ന്യൂഡൽഹി: എയര്‍പോര്‍ട്ടുകളിലെ പോലെ റെയില്‍വേ സ്‌റ്റേഷനുകളിലും സീലിങ് സംവിധാനം വരാന്‍ പോകുന്നു. ട്രെയിന്‍ പോകുന്ന സമയത്തിന് 20 മിനിറ്റ് മുമ്പായി യാത്രക്കാര്‍ സുരക്ഷാ പരിശോധന കഴിഞ്ഞ് അകത്ത് പ്രവേശിച്ചിരിക്കണം.

ഈ സംവിധാനം അലഹബാദിലും, കര്‍ണാടകയിലെ ഹൂബ്ലി റെയില്‍വേ സ്റ്റേഷനിലും ആരംഭിച്ചു കഴിഞ്ഞു. ഈ മാസം ആരംഭിക്കാനിരിക്കുന്ന കുംഭ മേളയുടെ മുന്നോടിയായാണിത്. 202ല്‍ അധികം സ്‌റ്റേഷനുകളില്‍ കൂടി നടപ്പാക്കാനുള്ള തയ്യാറെടുപ്പുകള്‍ ആയിക്കഴിഞ്ഞു എന്ന് റെയില്‍വേ സുരക്ഷ സേന ഡയറക്ടര്‍ ജനറല്‍ അരുൺ കുമാര്‍ ഇക്കാര്യം വ്യക്തമാക്കിയതായി പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

Read in English Logo Indian Express

“റെയില്‍വേ സ്‌റ്റേഷനുകള്‍ അടയ്ക്കാനാണ് പദ്ധതി. പ്രാഥമികമായും തുറന്നു കിടക്കുന്ന ഇടങ്ങള്‍ കണ്ടു പിടിക്കാനും അടയ്ക്കാനും വേണ്ടിയാണ് ഇത്. ചില ഇടങ്ങള്‍ പൂര്‍ണമായും അടച്ചിടും. അല്ലാത്തവ ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ നിയന്ത്രിക്കും. ഓരോ വാതിലിലും സുരക്ഷ ചെക്കിങ് ഉണ്ടായിരിക്കും. പക്ഷേ എര്‍പോര്‍ട്ടുകളിലേതു പോലെ ഒരു മണിക്കൂര്‍ മുമ്പെത്തേണ്ട കാര്യമില്ല. 15-20 മിനിറ്റ് മുമ്പെത്തിയാല്‍ മതി. സുരക്ഷാ ചെക്കിങ് കാരണം സമയം വൈകാതിരിക്കാനാണിത്,” അദ്ദേഹം പറഞ്ഞു.

എന്നാല്‍ സുരക്ഷ വര്‍ദ്ധിപ്പിക്കുമെങ്കിലും സുരക്ഷാ ഉദ്യോഗസ്ഥരുടെ എണ്ണം വര്‍ദ്ധിപ്പിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സാങ്കേതിക വിദ്യകളുടെ സഹായത്തോടെയായിരിക്കും ചെക്കിങ് നടത്തുക. ഇന്റഗ്രേറ്റഡ് സെക്യൂരിറ്റി സിസ്റ്റത്തിന്റെ ഭാഗമായിട്ടാണ് പുതിയ നടപടികള്‍ എന്നദ്ദേഹം പറയുന്നു. പുതിയ പദ്ധതിക്കായി 385.06 കോടി രൂപയാണ് ചെലവ്.

സിസിടിവി ക്യാമറകൾ, ബോംബുകള്‍ കണ്ടെത്തുന്നതിനും നിര്‍വീര്യമാക്കുന്നതിനുമുള്ള സംവിധാനങ്ങൾ, യാത്രക്കാരുടെ ലഗേജുകള്‍ പരിശോധിക്കാനുള്ള സ്‌കാനറുകള്‍, കണ്‍ട്രോള്‍ യൂണിറ്റ് എന്നിവയുടെ സഹായത്തോടെയാണ് സുരക്ഷാ ചെക്കിങ് നടത്തുക.

എന്നാൽ ആദ്യഘട്ടത്തില്‍ , സ്റ്റേഷനിലെത്തുന്ന എട്ടോ ഒമ്പതോ യാത്രക്കാരില്‍ ഒരാള്‍ക്കോ ഒന്നിലേറേ പേര്‍ക്കോ എന്ന കണക്കിലായിരിക്കും പരിശോധന നടക്കുക. എല്ലാവർക്കും ഉണ്ടായിരിക്കില്ല. 2016ൽ തയ്യാറാക്കിയ പദ്ധതി പ്രകാരമാണ് ഇത് നടപ്പിലാക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook