ന്യൂയോർക്ക്: മുൻ യുഎസ് പ്രസിഡന്റ് ബിൽ ക്ലിന്റന്റെ ഇംപീച്ച്മെന്റ് ബില്ലിലേക്ക് വഴിയൊരുക്കിയ വിവാദത്തിലെ പ്രധാന കണ്ണിയായ ലിന്‍ഡ ട്രിപ് അന്തരിച്ചു. 70-ാം വയസ്സില്‍ വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം. 2001 മുതൽ സ്തനാർബുദ ചികിത്സയിലായിരുന്നു ട്രിപ്.

വൈറ്റ് ഹൗസ്‌ ഇന്റേണായ മോണിക്ക ലെവിന്‍സ്‌കിയുടെ ഫോൺ റെക്കോർഡുകൾ ചോർത്തി മോണിക്കയും ബിൽ ക്ലിന്റണും തമ്മിലുള്ള ബന്ധം പുറത്തു കൊണ്ടു വന്നത് ലിൻഡ ട്രിപ്പായിരുന്നു. ഈ സംഭവമാണ് ക്ലിന്റന്റെ ഇംപീച്ച്മെന്റ് ബില്ലില്ലേക്ക് എത്തിച്ചത്.

1997ലാണ് വൈറ്റ് ഹൗസ് മുന്‍ ഇന്റേണ്‍ ആയിരുന്ന മോണിക്ക ലെവിന്‍സ്‌കിക്ക് തന്നേക്കാള്‍ 27 വയസ് പ്രായം കൂടുതലുണ്ടായിരുന്ന അന്നത്തെ യുഎസ് പ്രസിഡന്റ് ബില്‍ ബില്‍ ക്ലിന്റനുമായി ബന്ധമുണ്ടായിരുന്നതായി ആരോപണം ഉയരുന്നത്. അക്കാലത്ത് പെന്റഗൺ ജീവനക്കാരിയായിരുന്ന ട്രിപ് മോണിക്കയുമായി നടത്തിയ സംഭാഷണത്തിൽ, ക്ലിന്റണുമായുള്ള തന്റെ ബന്ധത്തെ കുറിച്ച് മോണിക്ക സൂചിപ്പിച്ചു.

Read More: മകനും സുഹൃത്തിനും കോവിഡ് മാറി; നന്ദി പറഞ്ഞ് സംവിധായകൻ പത്മകുമാർ

എന്നാല്‍ ട്രിപ് ഇത് രഹസ്യമായി റെക്കോർഡ് ചെയ്യുകയും പിന്നീട് മണിക്കൂറുകള്‍ നീണ്ട ടെലിഫോണ്‍ സംഭാഷണങ്ങള്‍ അഭിഭാഷകനായ കെന്നത്ത് സ്റ്റാറിനെ ഏല്‍പിക്കുകയും ചെയ്തു.

ആദ്യം ആരോപണം നിഷേധിച്ച ക്ലിന്റന്‍ 1998 ജനുവരിയില്‍ ഇത് അംഗീകരിച്ചു. യുഎസിലും ആഗോളതലത്തിലും വലിയ കോളിളക്കമുണ്ടാക്കി. ക്ലിന്റന്‍ ഇംപീച്ച് ചെയ്യപ്പെടും എന്ന ഘട്ടത്തിലേയ്ക്ക് വരെ കാര്യങ്ങളെത്തി. ക്ലിന്റനെ പിന്നീട് സെനറ്റ് കുറ്റവിമുക്തനാക്കി.

സംഭവങ്ങൾ നടക്കുന്ന കാലത്ത് 48 വയസുള്ള വിവാഹ മോചിതയും രണ്ട് കുട്ടികളുടെ അമ്മയുമായിരുന്നു ട്രിപ്. നിയമ വാഴ്ചയ്ക്ക് വേണ്ടി നിലകൊണ്ട വ്യക്തിയെന്നാണ് ഒരു വിഭാഗം ട്രിപിനെ വിശേഷിപ്പിച്ചത്. എന്നാൽ ഒരു അമ്മയെ പോലെ ട്രിപിനെ വിശ്വസിച്ച പെൺകുട്ടിയെ ചതിച്ച് ലാഭം നേടിയവൾ എന്ന് മറ്റൊരു വിഭാഗം കുറ്റപ്പെടുത്തി.

ലിന്‍ഡയുടെ രോഗം മൂർച്ഛിച്ച വാര്‍ത്തയറിഞ്ഞപ്പോള്‍ വീട്ടുകാര്‍ക്ക് പിന്തുണയറിയിച്ചു കൊണ്ട് മോണിക്ക ലെവന്‍സ്‌കി സന്ദേശമയച്ചിരുന്നു. “ഭൂതകാലമെന്തുമായിക്കോട്ടെ, ലിന്‍ഡയുടെ അസുഖവാര്‍ത്തയറിഞ്ഞ ഞാന്‍ അവര്‍ രോഗമുക്തി നേടാനായി പ്രാര്‍ഥിക്കുന്നു” എന്നാണ് മോണിക്ക ട്വീറ്റ് ചെയ്തത്.

Read in English: Linda Tripp, whose tapes exposed Clinton affair, dies at 70

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook