മുഖ്യധാരാ മാധ്യമങ്ങളില്‍ അവഗണിക്കപ്പെടുന്നതോ റിപ്പോര്‍ട്ട് ചെയ്യപ്പെടാത്തതോ ആയ വാര്‍ത്തകള്‍ വെളിച്ചത്തു കൊണ്ടുവരാനുള്ള ക്രൗഡ് ഫണ്ടിങ് പ്ലാറ്റ്‌ഫോമായ ‘ലൈറ്റ്ഹൗസ് ജേണലിസം’ രാജ്യത്തിന്റെ 75-ാമത് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ആരംഭിച്ചു.
ഇന്ത്യന്‍ എക്‌സ്പ്രസും ഗൂഗിളും കൈകോര്‍ക്കുന്ന സംരംഭമായ ലൈറ്റ്ഹൗസ് ജേണലിസം മാറ്റങ്ങള്‍ സൃഷ്ടിക്കുന്ന വ്യക്തികളുടെയോ വിഭാഗങ്ങളുടെയോ സംഘടനകളുടെയോ വാര്‍ത്തകള്‍ വെളിച്ചത്തുകൊണ്ടുവരാനും സമൂഹത്തില്‍ ഗുണപരമായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ലക്ഷ്യമിടുന്നതാണ്.
പദ്ധതി ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് സാങ്കേതികത, ക്രൗഡ് ഫണ്ടിങ് എന്നിവ പ്രയോജനപ്പെടുത്തുന്നു.
മാറ്റം സൃഷ്ടിക്കുന്നവരെ തിരിച്ചറിയുകയും അവരുടെ നേട്ടങ്ങള്‍ പരസ്യപ്പെടുത്തുകയും ചെയ്യുന്ന സാമൂഹിക രീതിയെ ലൈറ്റ്ഹൗസ് ജേണലിസം മാറ്റുമെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് ഡോട്ട് കോം സിഇഒ സഞ്ജയ് സിന്ധ്വാനി പറഞ്ഞു.
”ഇത് ക്രൗഡ് ഫണ്ടഡ് ജേണലിസത്തിന്റെ അദ്വിതീയമായ മാതൃക ഉപയോഗിച്ച്, ഇതുവരെ അവഗണിക്കപ്പെട്ട പ്രശ്‌നങ്ങളിലേക്കും വിഷയങ്ങളിലേക്കും വെളിച്ചം വീശും,” സിന്ധ്വാനി കൂട്ടിച്ചേര്‍ത്തു.
ഈ സംരംഭം നയിക്കുന്ന ഇന്ത്യന്‍ എക്‌സ്പ്രക് ഡോട്ട് കോം, ഓണ്‍ലൈന്‍ ജേണലിസത്തില്‍ പുതിയ ചിന്തകള്‍ പ്രകടിപ്പിക്കാന്‍ ലോകമെമ്പാടുമുള്ള മാധ്യമസ്ഥാപനങ്ങളെ പ്രാപ്തമാക്കുന്ന ‘ഗൂഗിള്‍ ന്യൂസ് ഇനീഷ്യേറ്റീവ് ഇന്നവേഷന്‍ ചലഞ്ചസ്’ പുരസ്‌കാര ജേതാവാണ്.
ഈ പ്ലാറ്റ്ഫോമില്‍ ഒരു മാധ്യമപ്രവര്‍ത്തകന് ആശയം ഉയര്‍ത്താൻ http://www.lighthousejournalism.com ല്‍ റജിസ്റ്റര്‍ ചെയ്യണം. പദ്ധതിക്കായി അവര്‍ക്ക് സോഷ്യല്‍ മീഡിയയിലൂടെ പ്രചാരണം നടത്താനും ക്രൗഡ് ഫണ്ടിങ് ക്ഷണിക്കാനും കഴിയും.
എങ്കിലും, ഓരോ പദ്ധതിയും എഡിറ്റോറിയല്‍ ബോര്‍ഡിന്റെ അംഗീകാരത്തിന് വിധേയമാണ്. ഇത് പദ്ധതിക്കായി ശേഖരിക്കേണ്ട ഫണ്ടിന്റെ പരിധിയും ഒരു ഫ്രീലാന്‍സ് ജേര്‍ണലിസ്റ്റിന് നല്‍കേണ്ട പ്രതിഫലവും ബോര്‍ഡ് തീരുമാനിക്കും.