വാഷിംഗ്ടൺ: ചൊവ്വാ ഗ്രഹത്തില്‍ ജീവന്റെ തുടിപ്പുകള്‍ ഉണ്ടായിരിക്കാമെന്ന നിഗമനത്തിന് ആക്കം കൂട്ടി നാസയുടെ പുതിയ കണ്ടെത്തല്‍. ചൊവ്വയിലെ പാറകളിൽ ധാതുസമ്പുഷ്ടമായ ലോഹത്തരികൾ നാസയുടെ ക്യൂരിയോസിറ്റി റോവർ കണ്ടെത്തി. ക്യൂരിയോസ്റ്റി പുതുതായി ശേഖരിച്ച സാമ്പിളുകള്‍ പരിശോധിച്ചതിന് ശേഷമാണ് നാസ വിവരം പുറത്തുവിട്ടത്. എർത്ത് ആൻഡ് പ്ലാനറ്ററി സയൻസ് ലെറ്റേഴ്സ് ജേണലിന്റെ പുതിയ ലക്കത്തിലാണ് ഗവേഷണ വിശദാംശങ്ങള്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.
350 കോടി വർഷം മുൻപു ചൊവ്വയിലുണ്ടായിരുന്ന തടാകത്തിലെ ജലത്തിൽ അടിഞ്ഞുകിടന്നിരുന്ന പാറകളുടെ അടരുകളിൽനിന്നാണു ക്യൂരിയോസിറ്റി തരികൾ ശേഖരിച്ചത്. ചൊവ്വയിൽ കണ്ടെത്തിയ ഈ ലോഹാവശിഷ്ടങ്ങൾ ആദ്യകാല ചൊവ്വാഗ്രഹം ആദ്യകാല ഭൂമിയെപ്പോലെ മെല്ലെ തണുത്തുവരികയായിരുന്നുവെന്ന നിഗമനമാണ് നല്‍കുന്നത്.
ഭൂമിയുടെ അന്തരീക്ഷത്തിൽ 350 കോടി വർഷം മുമ്പാണ് ജീവന്റെ തുടിപ്പുകൾ ഉണ്ടായത്. സമാനമായ അന്തരീക്ഷമാണ് ആ സമയത്തു ചൊവ്വയിലും ഉണ്ടായിരുന്നതെങ്കിൽ അവിടെയും ജീവന്റെ സാന്നിധ്യം ഉണ്ടായിരുന്നോയെന്നു സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് നാസയിലെ ശാസ്ത്രജ്ഞ എലിസബത്ത് റാമ്പെ പറഞ്ഞു. ചൊവ്വയിലെ പരിസ്ഥിതി മാറ്റങ്ങളിലേക്ക് വഴിവെയ്ക്കാൻ ഈ കണ്ടെത്തൽ സഹായകമാകുമെന്നാണു പ്രതീക്ഷ.