ന്യൂഡൽഹി: ബജറ്റ് പ്രഖ്യാപനത്തിലെ പൊതുമേഖലാ ഓഹരികൾ വിൽക്കാനുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനത്തിൽ പ്രതിഷേധിച്ച് എൽഐസി ജീവനക്കാരുടെ പണിമുടക്ക് ഇന്ന് നടത്തും. ചൊവ്വാഴ്‌ച്ച ജീവനക്കാര്‍ ദേശവ്യാപകമായി ‘ഇറങ്ങിപ്പോക്ക് സമരം’ നടത്തുമെന്ന് ഓള്‍ ഇന്ത്യ ഇന്‍ഷുറന്‍സ് എംപ്ലോയീസ് അസോസിയേഷന്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. തങ്ങളുടെ എല്ലാ ഓഫീസുകളിലും പ്രകടനം നടത്തുന്നതായിരിക്കുമെന്നും എൽഐസി എംപ്ലോയീസ് അസോസിയേഷൻ അറിയിച്ചു.

2020-21 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് അവതരണത്തിലാണ് ധനമന്ത്രി നിർമ്മല സീതാരാമൻ രാജ്യത്തെ ഏറ്റവും വലിയ ഇൻഷുറൻസ് കമ്പനിയായ എല്‍ഐസി എന്ന ലൈഫ് ഇൻഷുറൻസ് കോർപ്പറേഷന്റെ ഓഹരി വില്‍പ്പന പ്രഖ്യാപനമുണ്ടായത്.

Read More: രാജ്യവ്യാപകമായി എന്‍ആര്‍സി നടപ്പാക്കാന്‍ തീരുമാനിച്ചിട്ടില്ലെന്നു കേന്ദ്രം

എൽഐസി ഓഹരി വിൽപ്പന ദേശതാത്പര്യത്തിന് വിരുദ്ധമാണെന്നും അടിസ്ഥാനസൗകര്യവികസനം, ഭവനനിർമാണം, സാമൂഹ്യ മേഖല തുടങ്ങിയവയ്ക്ക് സർക്കാരിന് പണം ആവശ്യമുള്ളപ്പോഴെല്ലാം തങ്ങൾ സഹായിക്കാറുണ്ടെന്നും ഇതിനെ വിറ്റഴിക്കുന്നതിലൂടെ പൊൻമുട്ടയിടുന്ന താറാവിനെ കൊല്ലുകയാണ് സർക്കാർ ചെയ്യുന്നതെന്നും ജീവനക്കാർ ആരോപിച്ചു.

അഞ്ച് കോടി രൂപയുടെ മൂലധന അടിസ്ഥാനമുള്ള എൽ‌ഐ‌സിയുടെ മൂല്യനിർണ്ണയ മിച്ചം 53,211.91 കോടി രൂപയും ലൈഫ് ഫണ്ട് 28.28 ലക്ഷം കോടി രൂപയും മാനേജുമെന്റിന് കീഴിലുള്ള ആസ്തി 31.11 ലക്ഷം കോടി രൂപയുമാണ്.

“രാജ്യത്തെ ഏറ്റവും വലിയ ധനകാര്യ സ്ഥാപനങ്ങളിലൊന്നായ എൽ‌ഐ‌സി സ്വകാര്യവത്കരിക്കാനുള്ള ഏതൊരു നീക്കവും സാധാരണക്കാരുടെ ആത്മവിശ്വാസം കെടുത്തുകയും അത് നമ്മുടെ സാമ്പത്തിക പരമാധികാരത്തിന് വിരുദ്ധമാവുകയും ചെയ്യും. സാമൂഹ്യമായും സാമ്പത്തികമായും പിന്നോക്കം നിൽക്കുന്നവർക്ക് ന്യായമായ ചിലവിൽ ഇൻഷുറൻസ് പരിരക്ഷ നൽകുകയെന്ന എൽഐസിയുടെ ഉദ്ദേശ്യം പരാജയപ്പെടുകയും സേവനത്തിൽ നിന്ന് ലാഭത്തിലേക്ക് എന്ന് മുദ്രാവാക്യം മാറുകയും ചെയ്യും,”പ്രസ്താവനയിൽ പറയുന്നു.

എന്നാൽ എൽഐസിയുടേയും പോളിസി എടുത്തവരുടേയും താത്പര്യങ്ങൾ സംരക്ഷിക്കപ്പെടുമെന്നു കേന്ദ്ര സഹമന്ത്രി അനുരാഗ് താക്കൂർ പറഞ്ഞു. അടുത്ത സാമ്പത്തിക വർഷത്തിന്റെ രണ്ടാം പകുതിയിൽ ഓഹരി വിൽപ്പന നടത്താമെന്ന് ധനകാര്യ സെക്രട്ടറി രാജീവ് കുമാർ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook