scorecardresearch

ശക്തമായ ഇടിമിന്നലും മഴയും: താജ് മഹലിന് കേടുപാടുകൾ; കൈവരികൾ തകർന്നു, മരങ്ങൾ കടപുഴകി

ഉത്തർ പ്രദേശിൽ ആഗ്ര അടക്കമുള്ള ജില്ലകളിൽ രണ്ടു ദിവസമായി ശക്തമായ ഇടിമിന്നലും കാറ്റും മഴയും തുടരുകയാണ്

ഉത്തർ പ്രദേശിൽ ആഗ്ര അടക്കമുള്ള ജില്ലകളിൽ രണ്ടു ദിവസമായി ശക്തമായ ഇടിമിന്നലും കാറ്റും മഴയും തുടരുകയാണ്

author-image
WebDesk
New Update
ബോംബ് ഭീഷണി: താജ്‌മഹൽ അടച്ചു, സഞ്ചാരികളെ ഒഴിപ്പിച്ചു

ആഗ്ര: വെള്ളിയാഴ്ച രാത്രിയുണ്ടായ ഇടിമിന്നലിൽ താജ് മഹലിന് ചെറിയ കേടുപാടുകൾ സംഭവിച്ചതായി ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ ഉദ്യോഗസ്ഥർ. താജ് മഹലിലെ പ്രധാന കുടീരത്തിലെ കൈവരികൾക്കാണ് കേടുപാടുകൾ സംഭവിച്ചത്. മാർബിളിലും ചുവന്ന സാൻഡ് സ്റ്റോണിലും തീർത്ത കൈവരികൾക്ക് ചെറുതായി തകർച്ച വന്നതായി ആർക്കിയോളജിക്കൽ സർവേ ഉദ്യോഗസ്ഥനായ ബസന്ത് കുമാർ സ്വർണാകർ പിടിഐ വാർത്താ ഏജൻസിയോട് പറഞ്ഞു. കുടീരത്തിലെ ഫാൾസ് സീലീങ്ങ് നിലത്തുവീഴുകയും ചെയ്തു. ഒരു വാതിലിനും കേടുപാടുകളുണ്ട്. താജ്മഹൽ വളപ്പിലെ ഏതാനും മരങ്ങൾ കടപുഴകി വീണതായും അദ്ദേഹം അറിയിച്ചു.

Read More: കാലവർഷം ആരംഭിച്ചതായി സ്കൈമെറ്റ്; വിയോജിച്ച് ഐഎംഡി

Advertisment

താജ് മഹലിൽ യമുനാ തീരത്തോട് ചേർന്ന പ്രധാന കുടീരത്തിലാണ് നാശനഷ്ടം സംഭവിച്ചത്. 20 ലക്ഷത്തോളം രൂപയുടെ കേടുപാടുകളുണ്ടായതായാണ് കണക്കാക്കുന്നതെന്നും ആർക്കിയോളജിക്കൽ സർവേ ഉദ്യോഗസ്ഥർ പറഞ്ഞു. പ്രധാന കവാടത്തോട് ചേർന്ന് സ്ഥാപിച്ച മെറ്റൽ ഡിറ്റക്ടർ സംവിധാനവും തകർന്നു വീണിട്ടുണ്ട്.

ലോക്ക്ഡൗൺ ഇളവുകൾക്ക് ശേഷമാവും തകർന്ന ഭാഗങ്ങൾ പുനർ നിർമിക്കാനുള്ള നടപടികൾ സ്വീകരിക്കുക. രാജസ്ഥാനിൽ നിന്ന് ഇതിനായി മാർബിളും സാൻഡ് സ്റ്റോണും ആഗ്രയിലെത്തിക്കേണ്ടി വരും.

ഇതാദ്യമായല്ല ഇടി മിന്നലിൽ താജ് മഹലിന് കേടുപാടുകൾ സംഭവിക്കുന്നത്. 2018 മേയ് രണ്ടിന് താജ് മഹൽ കവാടങ്ങളോട് ചേർന്ന മിനാരങ്ങൾക്ക് ഇടിമിന്നലിൽ തകർച്ച സംഭവിച്ചിരുന്നു. താജ് മഹൽ ഷാഹി പള്ളിയിലെ മിനാര സ്തൂപത്തിനും അന്ന് കേടുപാട് സംഭവിച്ചിരുന്നു.

Advertisment

2018 ഏപ്രിൽ 11ന് ശക്തമായ മഴയിലും കാറ്റിലും താജ്മഹലിന്റെ പ്രവേശന കവാടത്തിലെ മിനാരം തകർന്നു വീണിരുന്നു. പ്രധാനകവാടമായ ദര്‍വാസ-ഇ-റൗസയിലെ 12 അടി ഉയരമുള്ള മെറ്റല്‍ തൂണായിരുന്നു അന്ന് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത്തിൽ വീശിയ കാറ്റിൽ തകർന്നു വീണത്.

Read More: ശക്തമായ മഴയില്‍ താജ്മഹലിന്റെ മിനാരം തകര്‍ന്നു

ഉത്തർ പ്രദേശിൽ ആഗ്ര അടക്കമുള്ള ജില്ലകളിൽ കഴിഞ്ഞ രണ്ടു ദിവസത്തിലധികമായി ശക്തമായ ഇടിമിന്നലും കാറ്റും മഴയും തുടരുകയാണ്. ഇടിമിന്നലിനെത്തുടർന്ന് ഉത്തർ പ്രദേശിലെ ഉന്നാവ്, കന്നൗജ്, മെയ്ൻപുരി, ആഗ്ര, ലഖിംപൂർ ഖിരി, മുസാഫർനഗർ ജില്ലകളിൽ നിരവധി പേർ മരിച്ചിരുന്നു.

ഇടിമിന്നലിൽ ജീവൻ നഷ്ടപ്പെട്ടവരുടെ ബന്ധുക്കൾക്ക് നാലു ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകാനും പരിക്കേറ്റവർക്ക് മതിയായ വൈദ്യചികിത്സ നൽകാനും സംസ്ഥാന സർക്കാർ നിർദേശം നൽകിയിരുന്നു. വരും ദിവസങ്ങളിൽ സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴക്ക് സാധ്യതയുള്ളതായ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Read More: Taj Mahal suffers minor damage in thunderstorm

Taj Mahal

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: