രാജസ്ഥാനിൽ ഭരണ കക്ഷി എംഎൽഎ മാരെ സ്വാധീനിക്കാനും ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ അസ്ഥിരപ്പെടുത്താനുമുള്ള ശ്രമങ്ങൾ നടക്കുന്നതായി രാജസ്ഥാൻ സർക്കാർ ചീഫ് വിപ്പ് മഹേഷ് ജോഷി. അട്ടിമറി ശ്രമങ്ങളുടെ പശ്ചാത്തലത്തിൽ എംഎൽഎമാരെ കോൺഗ്രസ് ഒരു റിസോർട്ടിലേക്ക് മാറ്റിയതായാണ് റിപ്പോർട്ട്. മുഖ്യമന്ത്രി അശോക് ഗെലോട്ട് വിളിച്ചുചേർത്ത ഒരു യോഗത്തിനു ശേഷമാണ് സംസ്ഥാനത്തെ കോൺഗ്രസ് എംഎൽഎമാരെ റിസോർട്ടിലേക്ക് മാറ്റിയതത്.

അട്ടിമറി ശ്രമത്തെക്കുറിച്ച് രാജസ്ഥാൻ അഴിമതി വിരുദ്ധ വിഭാഗം ഡയരക്ടർ ജനറലിന് മഹേഷ് ജോഷി പരാതി നൽകി. “കർണാടകയിലും മദ്ധ്യപ്രദേശിലും സംഭവിച്ചത് പോലെ രാജസ്ഥാനിലും സർക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന കാര്യം ഞാൻ അറിഞ്ഞു,” എന്ന് മഹേഷ് ജോഷിയുടെ പരാതിയിൽ പരാമർശിക്കുന്നു. എന്നാൽ, ആരാണ് എംഎൽഎമാരെ ചാക്കിട്ടുപിടിക്കാൻ ശ്രമം നടത്തുന്നതെന്ന് ചീഫ് വിപ്പിന്റെ പരാതിയിൽ വ്യക്തമാക്കിയിട്ടില്ല.

Read More: ‘കമൽനാഥ് സർക്കാരിനെ വലിച്ചിട്ടത് ബിജെപി കേന്ദ്രനേതൃത്വം’; വൈറലായി ഓഡിയോ ക്ലിപ്പ്

ജൂൺ 19 ന് നടക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മുഖ്യമന്ത്രി അശോക് ഗെലോട്ട് അദ്ദേഹത്തിന്റെ വസതിയിൽ വിളിച്ചു ചേർത്ത യോഗത്തിനു ശേഷമാണ് എം‌എൽ‌എമാരെ ബസുകളിൽ ഒരു ആഡംബര റിസോർട്ടിലേക്ക് കൊണ്ടുപോയത്. ഗെഹ്‌ലോട്ടും റിസോർട്ടിൽ എത്തി എംഎൽഎമാരുമായി ചർച്ച നടത്തി.

രാജ്യസഭാ തിരഞ്ഞെടുപ്പിലേക്ക് രാജസ്ഥാനിൽനിന്ന് കെ സി വേണുഗോപാലിനെയും നീരജ് ഡാംഗിയെയുമാണ് കോൺഗ്രസ് നാമനിർദ്ദേശം ചെയ്തത്. ബിജെപി രാജേന്ദ്ര ഗെലോട്ട്, ഓങ്കർ സിങ്ങ് ലഖാവത്ത് എന്നിവരെയും നാമനിർദേശം ചെയ്തു. 200 അംഗ നിയമസഭയിൽ 107 എം‌എൽ‌എമാരാണ് ഭരണകക്ഷിയായ കോൺഗ്രസിന്. കഴിഞ്ഞ വർഷം ബി‌എസ്‌പിയിൽ നിന്ന് കോൺഗ്രസിലെത്തിയ ആറ് എംഎൽഎമാരും ഇതിൽ ഉൾപ്പെടുന്നു. സംസ്ഥാനത്തെ 13 സ്വതന്ത്ര എം‌എൽ‌എമാരിൽ 12 പേരുടെ പിന്തുണയും കോൺഗ്രസ്സിനുണ്ട്.

Read More: Bid to poach MLAs, destabilise Rajasthan govt, alleges Congress

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook