scorecardresearch

Malayalam News Highlights: സി എം രവീന്ദ്രനെ മുഖ്യമന്ത്രി ചിറകിനു കീഴില്‍ ഒളിപ്പിച്ചു: കെ സുധാകരന്‍

ഇന്നു രാവിലെ ഹാജരാകാൻ ആവശ്യപ്പെട്ട് ഇ.ഡി രവീന്ദ്രന് നോട്ടീസ് നൽകിയിരുന്നു

k sudhakaran, ed,kerala

Malayalam News Highlights: ലൈഫ് മിഷന്‍ കോഴക്കേസില്‍ എന്‍ഫോഴ്സ്മെന്റെ ഡയറക്ടറേറ്റിന്റെ (ഇഡി)യുടെ ചോദ്യം ചെയ്യലിന് ഹാജരാക്കാതെ മുഖ്യമന്ത്രി പിണറായി വിജയന്‍ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയും മനഃസാക്ഷി സൂക്ഷിപ്പുകാരനുമായ സി എം രവീന്ദ്രനെ നിയമസഭയില്‍ തന്റെ ചിറകിനു കീഴില്‍ ഒളിപ്പിച്ചെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ എംപി.

തിങ്കളാഴ്ച രാവിലെ കൊച്ചിയിലെ ഓഫീസില്‍ ഹാജരാകാനാണ് ഇ ഡി നിര്‍ദേശിച്ചിരുന്നതെങ്കിലും രവീന്ദ്രന്‍ പോയത് നിയമസഭയില്‍ മുഖ്യമന്ത്രിയുടെ ഓഫീസിലേക്കാണ്. നിയമസഭാ സമ്മേളനത്തിന്റെ തിരക്കാണ് എന്നാണ് രവീന്ദ്രന്‍ ഇഡിയെ അറിയിച്ചത്. എന്നാല്‍, നിയമസഭയില്‍ രവീന്ദ്രന് ഒരു റോളുമില്ല എന്നതാണ് വസ്തുത. മുഖ്യമന്ത്രിയെ സഹായിക്കാന്‍ സീനിയര്‍ ഗവ സെക്രട്ടറിമാരുടെയും പൊലീസ് ഉദ്യോഗസ്ഥരുടെയും വമ്പന്‍നിര തന്നെ നിയമസഭയിലുണ്ട്. അവര്‍ക്കിരിക്കാന്‍ നിയമസഭയില്‍ പ്രത്യേക ഇരിപ്പിടവുമുണ്ട്. ഒരു വകുപ്പുമായി ബന്ധപ്പെട്ട ചര്‍ച്ചയോ ചോദ്യമോ ഉയര്‍ന്നാല്‍ ആ വകുപ്പിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരെല്ലാം അവിടെ ഉണ്ടായിരിക്കും. കൂടാതെ നിയമസഭാ ജീവനക്കാരുമുണ്ട്. അതിനിടയില്‍ പേഴ്സണല്‍ സ്റ്റാഫിന് പ്രത്യേകിച്ച് ഒരു പങ്കുമില്ല. നിയമസഭയിലേക്ക് ഇ ഡി എത്തില്ലെന്ന ധാരണമൂലമാകാം രവീന്ദ്രനെ സംരക്ഷിക്കാന്‍ മുഖ്യമന്ത്രി നിയമസഭയെ കവചമാക്കിയതെന്ന് സുധാകരന്‍ പറഞ്ഞു.

ലൈഫ് മിഷൻ കോഴയിടപാട്; സി.എം.രവീന്ദ്രന്‍ ഇ.ഡിക്കു മുന്നില്‍ ഇന്ന് ഹാജരാകില്ല

തിരുവനന്തപുരം: ലൈഫ് മിഷൻ കോഴയിടപാടിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു മുന്നിൽ ചോദ്യം ചെയ്യലിന് മുഖ്യമന്ത്രിയുടെ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രൻ ഇന്ന് ഹാജരാകില്ല. ഇന്നു രാവിലെ 10 ന് കൊച്ചി ഓഫിസിൽ ഹാജരാകാൻ ആവശ്യപ്പെട്ട് ഇ.ഡി രവീന്ദ്രന് നോട്ടീസ് നൽകിയിരുന്നു. ലൈഫ് മിഷൻ പദ്ധതിയിലും കോഴയിടപാടിലും രവീന്ദ്രന്റെ പങ്ക് സംശയിക്കാവുന്ന തെളിവുകൾ ഇ.ഡിക്ക് ലഭിച്ചിരുന്നു.

Live Updates
21:53 (IST) 27 Feb 2023
ആകാശ് തില്ലങ്കേരിയെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു

സ്വര്‍ണക്കടത്ത്, ക്വട്ടേഷന്‍ അടക്കമുള്ള കേസുകളില്‍ പ്രതിയായ ആകാശ് തില്ലങ്കേരിയെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു. മുഴക്കുന്ന് പോലീസാണ് ആകാശ് തില്ലങ്കേരിയെ അറസ്റ്റ് ചെയ്തത്. ഡിവൈഎഫ്‌ഐ പ്രാദേശിക നേതാക്കളുടെ പരാതിയില്‍ ആകാശിനെതിരെ സ്ത്രീത്വത്തെ അപമാനിച്ചുവെന്നതിനു മുഴക്കുന്ന് പൊലീസും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ ഫെയ്‌സ്ബുക്കിലൂടെ ഭീഷണിപ്പെടുത്തിയെന്നതിനു മട്ടന്നൂര്‍ പൊലീസും കേസ് റജിസ്റ്റര്‍ ചെയ്തിരുന്നു READMORE

21:09 (IST) 27 Feb 2023
എക്‌സിറ്റ്‌പോള്‍: ത്രിപുരയിലും നാഗാലാന്‍ഡിലും ബിജെപിക്ക് വന്‍ ഭൂരിപക്ഷം; മേഘാലയയില്‍ ഇഞ്ചോടിഞ്ച് പോരാട്ടം

ത്രിപുര, മേഘാലയ, നാഗാലാന്‍ഡ് സംസ്ഥാനങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പിന്റെ എക്സിറ്റ് പോള്‍ കണക്കുകള്‍ പുറത്ത് വന്നുതുടങ്ങി. ഇതുവരെ പുറത്തുവന്ന കണക്കുകള്‍ പറയുന്നത് ത്രിപുരയിലും നാഗാലാന്‍ഡിലും ബിജെപിക്ക് മികച്ച ഭൂരിപക്ഷം ലഭിക്കുമെന്നാണ്.മേഘാലയയില്‍ വളരെ കടുത്ത പോരാട്ടവും നടക്കുമെന്നും റിപോര്‍ട്ട് പറയുന്നു. Readmore

19:38 (IST) 27 Feb 2023
നീറ്റ് പരീക്ഷ മാറ്റിവെക്കണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി

നീറ്റ് പിജി പരീക്ഷ മാറ്റില്ല. പരീക്ഷ മാറ്റിവെക്കണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി. മാര്‍ച്ച് അഞ്ചിന് നടത്താന്‍ നിശ്ചയിച്ച പരീക്ഷ മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി. നീറ്റ് പ്രവേശന പരീക്ഷ ഏപ്രില്‍, മെയ് മാസത്തിലേക്ക് മാറ്റണമെന്നായിരുന്നു ഹര്‍ജിക്കാരുടെ ആവശ്യം.

18:45 (IST) 27 Feb 2023
ഇന്ത്യയില്‍ കാമ്പസ് തുറക്കാന്‍ ഓസ്ട്രേലിയയിലെ ഡീക്കന്‍ യൂണിവേഴ്സിറ്റി

ഇന്ത്യയിൽ കാമ്പസ് തുറക്കുന്ന ആദ്യ വിദേശ സർവകലാശാലയാവാൻ ഓസ്‌ട്രേലിയയിലെ ഡീക്കൻ യൂണിവേഴ്‌സിറ്റി. ഗുജറാത്തിലെ ഗിഫ്റ്റ് സിറ്റിയിലാണു സ്വതന്ത്ര ഓഫ്ഫോർ കാമ്പസ് തുറക്കുന്നതെന്ന് ഇന്ത്യൻ എക്‌സ്‌പ്രസിനു വിവരം ലഭിച്ചു. ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി നോർമൻ അൽബനീസിന്റെ അഹമ്മദാബാദ് സന്ദർശന വേളയിൽ മാർച്ച് എട്ടിന് ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും.

17:15 (IST) 27 Feb 2023
സി എം രവീന്ദ്രനെ മുഖ്യമന്ത്രി ചിറകിനു കീഴില്‍ ഒളിപ്പിച്ചെന്ന് കെ സുധാകരന്‍

ലൈഫ് മിഷന്‍ കോഴക്കേസില്‍ എന്‍ഫോഴ്സ്മെന്റെ ഡയറക്ടറേറ്റിന്റെ (ഇ ഡി)യുടെ ചോദ്യം ചെയ്യലിന് ഹാജരാക്കാതെ മുഖ്യമന്ത്രി പിണറായി വിജയന്‍ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയും മനഃസാക്ഷി സൂക്ഷിപ്പുകാരനുമായ സി എം രവീന്ദ്രനെ നിയമസഭയില്‍ തന്റെ ചിറകിനു കീഴില്‍ ഒളിപ്പിച്ചെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ എംപി.

16:33 (IST) 27 Feb 2023
ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ സി ബി ഐ കോടതിയിൽ ഹാജരാക്കി

ഡല്‍ഹി മദ്യനയക്കേസില്‍ അറസ്റ്റ് ചെയ്ത ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ സി ബി ഐ കോടതിയിൽ ഹാജരാക്കി. പ്രത്യേക സി ബി ഐ ജഡ്ജി എം കെ നാഗ്പാലിനു മുമ്പാകെ സിസോദിയയെ ഹാജരാക്കിയ സി ബി ഐ കസ്റ്റഡിയില്‍ ചോദ്യം ചെയ്യുന്നതിന് അഞ്ചു ദിവസം തേടി. മുതിർന്ന അഭിഭാഷകരായ ദയൻ കൃഷ്ണൻ, മൊഹിത് മാത്തൂർ, സിദ്ധാർഥ് അഗർവാൾ എന്നിവരാണു സിസോദിയയ്ക്കുവേണ്ടി ഹാജരാവുന്നത്.

15:05 (IST) 27 Feb 2023
മനീഷ് സിസോദിയയുടെ അറസ്റ്റ്: ഡല്‍ഹിയില്‍ എഎപി പ്രതിഷേധം

ഡല്‍ഹി മദ്യനയ അഴിമതി കേസില്‍ ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ സിബിഐ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ആംആദ്മി പാര്‍ട്ടി. ദീന്‍ ദയാല്‍ ഉപാധ്യായ (ഡിഡിയു) മാര്‍ഗിലെ ബിജെപി ആസ്ഥാനത്തിന് പുറത്ത് നടന്ന പ്രതിഷേധത്തിനിടെ അര്‍ദ്ധസൈനിക സേനയുമായി ഏറ്റുമുട്ടിയതിനെ തുടര്‍ന്ന് നിരവധി എഎപി അനുഭാവികളെ കസ്റ്റഡിയിലെടുത്തു. ഇവരെ പിരിച്ചുവിടാന്‍ ഉദ്യോഗസ്ഥര്‍ ലാത്തിച്ചാര്‍ജ് നടത്തി. സിസോദിയയെ ഉടന്‍ കോടതിയില്‍ ഹാജരാക്കും.

14:06 (IST) 27 Feb 2023
സഭയില്‍ പരസ്പരം വെല്ലുവിളിച്ച് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും

താന്‍ വീട്ടിലിരിക്കുന്നതാണ് നല്ലതെന്നു പറഞ്ഞ പ്രതിപക്ഷനേതാവിന് പഴയ വിജയനാണെങ്കില്‍ മറുപടി പറഞ്ഞേനേ എന്നായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകള്‍. പഴയ വിജയനെയും പുതിയ വിജയനെയും പേടിയില്ലെന്ന് വി.ഡി.സതീശന്‍ തിരിച്ചടിച്ചു. 

12:51 (IST) 27 Feb 2023
സംസ്ഥാനത്ത് ചൂട് കനക്കുമെന്ന് മുന്നറിയിപ്പ്

സംസ്ഥാനത്ത് ചൂട് കനക്കുമെന്ന് കാലാവസ്ഥ വിദഗ്ധര്‍. നാളെ തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലും മാര്‍ച്ച് ഒന്നിന് ഇടുക്കി, മലപ്പുറം ജില്ലകളിലും നേരിയ മഴയ്ക്ക് സാധ്യത ഉണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.

11:57 (IST) 27 Feb 2023
പയ്യന്നൂരിൽ അഭിഭാഷകൻ്റെ കാറും ബൈക്കും അടിച്ചു തകർത്തു

പയ്യന്നൂരിൽ റോഡ് വികസനത്തിന് സ്ഥലം വിട്ടു കൊടുക്കാതിരുന്ന അഭിഭാഷകൻ്റെ ബൈക്കും കാറും അക്രമികൾ അടിച്ചു തകർത്തു. ഇന്നലെ അർധരാത്രിയാണ് സംഭവം. അഭിഭാഷകനായ മുരളി പള്ളത്തിൻ്റെ ബൈക്കും കാറുമാണ് അക്രമികൾ അടിച്ചു തകർത്തത്.

11:49 (IST) 27 Feb 2023
നിയമസഭയിൽ കറുപ്പണിഞ്ഞ് പ്രതിപക്ഷ എംഎൽഎമാർ, പ്രതിഷേധങ്ങൾ തള്ളി മുഖ്യമന്ത്രി

കറുപ്പ് വസ്ത്രം ധരിച്ച് നിയമസഭയിലെത്തി കോൺഗ്രസിന്റെ യുവ എംഎൽഎമാർ. മുഖ്യമന്ത്രിയുടെ പരിപാടികളിൽ കറുത്ത വസ്ത്രം ധരിച്ചവരെ തടയുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്തതിൽ പ്രതിഷേധിച്ചാണ് മാത്യു കുഴൽനാടനും ഷാഫി പറമ്പിലും സഭയിലെത്തിയത്. പ്ലക്കാർഡുകളും ബാനറുകളുമായിട്ടാണ് കോൺഗ്രസ് എംഎൽഎമാർ ഇന്ന് സഭയിൽ എത്തിയത്. Read More

11:47 (IST) 27 Feb 2023
മേഘാലയ, നാഗാലാൻഡ് തിരഞ്ഞെടുപ്പ്: വോട്ടെടുപ്പ് തുടങ്ങി, ഫലപ്രഖ്യാപനം മാർച്ച് രണ്ടിന്

നാഗാലാൻഡ്, മേഘാലയ എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ആരംഭിച്ചു. രാവിലെ 7 മുതൽ വൈകീട്ട് 4 വരെയാണ് പോളിങ്. മാർച്ച് രണ്ടിനാണ് വോട്ടെണ്ണൽ. Red More

Web Title: Life mission llegation cm ravindran will not appear before the enforcement directorate today