ന്യൂഡല്‍ഹി: നിയന്ത്രണരേഖയിലെ സ്ഥിതിഗതികള്‍ ഏതു നിമിഷവും മോശമാകാമെന്നും രാജ്യം കരുതലോടെയിരിക്കണമെന്നും കരസേനാ മേധാവി ബിപിന്‍ റാവത്ത്.
കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിനെ തുടര്‍ന്നു നിയന്ത്രണരേഖയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനങ്ങള്‍ വര്‍ധിച്ച പശ്ചാത്തലത്തിലാണു കരസേനാ മേധാവിയുടെ പ്രതികരണം.
”നിയന്ത്രണരേഖയിലെ സ്ഥിതിഗതികള്‍ ഏതു നിമിഷവും വഷളായേക്കാം. പ്രശ്‌നങ്ങളുടെ പ്രഭവകേന്ദ്രത്തെ നേരിടാന്‍ നാം തയാറായിരിക്കണം,”ബിപിന്‍ റാവത്തിനെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
വെടിനിര്‍ത്തല്‍ ലംഘിച്ച 950 സംഭവങ്ങള്‍ ഓഗസ്റ്റ്-ഒക്ടോബര്‍ കാലയളവിലുണ്ടായതായി കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി.കിഷന്‍ റെഡ്ഡി നവംബറില്‍ പാര്‍ലമെന്റില്‍ പറഞ്ഞിരുന്നു.
കരസേനാ മേധാവി സ്ഥാനം ബിപിന്‍ റാവത്ത് ഡിസംബര്‍ 31ന് ഒഴിയും. ലഫ്റ്റനന്റ് ജനറല്‍ മനോജ് മുകുന്ദ് നരവാനെയാണു ബിപിന്‍ റാവത്തിന്റെ പിന്‍ഗാമി.
ഇന്ത്യയിലെ പൗരത്വ ഭേദഗതി നിയമം, ആണവശക്തികളായ ഇരു രാജ്യങ്ങളും തമ്മില്‍ സംഘര്‍ഷത്തിലേക്കു നീങ്ങാന്‍ കാരണമായേക്കുമെന്നു പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ കഴിഞ്ഞദിവസം പറഞ്ഞിരുന്നു.