ഇനി സ്വാതി അദ്ധ്യപികയല്ല. ലഫ്റ്റനന്റ് സ്വാതി സന്തോഷ് മഹാദിക് ആണ്. രാജ്യത്തിന് വേണ്ടി ധീരരക്തസാക്ഷിത്വം വഹിച്ച പട്ടാളക്കാരന്റെ ഭാര്യയെന്നല്ല, മറുപാതി ബാക്കിയാക്കിയ കർമ്മം ഏറ്റെടുത്ത തികഞ്ഞ രാജ്യസ്നേഹി എന്ന് തന്നെ അവരറിയപ്പെടും. കേണൽ സന്തോഷ് മഹാദികിന്റെ രക്തസാക്ഷിത്വത്തിന് രണ്ട് വർഷം തികയും മുൻപ് തന്നെ ഭാര്യ സ്വാതി ഇന്ത്യൻ സൈന്യത്തിൽ ലഫ്റ്റനന്റ് പദവിയിൽ ജോലിക്ക് ചേർന്നിരിക്കുന്നു.

“അദ്ദേഹത്തിന്റെ ആദ്യത്തെ പ്രണയം രാജ്യത്തോടും ആ യൂനിഫോമിനോടുമായിരുന്നു. പെട്ടെന്നൊരു ദിവസം വീട്ടിൽ യൂനിഫോം ഇല്ലാതെയായി”, സ്വാതി തന്റെ ഭർത്താവിന്റെ മരണത്തെ കുറിച്ച് ഓർത്തു. 2015 നവംബർ 18 ന് കാശ്മീരിൽ വച്ചാണ് 41ാം രാഷ്ട്രീയ റൈഫിൾസിലെ കമ്മാന്ററായിരുന്ന സന്തോഷ് മഹാദിക് തീവ്രവാദികളുടെ വെടിയേറ്റ് മരിച്ചത്.

പതിനാലുകാരിയായ മകളും എട്ട് വയസ്സുകാരനായ മകനും അച്ഛന്റെ ജീവത്യാഗത്തിന്റെ മൂല്യം മനസിലാക്കിക്കൊടുത്താണ് അമ്മയായ സ്വാതിയും പട്ടാളവേഷത്തിലേക്ക് മാറാനുറച്ചത്. ആ തീരുമാനം ധീരരക്തസാക്ഷിയുടെ രണ്ടാം ചരമ വാർഷികത്തിന് മുൻപ് തന്നെ യാഥാർത്ഥ്യമായി.

ഇന്ന് ചെന്നൈയിലെ ഓഫീസേഴ്സ് ട്രയിനിംഗ് അക്കാദമിയിൽ നിന്ന് പരിശീലനം പൂർത്തിയാക്കിയ 322 പേരിൽ ഒരാളാണ് സ്വാതി. 38 കാരിയായ സ്വാതി തന്റെ പാതിയോളം മാത്രം പ്രായമുള്ളവർക്കൊപ്പമാണ് ഒരു വർഷത്തോളം നീണ്ട പരിശീലനം പൂർത്തിയാക്കിയത്.

ഹൃദയാഘാതത്തെ തുടർന്ന് മരിച്ച ലാൻസ് നായക് മുകേഷ് കുമാർ ധുബേയുടെ ഭാര്യ നിധി ധുബെയും സ്വാതിക്കൊപ്പം പരിശീലനം പൂർത്തിയാക്കി. എട്ട് വർഷം മുൻപാണ് മുകേഷ് കുമാർ ധുബെ മരിച്ചത്. ഈ സമയത്ത് നിധി ഗർഭിണിയായിരുന്നു.

നിധിയും സ്വാതിയുമടക്കം 31 സ്ത്രീകളാണ് ഇന്ന് നടന്ന ഓഫീസേഴ്സ് പാസിംഗ് ഔട്ട് പരേഡിൽ പുറത്തിറങ്ങിയത്. സൈന്യത്തിലെ പുരുഷ മേൽക്കോയ്മയെ മറികടക്കുന്ന വിധത്തിലാണ് സ്ത്രീകളെ ഓഫീസേഴ്സ് പോസ്റ്റിൽ ഉൾപ്പെടുത്തിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ