ന്യൂഡല്‍ഹി: സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കണമെന്ന ഹര്‍ജികളില്‍ സുപ്രീം കോടതി ഇന്നുമുതല്‍ വാദം കേള്‍ക്കും. ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുക. നഗരകേന്ദ്രീകൃത വരേണ്യ വര്‍ഗത്തിന്റെ കാഴ്ചപ്പാടാണ് സ്വവര്‍ഗ വിവാഹമെന്നാണ് കേന്ദ്രനിലപാട്.
2018ല്‍ സ്വവര്‍ഗരതിയെ ക്രിമിനല്‍ കുറ്റമാക്കിയ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 377-ാം വകുപ്പ് റദ്ദാക്കിക്കൊണ്ട്, എല്‍ജിബിടിക്യു കമ്മ്യൂണിറ്റിക്കെതിരായ ദുഷ്‌കീര്‍ത്തി കുറയ്ക്കാനും ഇല്ലാതാക്കാനും നടപടിയെടുക്കാന്‍ സുപ്രീം കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചിരുന്നു. സുപ്രീം കോടതി നിര്‍ദേശം വന്ന് ഏകദേശം അഞ്ച് വര്‍ഷത്തിന് ശേഷവും കുറഞ്ഞത് മൂന്ന് മന്ത്രാലയങ്ങളെങ്കിലും സ്വവര്‍ഗാനുരാഗികളുടെയും ലെസ്ബിയന്‍, ബൈസെക്ഷ്വല്‍ വ്യക്തികളുടെയും ക്ഷേമം തങ്ങളുടെ പരിധിയില്‍ വരുന്നില്ലെന്ന് പറയുകയാണ്.
വിവരാവകാശ നിയമപ്രകാരം ആഭ്യന്തര മന്ത്രാലയം, നിയമ-നീതി മന്ത്രാലയം, ഇന്‍ഫര്‍മേഷന്‍ ആന്റ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം എന്നിവയുടെ പ്രതികരണം ഇന്ത്യന്‍ എക്സ്പ്രസിന് ലഭിച്ചു. ഈ വിഷയം തങ്ങളുടെ പരിധിയില്‍ വരുന്നതല്ലെന്നാണ് മന്ത്രാലയങ്ങളുടെ പ്രതികരണം. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 377 ചോദ്യം ചെയ്ത ഹർജിക്കാരില്‍ ഒരാളായ അഖിലേഷ് ഗോഡിയാണ് വിവരാവകാശ രേഖ നല്‍കിയത്.
”ടെലിവിഷന്‍, റേഡിയോ, പ്രിന്റ്, ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന പൊതു മാധ്യമങ്ങളിലൂടെ ഈ വിധിക്ക് വ്യാപകമായ പ്രചാരണം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് ഞങ്ങള്‍ കരുതുന്നു. എല്ലാ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും, പ്രത്യേകിച്ച് പൊലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ, കേന്ദ്ര-സംസ്ഥാന ഉദ്യോഗസ്ഥര്‍ക്ക് ഇത്തരം ആളുകളുടെ ദുരവസ്ഥയെക്കുറിച്ച് ആനുകാലിക ബോധവല്‍ക്കരണവും ബോധവല്‍ക്കരണ പരിശീലനവും നല്‍കും.” സുപ്രീം കോടതി ഉത്തരവില്‍ പറഞ്ഞിരുന്നു.
2021 ഏപ്രിലില്‍, വിവരാവകാശ ചോദ്യത്തിന് മറുപടിയായി പ്രശ്‌നം പരസ്യപ്പെടുത്താന്‍ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം പറഞ്ഞു. ‘പ്രസാര്‍ ഭാരതിക്ക് നിയമകാര്യ വകുപ്പില്‍ നിന്ന് നിര്‍ദേശങ്ങളൊന്നും ലഭിച്ചിട്ടില്ല. മാത്രമല്ല, ടെലിവിഷന്‍ റേഡിയോ, അച്ചടി, ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ഉള്‍പ്പെടെയുള്ള പൊതു മാധ്യമങ്ങളിലൂടെയുള്ള പ്രചാരണം ഉള്‍പ്പെടെ കോടതിയുടെ നിര്‍ദേശങ്ങള്‍ പ്രാബല്യത്തില്‍ വരുത്തേണ്ടത് ആ മന്ത്രാലയമാണ്. അതിനാല്‍ പ്രസാര്‍ ഭാരതിയില്‍ ഒരു വിവരവും ലഭ്യമല്ല,” മറുപടിയില്‍ പറയുന്നു.
1961 ലെ ഗവണ്‍മെന്റ് ഓഫ് ഇന്ത്യ (അലോക്കേഷന്‍ ഓഫ് ബിസിനസ്) ചട്ടങ്ങള്‍ അനുസരിച്ച്, 2016 മുതല്‍ ‘ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളുടെ ക്ഷേമ’ത്തിനുള്ള നോഡല്‍ മന്ത്രാലയം സാമൂഹിക നീതി, ശാക്തീകരണ മന്ത്രാലയമാണ്. എന്നാല്‍ ഗേ, ലെസ്ബിയന്‍, ബൈസെക്ഷ്വല്‍ വ്യക്തികളുടെ പ്രശ്‌നം നിയമങ്ങളില്‍ കാണുന്നില്ല.
സെക്ഷന്‍ 377 കേസില്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കേന്ദ്രത്തിന് വേണ്ടി ഹാജരാകുകയും സര്‍ക്കാര്‍ വിഷയം കോടതിയുടെ വിവേകത്തിന് വിടുമെന്ന് വാദിക്കുകയും ചെയ്തിരുന്നു. ആഭ്യന്തര മന്ത്രാലയം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍, സ്വവര്‍ഗരതി കുറ്റകരമാക്കുന്ന ശിക്ഷാ വ്യവസ്ഥയുടെ ഭരണഘടന സാധുതയെ കേന്ദ്രം പ്രതിരോധിച്ചില്ല. എന്നിരുന്നാലും, 2021 ജൂലൈയില്‍, സുപ്രീം കോടതിയുടെ നിര്‍ദേശങ്ങള്‍ നടപ്പിലാക്കുന്നതില്‍ സംസ്ഥാനങ്ങള്‍ ഉത്തരവാദപ്പെട്ടവരാണെന്ന് ആഭ്യന്തര മന്ത്രാലയം പ്രതികരിച്ചു. ”ഇതുമായി ബന്ധപ്പെട്ട്, ക്രിമിനല്‍ നിയമങ്ങള്‍ ഇന്ത്യന്‍ ഭരണഘടനയുടെ കണ്‍കറന്റ് ലിസ്റ്റിലാണെന്നും അവ സംസ്ഥാനങ്ങള്‍ നടപ്പാക്കുന്നുവെന്നും അറിയിക്കുന്നു,” മന്ത്രാലയം പറഞ്ഞു. 2018 ലെ നവ്തേജ് സിംഗ് ജോഹര്‍ വേഴ്‌സസ് ലോ ആന്‍ഡ് ജസ്റ്റിസ് മന്ത്രാലയം എന്ന പേരില്‍ കേസിലെ പ്രതിഭാഗം ആയിരുന്ന നിയമ മന്ത്രാലയം, ഈ കേസുമായി തങ്ങള്‍ക്ക് ബന്ധമില്ലെന്ന് പ്രതികരിച്ചു.
”സുപ്രീം കോടതിയുടെ മുമ്പാകെയുള്ള മേല്‍പ്പറഞ്ഞ കേസിലെ വിഷയം ഈ മന്ത്രാലയത്തിന്റെ അല്ലെങ്കില്‍ വകുപ്പിന്റെ നേരിട്ടുള്ള പ്രശ്‌നമാണെന്ന് തോന്നുന്നില്ല, എന്നാല്‍ കേസില്‍ എതിര്‍കക്ഷികളില്‍ പ്രധാനിയായി മന്ത്രാലയത്തെ കാണിക്കുന്നു. മറ്റേതെങ്കിലും മന്ത്രാലയം ഈ കേസ് വാദിച്ചിരിക്കാന്‍ സാധ്യതയുണ്ട്, പക്ഷേ ടൈറ്റിലില്‍ ഈ മന്ത്രാലയത്തിന്റെ പേര് അബദ്ധത്തില്‍ പരാമര്‍ശിച്ചതാകാം,” നിയമ മന്ത്രാലയം വ്യക്തമാക്കി.