അഹമ്മദാബാദ്: പശുവിനെ കൊല്ലുന്നവർക്ക് ഗുജറാത്തിൽ ഇനി ജീവപര്യന്തം തടവു ശിക്ഷ. ഇതുസംബന്ധിച്ച നിയമത്തിന് ഗുജറാത്ത് നിയമസഭ അനുമതി നൽകി. നിയമസഭാ സമ്മേളനത്തിന്റെ അവസാനദിനമായ ഇന്നാണ് ഇതു സംബന്ധിച്ച ഭേദഗതി പാസാക്കിയത്. തടവുശിക്ഷയ്ക്കു പുറമേ 50,000 രൂപ പിഴയും അടയ്ക്കണം.

2011 ൽ നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന സമയത്ത് പശുവിനെ കൊല്ലുന്നതിനും ഇറച്ചി കയറ്റുമതിക്കും നിരോധനം ഉൾപ്പെടുത്തി കൊണ്ടുളള നിയമത്തിൽ ഭേദഗതി വരുത്തിയിരുന്നു. ഇതനുസരിച്ച് പശുവിനെ കൊല്ലുന്നവർക്ക് ഏഴു മുതൽ 10 വർഷം വരെ ശിക്ഷ ലഭിക്കുമായിരുന്നു. ഇതാണ് ഇപ്പോൾ ഭേദഗതി ചെയ്ത് ജീവപര്യന്തമാക്കിയത്.

പുതിയ നിയമം അനുസരിച്ച് പശുക്കളെ കടത്തുന്നവർക്ക് 10 വർഷം തടവ് അനുഭവിക്കണം. മാത്രമല്ല പശുക്കളെ കടത്തുന്ന വാഹനത്തിന്റെ ഉടമയിൽനിന്നും ഒരു ലക്ഷംം രൂപ പിഴ ഈടാക്കാനും വാഹനം പിടിച്ചെടുക്കാനും നിയമത്തിൽ വ്യവസ്ഥയുണ്ട്. 2011 ലാണ് ഗുജറാത്തിൽ പശുക്കളെ കൊല്ലുന്നതിനും കടത്തുന്നതിനും നിരോധനം ഏർപ്പെടുത്തിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ