ന്യൂഡല്‍ഹി: നിലവാരമില്ലാത്ത മരുന്നുകളുടെ നിര്‍മ്മാണം തടയുന്നതിന്റെ ഭാഗമായി കേന്ദ്ര-സംസ്ഥാന റെഗുലേറ്റര്‍മാര്‍ 76 ഫാര്‍മ കമ്പനികളില്‍ നടത്തിയ സംയുക്ത പരിശോധനയില്‍ വ്യാജവും മായം കലര്‍ന്നതുമായ മരുന്നുകള്‍ ഉല്‍പ്പാദിപ്പിച്ചതിന് 18 കമ്പനികളുടെ ലൈസന്‍സ് റദ്ദാക്കി. കഴിഞ്ഞ 15 ദിവസങ്ങളിലായി 20 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും പരിശോധന നടത്തിയിരുന്നു.
ഗുണനിലവാരമില്ലാത്ത മരുന്നുകളുടെ നിര്‍മാണത്തിനെതിരായ സ്പെഷ്യല്‍ ഡ്രൈവിന്റെ ആദ്യഘട്ടത്തില്‍ 76 കമ്പനികള്‍ക്കെതിരെ നടപടി സ്വീകരിച്ചതായി ഒരു വൃത്തങ്ങള്‍ അറിയിച്ചു. വ്യാജവും മായം കലര്‍ന്നതുമായ മരുന്നുകള്‍ നിര്‍മ്മിച്ചതിനും ജിഎംപി (മികച്ച നിര്‍മ്മാണ രീതി) ലംഘിച്ചതിനും 18 ഫാര്‍മ കമ്പനികളുടെ ലൈസന്‍സ് റദ്ദാക്കി. കൂടാതെ, 26 സ്ഥാപനങ്ങള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുകയും മൂന്ന് സ്ഥാപനങ്ങളുടെ ഉല്‍പ്പന്ന അനുമതിയും റദ്ദാക്കുകയും ചെയ്തിട്ടുണ്ട്, ”ഉദ്യോഗസ്ഥര്‍ പറഞ്ഞു.
സ്പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി റെഗുലേറ്റര്‍മാര്‍ 203 സ്ഥാപനങ്ങളെ കണ്ടെത്തിയിട്ടുണ്ട്. ഭൂരിഭാഗം കമ്പനികളും ഹിമാചല്‍ പ്രദേശ് (70), ഉത്തരാഖണ്ഡ് (45), മധ്യപ്രദേശ് (23) എന്നിവിടങ്ങളില്‍ നിന്നുള്ളവയാണ്. നേരത്തെ കഴിഞ്ഞ വര്‍ഷം ഗാംബിയയിലും ഉസ്‌ബെക്കിസ്ഥാനിലും നടന്ന കുട്ടികളുടെ മരണവുമായി ഇന്ത്യന്‍ നിര്‍മ്മിത ചുമ സിറപ്പുകള്‍ക്ക് ബന്ധമുണ്ടെന്ന് റിപോര്‍ട്ടകള്‍ പുറത്തുവന്നിരുന്നു.