്യുന്നു.

കിണറ്റില്‍ വീണും ട്രെയിന്‍ തട്ടിയും 32 സിംഹങ്ങളാണ് ചത്തത്. സിംഹക്കുട്ടികളും ഈ കണക്കില്‍ പെടും. അമരേലി ജില്ലയില്‍ 27 തുറന്ന കിണറുകളാണ് ഉളളത്. ഇവിടെ പാരപറ്റ് ചുമരുകള്‍ കെട്ടാമെന്ന് സര്‍ക്കാര്‍ നിയമസഭയെ അറിയിച്ചു. 2015ലെ സെന്‍സ് കണക്ക് പ്രകാരം 523 സിംഹങ്ങളാണ് വനത്തിലുളളത്. 2005ല്‍ 359 ഏഷ്യാറ്റിക് സിംഹങ്ങള്‍ മാത്രമാണ് ഇവിടെ ഉണ്ടായിരുന്നത്. എന്നാല്‍ 2008 മുതല്‍ ഇവയെ സംരക്ഷിക്കാനുളള യാതൊരുവിധ രൂപരേഖകളും സര്‍ക്കാര്‍ തയ്യാറാക്കിയിട്ടില്ല.

തുര്‍ക്കി മുതല്‍ ഇന്ത്യ വരെ കാണപ്പെട്ടിരുന്ന ഏഷ്യന്‍ സിംഹം, ഇന്ന് അവശേഷിക്കുന്നത് ഗിര്‍ വനത്തില്‍ മാത്രമാണ്. 1882 ചതുരശ്ര കിലോമീറ്ററുള്ള ഗിര്‍ ദേശീയോദ്യാനത്തിന് ഉള്‍ക്കൊള്ളാനാകുന്നത് പരമാവധി 300 സിംഹങ്ങളെയാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook