ഗാന്ധിനഗര്‍: ഗുജറാത്തിലെ അംറേലി ജില്ലയിലെ പറ്റ്‌ല ഗ്രാമത്തിലെ കര്‍ഷകന്റെ വീട്ടില്‍ സിംഹം കയറി. ഞായറാഴ്ച രാത്രിയാണ് സംഭവം. ധാന്യങ്ങള്‍ ശേഖരിച്ചുവച്ചിരുന്ന മുറിയില്‍ പ്രവേശിക്കുന്നതിന് മുമ്പ് ഒരു പോത്തിനെ കൊല്ലുകയും ചെയ്തു. പിന്നീട് വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി മുറിയുടെ പിന്‍വാതില്‍ തകര്‍ത്താണ് സിംഹത്തെ പുറത്തുവിട്ടത്.

‘ഞായറാഴ്ച രാത്രി 9.30യോടെയാണ് ഗിര്‍ വനത്തിനടുത്തെ പറ്റ്‌ല ഗ്രാമത്തില്‍ താമസിക്കുന്ന ജിലുഭായ് വാല എന്ന കര്‍ഷകന്റെ വീടിരിക്കുന്ന കോംപൗണ്ടില്‍ ഒരു സിംഹം കയറിയെന്ന് ഞങ്ങള്‍ക്ക് വിവരം ലഭിക്കുന്നത്. അപ്പോള്‍ തന്നെ ഞങ്ങളുടെ ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്തേക്ക് പോകുകയും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി പദ്ധതിയൊരുക്കുകയും ചെയ്തു,’ ഫോറസ്റ്റ് ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫീസര്‍ ദുഷ്യന്ത് വാസവദ പറയുന്നു.

സിംഹം വീട്ടില്‍ പ്രവേശിച്ചപ്പോള്‍ അവിടെ ആകെ 15പേര്‍ ഉണ്ടായിരുന്നുവെന്ന് കര്‍ഷകന്റെ ബന്ധുവായ ഉനാദ് വാല ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.

‘സിംഹം വീടിന്റെ മതില്‍ക്കെട്ടിനകത്ത് പ്രവേശിച്ച് മൂന്ന് വയസ് മാത്രം പ്രായമുള്ള പോത്തിനെ കൊല്ലുമ്പോള്‍ ഞങ്ങള്‍ ടിവി കാണുകയായിരുന്നു. ഇതേ തുടര്‍ന്ന് 20ഓളം വരുന്ന മറ്റ് കാളകള്‍ അതിനെ പിടിക്കാന്‍ ശ്രമിച്ചു. അവിടെ നിന്ന് രക്ഷപ്പെടുന്നതിനിടെയാണ് ധാന്യങ്ങള്‍ സംഭരിച്ചുവച്ച മുറിയിലേക്ക് സിംഹം പ്രവേശിക്കുന്നത്. വീട്ടിലെ കുട്ടികളെയും സ്ത്രീകളേയും ഒരു മുറിയില്‍ പൂട്ടിയിട്ട ശേഷമാണ് ഞങ്ങള്‍ മറ്റു കാര്യങ്ങള്‍ ചെയ്തത്,’ ഉനാദ് വാല പറഞ്ഞു.

വീട്ടിലുള്ളവര്‍ ശബ്ദമുണ്ടാക്കിയതിനെ തുടര്‍ന്ന് നാട്ടുകാര്‍ ഓടിയെത്തുകയും വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയും ചെയ്തു. രണ്ടര മണിക്കൂര്‍ നീണ്ടു നിന്ന രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കൊടുവിലാണ് സിംഹത്തെ പുറത്തെത്തിച്ചത്.

‘ഗ്രാമത്തിന്റെ തുറസായ പ്രദേശത്തേക്ക് തുറക്കുന്ന ഒരു പിന്‍വാതില്‍ ആ സംഭരണ മുറിയില്‍ ഉണ്ടായിരുന്നു. പക്ഷെ ആ വാതില്‍ അകത്തുനിന്നും പൂട്ടിയിരിക്കുകയായിരുന്നു. തുടക്കത്തില്‍ അല്പം മടിച്ചെങ്കിലും പിന്നീട് അത് തകര്‍ത്തോളാന്‍ വീട്ടുടമസ്ഥന്‍ സമ്മതിച്ചു. ഞങ്ങള്‍ ആദ്യം എല്ലാ സൈഡിലേക്കും വാഹനങ്ങള്‍ തയ്യാറാക്കി നിര്‍ത്തി. പിന്നീടൊരു മനുഷ്യ ചങ്ങല തീര്‍ത്തു. സിംഹം അടുത്തുള്ള മറ്റു വീടുകളിലേക്ക് പ്രവേശിക്കരുതെന്ന് ഉറപ്പുവരുത്തണമായിരുന്നു. എന്നാല്‍ വാതില്‍ തകര്‍ത്ത ഉടന്‍ തന്നെ സിംഹം അടുത്തുള്ള കുറ്റിക്കാട്ടിലേക്ക് ഓടിപ്പോകുകയായിരുന്നു,’ ദുഷ്യന്ത് വാസവദ പറഞ്ഞു.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ